ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയ്ക്ക് സെഡാൻ പ്രേമികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. സിറ്റി എന്ന ഒരൊറ്റ മോഡൽ ഇന്ത്യയിലുണ്ടാക്കിയ തരംഗം മാത്രം മതി ഇതിന് തെളിവായി. പഴയ സിറ്റി മോഡലുകൾക്ക് ഇന്നും വലിയ ഫാൻ ബേസാണുള്ളത്. പുതുതലമുറ സിറ്റിയോടുള്ള പ്രിയവും ഒട്ടും കുറവല്ല. ഇപ്പോഴിതാ സിറ്റി സ്പോർട്ട് എന്ന പുതിയ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. എൻട്രി ലെവൽ സിറ്റി V CVT വേരിയന്റിന് മുകളിലാണ് ഇതിന്റെ സ്ഥാനം.
സിറ്റി സ്പോർട്ട്
അകത്തും പുറത്തും കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് സ്പോർട്ടിന്റെ വരവ്. ഇതിനുപുറമെ പുറമെ, വി വേരിയന്റിൽ ഇല്ലാത്ത അധിക ഫീച്ചറുകളും സിറ്റി സ്പോർട്ടിന് ലഭിക്കുന്നുണ്ട്. ഏഴ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ് സിസ്റ്റം, ലെഥറിൽ പൊതിഞ്ഞ അപ്‌ഹോൾസ്റ്ററി, സ്റ്റിയറിങ്, ഗിയർ നോബ് എന്നിവ പ്രത്യേകതകളാണ്. ബാക്കിയുള്ള ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും വി വേരിയന്റിന് സമാനമാണ്.
അഡാസ്, ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ്. അതേസമയം സൺറൂഫ്, റിയർ എസി വെന്റുകൾ, 4 ട്വീറ്ററുകൾ, ലെയ്ൻ വാച്ച് ക്യാമറ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ വൈപ്പറുകൾ, ഓട്ടോ-ഡിമ്മിങ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ ഫീച്ചറുകൾ സ്പോർട്ട് വേരിയന്റിൽ ലഭ്യമല്ല.
ഗ്രിൽ, ബൂട്ട് സ്പോയിലർ, അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ വ്യൂ മിറർ കവറുകൾ എന്നിവ സ്പോർട്ടിൽ ബ്ലാക്ക് ഔട്ട് ചെയ്തിട്ടുണ്ട്. പുതിയ വേരിയന്റിനെ മറ്റുള്ളവയിൽനിന്ന് വേർതിരിച്ചറിയാൻ ഒരു സ്പോർട്ട് ബാഡ്ജും നൽകിയിട്ടുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മീറ്റിയോറോയ്ഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഹോണ്ട ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.
അപ്‌ഹോൾസ്റ്ററി, ഡോറുകൾ, റൂഫ്, പില്ലറുകൾ എന്നീ ഇന്റീരിയർ ഘടകങ്ങളും ബ്ലാക്ക് ഔട്ട് ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡോർ ഇൻസെർട്ടുകൾ, സ്റ്റിയറിങ് വീൽ എന്നിവിടങ്ങളിൽ ചുവപ്പ് ഹൈലൈറ്റുകളും നൽകി. ഡാഷ്ബോർഡിനും ചുവപ്പ് ട്രിമ്മിങ് ലഭിക്കുന്നു. അതേസമയം എസി വെന്റുകൾക്ക് ഗ്ലോസി ബ്ലാക്ക് പ്ലാസ്റ്റിക് ഫിനിഷാണുള്ളത്. 14.89 ലക്ഷം രൂപയാണ് സ്പോർട്ട് എഡിഷന്റെ പ്രാരംഭ വില. വി സിവിടി വേരിയന്റിനേക്കാൾ 49,000 രൂപ കൂടുതലാണിത്.
എൻജിൻ
മറ്റ് മോഡലുകളിലുള്ള അതേ 1.5 ലിറ്റർ എൻജിനാണ് പുതിയ സ്പോർട്ട് വേരിയന്റിലുമുള്ളത്. എന്നാൽ ഇത് CVT ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുക. 121 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിന് 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. മാനുവൽ ഗിയർബോക്സിൽ മാത്രമുള്ള ബേസ് SV വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും മാനുവൽ ഗിയർബോക്സ്, സിവിടി ഓപ്ഷനുകൾ ലഭ്യമാണ്.
Content Highlights: Honda City Sport launched india
Published: 20 Jun 2025, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented