
1968 ഡിസംബര്‍ 12-നാണ് കണ്ണൂര്‍ ഏഴിലോട് സ്വദേശി പണ്ടാരവളപ്പില്‍ കൃഷ്ണന്‍ (തിരുവാതിര കൃഷ്ണന്‍) ആദ്യമായി യുഎഇയില്‍ കാലുകുത്തിയത്. എന്നുവെച്ചാല്‍ യുഎഇയുടെ പിറവിക്കും മുന്‍പ്. 19-ാമത്തെ വയസ്സില്‍ പ്രവാസം തുടങ്ങി, ഇപ്പോള്‍ പ്രായം 76. കൃഷ്ണന് യുഎഇ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയിട്ട് ഇപ്പോള്‍ 50 വര്‍ഷം പൂര്‍ത്തിയായി. അങ്ങനെയുള്ള അപൂര്‍വം പ്രവാസി മലയാളികളില്‍ ഒരാളാണ് താനെന്ന അഭിമാനവും സന്തോഷവും കൃഷ്ണന്‍ പങ്കുവെയ്ക്കുന്നു.
1975 ഓഗസ്റ്റ് 31-നാണ് അജ്മാനില്‍വെച്ച് ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് നേടിയത്. ഇന്നത്തെപ്പോലെ ഏതു എമിറേറ്റിലാണോ വിസ, അവിടുന്നുതന്നെ ഡ്രൈവിങ് ലൈസന്‍സ് നേടണമെന്ന നിയമം അന്നുണ്ടായിരുന്നില്ല. യുഎഇയില്‍ എവിടെനിന്നും പരിശീലിച്ച് ലൈസന്‍സ് നേടാം. ജോലിചെയ്തിരുന്ന ദുബായിലെ ഗാരേജില്‍വെച്ച് കൃഷ്ണന്‍ ഡ്രൈവിങ് നന്നായി പഠിച്ചിരുന്നു. അതിനാല്‍ ലൈസന്‍സിനുള്ള പരീക്ഷയ്ക്കുമുന്‍പ് കാര്യമായ പരിശീലനമൊന്നും അക്കാലത്ത് ആവശ്യമായി വന്നില്ല.
പാര്‍ക്കിങ് അടക്കമുള്ള പ്രാഥമിക പരീക്ഷകളെല്ലാം അന്നത്തെ അജ്മാന്‍ പോലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ തന്നെയായിരുന്നു. ലൈസന്‍സ് ലഭിക്കാനുള്ള അവസാനവട്ട റോഡ് പരീക്ഷ അജ്മാന്‍ പോലീസ് സ്റ്റേഷന്‍ സമീപത്തായിരുന്നുവെന്നും കൃഷ്ണന്‍ ഓര്‍ക്കുന്നു. ആദ്യപരീക്ഷയില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ സാധിച്ചു. ഒരു പരീക്ഷയ്ക്ക് 35 ദിര്‍ഹമായിരുന്നു അന്നത്തെ നിരക്ക്.
അറബിക് ഭാഷയിലുള്ള കൈയെഴുത്ത് പുസ്തകമായിരുന്നു ആദ്യകാലത്തെ യുഎഇ ഡ്രൈവിങ് ലൈസന്‍സ്. ലൈസന്‍സിനായി ദുബായിലെ സ്റ്റുഡിയോയില്‍ നിന്നെടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും സ്റ്റേഷനില്‍ കൊടുത്തു. അജ്മാന്‍ പോലീസ് സ്റ്റേഷനില്‍വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണന് ആദ്യത്തെ ഡ്രൈവിങ് ലൈസന്‍സ് സമ്മാനിക്കുന്നത്. ജീവിതസന്തോഷങ്ങളില്‍ അന്നത്തെ ദിവസവും ചേര്‍ത്തുവെയ്ക്കുകയാണ് കൃഷ്ണന്‍.
ആദ്യത്തെ ലൈസന്‍സിന് ഒരുവര്‍ഷമായിരുന്നു കാലാവധി. പിന്നീട് മൂന്നും അഞ്ചും പത്തും വര്‍ഷമായി. 1968 മോഡല്‍ ഓസ്റ്റന്‍ മിനി മോക്ക് ആയിരുന്നു ആദ്യമോടിച്ച വാഹനമെന്നും കൃഷ്ണന്‍ ഓര്‍ക്കുന്നു. കണ്ണടച്ചുതുറക്കും വേഗത്തിലുള്ള യുഎഇയുടെ വളര്‍ച്ച കണ്ടുകൊണ്ടിരിക്കുകയാണ് ഈ ആദ്യകാല പ്രവാസി.
ഗാരേജില്‍ തുടങ്ങിയ ജീവിതം അതേ ഗാരേജിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 1980-മുതല്‍ ദുബായില്‍ സ്വന്തമായി സംരംഭം നടത്തുകയാണ്. 2023 ഡിസംബറില്‍ കൃഷ്ണന്റെ ഭാര്യ ലളിത ദുബായില്‍വെച്ച് മരിച്ചു. പ്രഭാത് കൃഷ്ണന്‍, പ്രവീണ്‍ കൃഷ്ണന്‍, പ്രിയ കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
Content Highlights: 50 Years Behind the Wheel: A UAE Driving License Milestone for Early Expat
Published: 28 Aug 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented