പഴയ വാഹനങ്ങള്‍ക്ക് ആളുകള്‍ പൊന്നും വില കൊടുത്ത് സ്വന്തമാക്കുന്നത് കണ്ടിട്ടുള്ളത് രണ്ട് വാഹനങ്ങളുടെ കാര്യത്തിലാണ്. ഒന്ന് പഴയ ബുള്ളറ്റ് ബൈക്കുകൾ. മറ്റൊന്ന് ഹോണ്ടയുടെ സിറ്റി എന്ന സെഡാന്‍. പഴകുംതോറും വീര്യം കൂടുന്ന ചിലതൊക്കെ ഈ വാഹനങ്ങളില്‍ ഉണ്ടെന്നതാണ് ആളുകള്‍ ഇവയെ തിരഞ്ഞുപിടിച്ച് സ്വന്തമാക്കുന്നതിനുള്ള കാരണം. വാഹനങ്ങളിലെ രൂപമാറ്റവും അലങ്കാരങ്ങളും അംഗീകരിക്കണമെന്ന് മുറവിളി കൂട്ടുന്ന ഈ കാലത്ത് വാഹനം ഇറങ്ങിയപ്പോള്‍ എങ്ങനെയിരുന്നോ അതുപോലെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും ഈ പറഞ്ഞ രണ്ട് വാഹനങ്ങളുടെയും കാര്യത്തില്‍ ശരിയാണ്. ഇനി ബുള്ളറ്റിനെ മാറ്റി നിര്‍ത്തി ഹോണ്ട സിറ്റിയിലേക്ക് മാത്രം പോകാം.

To advertise here,

ഹോണ്ട സിറ്റി എന്ന വാഹനത്തെ കുറിച്ച് ഓര്‍ക്കാന്‍ ഇപ്പോള്‍ എന്താണ് പ്രസക്തി എന്ന് ചോദിച്ചാല്‍, രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണെന്ന് പറയാം. അതായത് ഹോണ്ട എന്നതിനെക്കാള്‍ സിറ്റി എന്ന ബ്രാന്റ് ഇന്ത്യന്‍ നിരത്തുകളുമായി ചേര്‍ന്നിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കാറുകള്‍ക്ക് ഇന്ന് കാണുന്ന ജനകീയത കൈവന്നിട്ടില്ലാത്ത തൊണ്ണൂറുകളുടെ അവസാനത്തില്‍ വിപണിയിലെത്തി അഞ്ച് തലമുറകള്‍ പിന്നിട്ട്, കാല്‍ നൂണ്ടാണ്ടിന്റെ പാരമ്പര്യത്തില്‍ വിളങ്ങി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റി എന്ന സെഡാന്‍. ആദ്യ തലമുറ മുതല്‍ ഏറ്റവുമൊടുവില്‍ എത്തിയ അഞ്ചാം തലമുറ വരെയുള്ള വാഹനങ്ങള്‍ക്ക് വരെ ഇപ്പോഴും വലിയ ഡിമാന്റ്. ഇന്ത്യയില്‍ മറ്റൊരു വാഹനത്തിന് അവകാശപ്പെടാനില്ലാത്ത അംഗീകാരമാണിത്.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലേക്കുള്ള എന്‍ട്രി സിറ്റി എന്ന സെഡാനിലൂടെയാണ്. തൊണ്ണൂറുകളിലാണ് വരുന്നതെങ്കില്‍ പോലും സിറ്റിക്ക് കൃത്യമായി മോണോപൊളി സ്ഥാപിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമായിരുന്നില്ല ഇന്ത്യന്‍ വാഹന വിപണിയിലെ സെഡാന്‍ ശ്രേണിയില്‍ ഉണ്ടായിരുന്നത്. അക്കാലത്തെ പ്രീമിയം വാഹനങ്ങളായ 1994-ല്‍ എത്തിയ മാരുതി സുസുക്കി എസ്റ്റീം, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായിരുന്ന ദെയ്‌വൂവില്‍നിന്ന് 1995-ല്‍ ഇന്ത്യയില്‍ എത്തിയ സിലോ, അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡില്‍നിന്ന് 1996-ല്‍ എത്തിയ എസ്‌കോര്‍ട്ട്, 1998-ല്‍ എത്തിയ മിറ്റ്സുബിഷി ലാന്‍സര്‍ എന്നീ വാഹനങ്ങള്‍ ഹോണ്ട സിറ്റിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യം അറിയിച്ച സെഡാന്‍ മോഡലുകളായിരുന്നു.

ഹോണ്ട ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശിക്കുന്നത്‌ 1998-ല്‍ ആണെങ്കിലും ഹോണ്ടയുടെ വാഹനങ്ങള്‍ 1980-കളുടെ അവസാനത്തോടെ തന്നെ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ എത്തിയിരുന്നു. സിവിക്, അക്കോര്‍ഡ് തുടങ്ങിയ വാഹനങ്ങളാണ് എണ്‍പതുകളുടെ അവസാനത്തോടെയും തൊണ്ണൂറുകളുടെ ആദ്യവും എത്തിയിട്ടുള്ളത്. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന് അടിത്തറ പാകാന്‍ ഈ വാഹനത്തിന്റെ വരവോടെ സാധിച്ചിട്ടുണ്ട്. മുമ്പേ എത്തിയിട്ടുള്ള വാഹനങ്ങള്‍ തുറന്നിട്ട വഴിയിലൂടെ 1998-ലെ ഓട്ടോ എക്സ്പോയിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയില്‍ എത്തുന്നത്. ഇന്നും ലെജന്‍ഡ് ആയി നില്‍ക്കുന്ന സിറ്റിയിലേറിയാണ് ഹോണ്ട ഇന്ത്യയില്‍ എത്തിയതെന്നതാണ് കൗതുകം.

എന്തുകൊണ്ട് സിറ്റി ആഘോഷിക്കപ്പെടുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ ഓരോ കാലഘട്ടത്തിലും ഏതാനും ചില വാഹനങ്ങള്‍ മാത്രമാണ് ആഘോഷിക്കപ്പെട്ടിട്ടുള്ളത്. എൺപതുകളുടെ അവസാന കാലത്ത്‌ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ കോണ്ടസ്സ അല്ലെങ്കില്‍ ഫിയറ്റ് 118 എന്‍.ഇ. തുടങ്ങിയ മോഡലുകളായിരുന്നു താരങ്ങള്‍. എന്നാല്‍, തൊണ്ണൂറുകളില്‍ ഉടനീളം എസ്റ്റീം മുതല്‍ ലാന്‍സര്‍, സിറ്റി തുടങ്ങിയ വാഹനങ്ങളും നിരത്തുകളില്‍ വിലസിയിരുന്നു. അക്കാലത്ത് സിറ്റിയോട് മത്സരിച്ചിരുന്ന എതിരാളികളില്‍ ഒരാള്‍ പോലും ഇന്ന് നിരത്തുകളില്‍ അവശേഷിക്കുന്നില്ലെന്നതാണ് സിറ്റി എന്ന സെഡാന്‍ ഇത്രയധികം ആഘോഷക്കപ്പെടാനുള്ള കാരങ്ങളില്‍ ഒന്ന്. മറ്റൊന്ന് സിറ്റിയുടെ നിര്‍മാതാക്കളായ ഹോണ്ട തന്നെ സിറ്റിക്ക് പിന്നാലെ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ചെങ്കിലും തലമുറകള്‍ അഞ്ചു തവണ മാറി ഹോണ്ട ഒരു അഭിമാന ചിഹ്നം പോലെ നിലനിര്‍ത്തിയിരിക്കുന്നത്‌ സിറ്റി മാത്രമാണെന്നുള്ളതാണ്.

കഴിഞ്ഞ 25 വര്‍ഷവും ഒരു പേരിന് വിപണിയില്‍ പിടിച്ചുനിന്ന വാഹനമല്ല ഹോണ്ട സിറ്റി. ഇക്കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മിച്ച സിറ്റിക്ക് രാജ്യത്തിനകത്തും പുറത്തുമായി പത്ത് ലക്ഷത്തോളം  ഉപയോക്താക്കളുടെ പിന്തുണയാണ് അവകാശപ്പെടാനുള്ളത്. കോംപാക്ട് എസ്.യു.വിയുടെ വരവോടെ സെഡാന്‍ വാഹനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയിട്ടും ഇതിന് ഒരു അപവാദമായി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റിയെന്നതാണ് വസ്തുത. ഇതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ളതും വില്‍പ്പനയുള്ളതുമായ സെഡാന്‍ എന്ന ഖ്യാതി ഈ വാഹനത്തിനുള്ളത്.

placeholder
.
ഹോണ്ട സിറ്റി ഒന്നാം തലമുറ മോഡല്‍ | Photo: Honda India

സിറ്റി നിരത്തിലേക്ക്

1998-ലാണ് ഹോണ്ടയുടെ സെഡാന്‍ മോഡലായ സിറ്റി ആദ്യമായി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1998 മുതല്‍ 2003 വരെയാണ് ആദ്യ തലമുറ സിറ്റി എന്ന വിശേഷിപ്പിക്കുന്ന ഈ വാഹനം ഇന്ത്യയില്‍ വിറ്റഴിച്ചത്. കാറുകള്‍ അത്രകണ്ട് പോപ്പുലര്‍ ആയട്ടില്ലാത്ത ഈ കാലത്ത് സിറ്റിയുടെ 59,378 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആറാം തലമുറ 'സിവിക്കി'ന്റെ അടിസ്ഥാനമാക്കിയായിരുന്നു ഇന്ത്യയിലെ ആദ്യ സിറ്റിയുടെ നിര്‍മാണം. സാധാരണ ആളുകള്‍ക്ക് ഈ വാഹനം ഇഷ്ടപ്പെട്ടെങ്കിലും ഏറ്റവും പ്രചാരം നേടിയത് വേഗത ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയിലായിരുന്നു. 106 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന വിടെക് ഹൈപ്പര്‍ 16 വാല്‍വ് പെട്രോള്‍ എന്‍ജിനാണ് റേസിങ്ങ് പ്രേമികളെ സിറ്റിയിലേക്ക് ആകര്‍ഷിച്ചത്. അക്കാലത്ത് ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള എന്‍ജിനുകളിലൊന്നായിരുന്നു ഇത്.

placeholder
.
ഹോണ്ട സിറ്റി രണ്ടാം തലമുറ മോഡല്‍ | Photo: Honda India

പ്രതാപകാലം

അഞ്ച് വര്‍ഷത്തെ കൃത്യമായ ഇടവളകളിലാണ് ഹോണ്ട സിറ്റിയില്‍ തലമുറ മാറ്റം സംഭവിച്ചിരുന്നത്. ഇതിനിടയില്‍ ഒരു തവണ മുഖംമിനുക്കല്‍ എന്ന കീഴ്വഴക്കവും ഹോണ്ട തെറ്റിച്ചിരുന്നില്ല. ഹോണ്ട സിറ്റിയുടെ ആദ്യതലമുറ എത്തി ഈ ശ്രേണിയിലേക്കുള്ള വഴി തെളിക്കുകയും ഭേദപ്പെട്ട വില്‍പ്പന കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍, സിറ്റി അതിന്റെ ഉഗ്രപ്രതാപം കൈവരിച്ചത് രണ്ടാം തലമുറ മോഡലിന്റെ എന്‍ട്രിയോടെയാണ്. ആദ്യതലമുറയില്‍ നിന്ന് രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയാണ് രണ്ടാം തലമുറയുടെ വരവ്. വാഹനപ്രേമികളുടെ ഇഷ്ടം വേണ്ടത്ര നേടിയില്ലെങ്കിലും വിപണിയില്‍ ഈ ഡിസൈന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കാറിന്റെ മധ്യഭാഗത്തായി ഫ്യുവല്‍ ടാങ്ക് നല്‍കി ഹോണ്ട ജാസിന്റെ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ ഒരുങ്ങിയത്. 2003 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷമായിരുന്നു രണ്ടാം തലമുറ സിറ്റിയുടെ കാലഘട്ടം. കാര്‍ കൂടുതല്‍ വിശാലമായതിനൊപ്പം മൈലേജിലും വര്‍ധന വരുത്തിയാണ് ഈ മോഡല്‍ എത്തിയത്. 1.5 ലിറ്റര്‍ ഇന്റലിജെന്റ് ഡ്യുവല്‍ ആന്‍ഡ് സീക്വന്‍ഷ്യല്‍ ഇഗ്നീഷ്യന്‍ എന്‍ജിനാണ് രണ്ടാം വരവില്‍ സിറ്റിയില്‍ നല്‍കിയത്. ഇന്ത്യയില്‍ ഒരു കാറിന് ആദ്യമായി സി.വി.ടി. ട്രാന്‍സ്മിഷന്‍ നല്‍കിയതും സിറ്റിയുടെ രണ്ടാം തലമുറയിലായിരുന്നു. എ.ബി.എസ്. എന്ന സുരക്ഷ സംവിധാനവും ഈ വാഹനത്തെ എതിരാളികളെക്കാള്‍ കേമനാക്കി. 10-ാം വര്‍ഷത്തിന്റെ നിറവില്‍ ഈ മോഡലിന്റെ ആനിവേഴ്സറി എഡിഷനും എത്തിയതോടെ രണ്ടാം തലമുറ മോഡലിന്റെ വില്‍പ്പന 1.77 ലക്ഷം കടന്നു.

placeholder
.
ഹോണ്ട സിറ്റി മൂന്നാം തലമുറ മോഡല്‍ | Photo: Honda India

കാലത്തിന് മുന്‍പേ സഞ്ചരിച്ച സിറ്റി

പുതുതലമുറ വാഹനങ്ങളെ വിശേഷിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന വാക്കാണ് 'സ്പോര്‍ട്ടി'. ഈ സ്പോര്‍ട്ടി ഡിസൈന്‍ എന്ന വിശേഷണം ഒന്നര പതിറ്റാണ്ടിന് മുന്‍പ് നേടിയ വാഹനമാണ് സിറ്റി. മൂന്നാം തലമുറ മാറ്റത്തോടെ പ്രീമിയം ഭാവങ്ങളാണ് സിറ്റിക്ക് കൈവത്. ഇതിനൊപ്പം ഇന്ത്യയിലെ വാഹനങ്ങളില്‍ ഇന്ന് കാണുന്ന സുരക്ഷ ഫീച്ചറുകള്‍ ഒരു പതിറ്റാണ്ടിനും മുന്നേ നല്‍കിയാണ് സിറ്റിയുടെ മൂന്നാം തലമുറ മോഡല്‍ എത്തിയത്. 2008 മുതല്‍ 2013 വരെ നിരത്തുകളില്‍ എത്തിയ മൂന്നാം തലമുറ മോഡല്‍ വേറിട്ടതായത് രണ്ട് എയര്‍ബാഗുകള്‍, എം.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റിലും നല്‍കിയാണ്.

തട്ടുകളായ അടുക്കിയ ഗ്രില്ല്, ഏറിയ വലിപ്പത്തിലെ ഹെഡ് ലൈറ്റ്‌ തുടങ്ങിയ ഡിസൈന്‍ മാറ്റത്തിനൊപ്പം ഇന്ത്യക്കാര്‍ക്ക് ഏറെ പുതുമയാര്‍ന്ന സണ്‍റൂഫും മൂന്നാം തലമുറ സിറ്റിയില്‍ സ്ഥാനംപിടിച്ചു. വലിയ പുതുമകള്‍ക്കൊപ്പം വാനോളം പ്രതീക്ഷയുമായി എത്തിയ മൂന്നാം തലമുറയ്ക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വിപണിയില്‍ ഉണ്ടായ കുതിപ്പാണ് സിറ്റിക്ക് തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തല്‍. 2011-ല്‍ ഈ വാഹനത്തില്‍ വരുത്തിയ മുഖംമിനുക്കലിന് പുറമെ, 2012-ല്‍ സിറ്റിയുടെ സി.എന്‍.ജി. മോഡലും വിപണിയില്‍ എത്തി. പുതിയ 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജില്‍ എത്തിയ ഈ വാഹനം 1.92 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് നേടിയത്.

placeholder
.
ഹോണ്ട സിറ്റി നാലാം തലമുറ മോഡല്‍ | Photo: Honda India

എസ്.യു.വി. പ്രഭാവത്തില്‍ വീഴാതെ

സിറ്റി എന്ന വാഹനത്തിന്റെ ഭാഗ്യനക്ഷത്രമായാണ് നാലാം തലമുറ മോഡലിന്റെ ജനനം. 2014 മുതല്‍ 2020 വരെയുള്ള നാലാം തലമുറയുടെ കാലഘട്ടം സിറ്റിയുടെ സുവര്‍ണ്ണകാലമായിരുന്നു. കോംപാക്ട് എസ്.യു.വികളുടെ വരവോടെ ഇന്ത്യയിലെ സെഡാന്‍ വാഹനങ്ങളുടെ പ്രതാപം മങ്ങിതുടങ്ങിയിരുന്നു. സെഡാന്‍ വാഹനങ്ങള്‍ ഒന്നൊന്നായി നിരത്തൊഴിഞ്ഞ ഈ സമയത്തും സിറ്റിയുടെ ജനപ്രീതി ഉയരുകയാണ് ചെയ്തത്. നാളിതുവരെ പെട്രോള്‍ എന്‍ജിനില്‍ മാത്രം എത്തിയിരുന്ന സിറ്റി ഡീസല്‍ എന്‍ജില്‍ കൂടി എത്തിയത് നാലാം തലമുറയുടെ കാലത്താണ്. 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനായിരുന്നു സിറ്റിക്ക് കരുത്തേകിയ ഡീസല്‍ ഹൃദയം. സെഡാന്‍ സെഗ്മെന്റ് തന്നെ കീഴടക്കി കോംപാക്ട് എസ്.യു.വികള്‍ നിരത്തുനിറഞ്ഞ ഈ കാലഘട്ടത്തില്‍ സിറ്റിയുടെ നാല് ലക്ഷം യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചത്.  

placeholder
ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ മോഡല്‍ | Photo: Honda Cars

ശ്രേണിയിലെ ഒന്നാമന്‍

2020 ജൂലായിലാണ് സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന്റെ വരവ്. ഡിസൈനിലും അകത്തളത്തിലെ മിനുക്കുപണിക്കും പുറമെ, പുതുതലമുറ സാങ്കേതികവിദ്യകള്‍ ആവാഹിച്ചാണ് അഞ്ചാം തലമുറ മോഡല്‍ എത്തിയത്. കണക്ടഡ് കാര്‍ ഫീച്ചറുകളാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയത്. 2050-ഓടെ മാലിന്യമുക്തമായ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയതും  അഞ്ചാം തലമുറ സിറ്റിയിലാണ്. 25-ാം പിറന്നാള്‍ ആഘോഷിച്ച 2022-ല്‍ തന്നെയാണ് ഹോണ്ടയുടെ സിറ്റി ഹൈബ്രിഡ് അഥവാ സിറ്റി ഇ: എച്ച്.ഇ.വി. എന്ന മോഡലും ഹോണ്ടയില്‍നിന്ന് പുറത്തിറങ്ങുന്നത്.

ഒരു ഏഷ്യന്‍ ബ്രാന്റായി ഹോണ്ട വികസിപ്പിച്ചെടുത്ത സിറ്റി എന്ന സെഡാന്‍ ഇന്ന് ആഗോള ബ്രാന്റാണ്. 80 രാജ്യങ്ങളിലാണ് ഹോണ്ട സിറ്റി ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. 45 ലക്ഷം സിറ്റികളാണ് ലോകത്താകമാനം ഹോണ്ട വിറ്റഴിച്ചിട്ടുള്ളത്. ഹോണ്ട എന്ന ബ്രാന്റിന് ലോകത്തകമാനം ലഭിക്കുന്ന സ്വീകാര്യത അതേ അളവില്‍ സിറ്റി എന്ന വാഹനത്തിനും ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. ഫണ്‍ ടു ഡ്രൈവ് അനുഭവം, കംഫര്‍ട്ട്, സ്റ്റെബിലിറ്റി, പ്രകടനം എന്നിവയ്‌ക്കൊപ്പം കാലത്തിനനുസരിച്ചുള്ള ഡിസൈന്‍ മാറ്റങ്ങള്‍ കൂടി ചേരുന്നതോടെ ഹോണ്ട സിറ്റി എന്ന വാഹനം എല്ലാ തലമുറയിലേയും ഉപയോക്താക്കളുടെയും ഇഷ്ടവാഹനമായി മാറുന്നുണ്ട്.