
ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുമ്പൊരു ജൂലൈ മാസത്തിൽ തീയേറ്ററുകളിൽ ഒരു 'വിളവെടുപ്പ്' നടന്നു. നല്ല മധുരമൂറുന്ന 'തണ്ണീർമത്തന്റെ' വിളവെടുപ്പ്. ഒരുകൂട്ടം പുതുമുഖങ്ങൾ അണിയറയിലും അരങ്ങത്തും ഒന്നിച്ച ആ 'തണ്ണീർമത്തൻ കൃഷി' അവരെ തന്നെ ഞെട്ടിച്ച് വൻ നേട്ടം കൊയ്തു. പറഞ്ഞുവരുന്നത് തണ്ണീർമത്തൻ ദിനങ്ങളെന്ന ചിത്രത്തെപ്പറ്റിയാണ്.
രണ്ട് വർഷങ്ങൾക്കിപ്പുറം ആ സിനിമയുടെ വിജയം നൽകിയ ഹാങ്ങോവറിനെക്കുറിച്ച് ചോദിക്കുമ്പോൾ ചെറിയ പേടിയുണ്ടെന്നാണ് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ ഡിനോയ് പൗലോസിന്റെ വാക്കുകൾ. തണ്ണീർമത്തൻ ദിനങ്ങളിലെ നായകൻ ജെയ്സന്റെ ചേട്ടൻ, കൗണ്ടറുകൾ കൊണ്ട് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ജോയ്സൺ. ഒരു താറാവിനെ മേടിക്കാൻ ഇറങ്ങി പണി വാങ്ങിയ അതേ വ്യക്തി.
ഡിനോയ് ആദ്യമായി നായകനാവുന്ന പത്രോസിന്റെ പടപ്പുകൾ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ കഥയും ഡിനോയുടേത് തന്നെ. പത്രോസും പടപ്പുകളും പ്രേക്ഷകരിലേക്കെത്തുന്ന വേളയിൽ ഡിനോയ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു
പത്രോസും പടപ്പുകളും
കോമഡി ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. പത്രോസിന്റെ മക്കളാണ് ആ പടപ്പുകൾ. അതിലൊരാളാണ് ഞാൻ. ടോണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അവന്റെ കുടുംബം ജീവിതത്തിലെ ചില ഏടുകൾ എന്നിവയൊക്കെയാണ് ചിത്രത്തിൽ വരുന്നത്.ആദ്യ കൊറോണ ബ്രേക്കിന്റെ സമയത്താണ് ചിത്രത്തിന്റെ കഥ ഞാൻ എഴുതുന്നത്. തിയേറ്ററുകൾ തുറക്കുമ്പോൾ എല്ലാവർക്കും ചിരിച്ച് ആസ്വദിക്കാൻ പറ്റണം എന്ന ഉദ്ദേശത്തിൽ എഴുതിയ ചിത്രമാണിത്. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ എഴുതി തുടങ്ങിയത് തന്നെ. ഇതിന് മുമ്പ് ഞാൻ നായകനായി ഒരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ആദ്യം നായകനായി പുറത്തിറങ്ങുന്ന ചിത്രം ഇതാകും. എഴുതിക്കഴിഞ്ഞപ്പോൾ എന്റെ രീതികളുമൊക്കെയായി ചേരുന്ന കഥാപാത്രമാണ് ടോണി എന്ന് തോന്നി. നിർമാതാക്കളോട് സംസാരിച്ചപ്പോൾ അവർക്കും ഓക്കെ. അങ്ങനെയാണ് നായകനാവുന്നത്. കുറച്ച് എക്സ്പിരീമെന്റൽ ആയ ചിത്രമാണ്. അതെടുക്കാൻ നിർമാതാക്കളായ മരിക്കാര്‍ എന്റര്‍ടെയിന്‍മെന്റ്സ് കാണിച്ച ധൈര്യം എടുത്ത് പറയേണ്ടതാണ്. നല്ല അടിപൊളി ടീമാണ്.
ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയാണ്, കഥാപശ്ചാത്തലമാണ് പത്രോസിന്റെ പടപ്പുകളുടേത്. അഭിനയത്തേക്കാളുപരി ഡബ്ബിങ്ങാണ് ഞാൻ ശരിക്കും ആസ്വദിച്ച് ചെയ്തത്. ചിത്രീകരണ സമയത്തെല്ലാം വലിയ ടെൻഷനാണല്ലാ. എന്നെ സംബന്ധിച്ച് വലിയ ഹെക്ടിക് ആയ ജോലിയാണ് അഭിനയം. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങ് അത്രയ്ക്ക് ആസ്വദിക്കാനായില്ല. പക്ഷേ ഡബ്ബിങ്ങ് ശരിക്കും ആസ്വദിച്ചു. ഞാനിഷ്ടപ്പെടുന്ന സിനിമ ഇങ്ങനെയുള്ളതാണ്. സുരേഷ് കൃഷ്ണ, നസ്ലിൻ, ഷറഫുദ്ധീൻ, ഷൈനി സാറ, ആലീസ്, രഞ്ജിത, സിബി സർ തുടങ്ങി വലിയ താരനിരയുണ്ട്.
തണ്ണീർമത്തന്റെ ഹാങ്ങോവർ
തണ്ണീർമത്തൻ ദിനങ്ങളുടെ ഹാങ്ങോവർ ഇന്നും ഉണ്ട് എന്നുള്ളത് എനിക്ക് ശരിക്കും പേടിയാണ്. അന്നത് വലിയ സന്തോഷം നൽകിയിരുന്നു എങ്കിലും ഇന്ന് ഒരു നടനെന്ന നിലയിലും രചയിതാവെന്ന നിലയിലും ആ സിനിമയുടെ സ്വീകാര്യത എനിക്ക് വലിയ വെല്ലുവിളിയാണ്. തണ്ണീർമത്തൻ ഇത്ര വലിയ വിജയമാകുമെന്ന് അന്ന് കരുതിയിരുന്നില്ല,. എങ്കിലും നല്ലൊരു ചിത്രമാണ് എല്ലാവർക്കും ഇഷ്ടമാവുമെന്ന് ഉറപ്പുണ്ടായിരുന്നു.
തണ്ണീർമത്തൻ ദിനങ്ങളിലെ ചേട്ടനാണല്ലോ എഴുതിയത് എങ്കിൽ ഈ പടവും അതുപോലെ തന്നെ അടിപൊളിയാകും എന്നൊക്കെ പത്രോസിന്റെ പടപ്പുകളുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. ആളുകൾക്ക് വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഒരിക്കലും തണ്ണീർമത്തനുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു ചിത്രമാണിത്. അത് പ്രതീക്ഷിച്ച് തീയേറ്ററിലെത്തിയാൽ പ്രേക്ഷകർ നിരാശപ്പെടുമോ എന്നൊന്നും എനിക്കറിയില്ല. മുൻവിധികൾ ഇല്ലാതെ ഒരു പുതിയ ചിത്രമെന്ന രീതിയിൽ തീയേറ്ററിൽ വന്നു കണ്ടാൽ നിങ്ങൾക്ക് ഈ പടപ്പുകളെ ഇഷ്ടമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഞാനും ഗിരീഷും ചേർന്ന് അടുത്ത ചിത്രമെന്നാണെന്ന് പലരും ചോദിക്കുന്നുണ്ട്. അത് സംഭവിക്കേണ്ടപ്പോൾ നടക്കും എന്നേ പറയാനുള്ളൂ. കാരണം ഞങ്ങൾ രണ്ട് പേരും രണ്ട് വഴികളിലായി, തിരക്കുകളിലായി. അവൻ നല്ലൊരു കഥാകൃത്താണ്, നല്ല സംവിധായകനാണ്. എനിക്ക് കൂടുതൽ താത്പര്യം അഭിനയം തന്നെയാണ്. നേരത്തെ പറഞ്ഞപോലെ അഭിനയിക്കാൻ വേണ്ടി എഴുതി തുടങ്ങിയതാണ് ഞാൻ.
അനശ്വര, നസ്ലിൻ, മാത്യൂസ്
അവരെല്ലാം മികച്ച അഭിനേതാക്കളാണ്. അനശ്വരയൊക്കെ നല്ല കഴിവുള്ള അഭിനേത്രിയാണെന്ന് അന്നേ അറിയാമായിരുന്നു. നസ്ലിനൊക്കെ നല്ല ഭാവിയുണ്ടെന്ന് ഓഡിഷൻ സമയത്ത് തന്നെ മനസിലാക്കിയതാണ്. അതുപോലെ മാത്യുവും മികച്ചൊരു നടനാണ്. അവർ സിനിമയുടെ മുൻനിരയിലേക്ക് വരാനുള്ള എല്ലാ കഴിവും ഉള്ളവർ തന്നെയാണ്. ഇന്ന് അതുപോലെ വേറെയും ഒരുപാട് മികച്ച പുതുമുഖ കലാകാരന്മാർ ആ ചിത്രത്തിലുണ്ടായിരുന്നു.
സിനിമയിലെ പന്ത്രണ്ട് വർഷങ്ങൾ
വൈപ്പിൻ എടവനക്കാട് എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഇത് സിനിമാ ഇൻഡസ്ട്രിയിൽ എന്റെ പന്ത്രണ്ടാമത്തെ വർഷമാണ്.സ്കൂൾ കാലത്ത് നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. അന്നേരമാണ് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന ആഗ്രഹം തോന്നുന്നത്. അതിലേക്കുള്ള വഴി എങ്ങനെയാണെന്ന രൂപമില്ലാത്തത് കൊണ്ട് തന്നെ ആ ആഗ്രഹം മനസിൽ തന്നെ കുഴിച്ചു മൂടി. പിന്നീട് ജോലിയൊക്കെ ചെയ്തു തുടങ്ങിയ സമയത്ത് ഒരു വിരസത തോന്നിത്തുടങ്ങി. ആ സമയത്ത് എന്റെ മാനേജറായിരുന്ന വ്യക്തിക്ക് സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലൊരു കൈ നോക്കാമെന്ന് തീരുമാനിക്കുന്നത്. ജൂനിയർ ആർടിസ്റ്റ് ആയും അസിസ്റ്റന്റ് ഡയറക്ടറായും ഒക്കെ പ്രവർത്തിച്ചു. ബ്ലാക്ക് ടിക്കറ്റ് എന്ന ചിത്രത്തിലാണ് ആദ്യം അസിസ്റ്റ് ചെയ്യുന്നത്. അതിലൊരു ചെറിയ വേഷവും ചെയ്തു. അങ്ങനെ ചെറിയ ചെറിയ പരിപാടികൾ ഒക്കെയായി സിനിമയ്ക്കൊപ്പം ഉണ്ടായിരുന്നു.
എഴുത്ത്, അഭിനയം ഇനി സംവിധാനം ?
സംവിധാനത്തെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നേയില്ല. ഇറങ്ങാനുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. അതല്ലേ ഞാനിനി അഭിനയിക്കണോ എഴുതണോ എന്നൊക്കെ തീരുമാനിക്കുന്നത് തന്നെ. വിശുദ്ധ മെജോ എന്നാണ് പുതിയ പ്രൊജക്ടിന്റെ പേര് ഞാൻ തന്നെയാണ് എഴുതിയിരിക്കുന്നത്. ഞാൻ തന്നെയാണ് നായകനും. ഈയടുത്താണ് ഷൂട്ട് കഴിഞ്ഞത്. ലിജോ മോൾ, മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. പ്ലാൻ ജെ സ്റ്റുഡിയോ ആണ് നിർമാണം. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിൽ എന്റേത്. പ്രതീക്ഷയോടെയാണ് ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
Content Highlights: Dinoy Paulose, Pathrosinte Padappukal, Thanneer Mathan Dinangal
Published: 08 Mar 2022, 03:21 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented