
ഇന്ത്യയിലെ എം.പി.വി. വിപണിയില്‍ കരുത്തന്‍ സാന്നിധ്യമായ ടൊയോട്ട കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി രംഗത്ത്. വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റ് ആരംഭിക്കുന്നതിനായി കര്‍ണാടക സര്‍ക്കാരുമായി ധാരണയായി. 3300 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നാമത്തെ പ്ലാന്റ് തുറക്കുന്നതിനായി ടൊയോട്ട നടത്തുന്നത്. നിലവിലെ വാഹന നിര്‍മാണശാല പ്രവര്‍ത്തിക്കുന്ന ബിദഡിയില്‍ തന്നെയാണ് മൂന്നാം പ്ലാന്റും ഒരുങ്ങുന്നത്.
പുതുതായി ആരംഭിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാഹന നിര്‍മാണം പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റ് കൂടി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളില്‍ നിന്നാണ് പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങളാണ് ടൊയോട്ട നിര്‍മിക്കുന്നത്. ഈ പ്ലാന്റ് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് 30 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 2026-ഓടെ ഈ പ്ലാന്റില്‍ വാഹനം നിര്‍മിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര്‍മാണം 25 വര്‍ഷം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ചായിരിക്കും പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയെന്നാണ് സൂചന. വാഹനം നിര്‍മാണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതിന് പുറമെ, 2000-ത്തില്‍ അധികം തൊഴില്‍ അവസരങ്ങളും ടൊയോട്ട പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പുതിയ പ്ലാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ടൊയോട്ട കിര്‍ലോസ്‌കര്‍ എം.ഡിയും സി.ഇ.ഒയുമായ മസകാസു യോഷിമുറയും ഒപ്പുവെച്ചു.
രാജ്യത്തിന്റെ അഭിമാനപദ്ധതിയായ മേയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തോടുള്ള പ്രതിബദ്ധതയും എല്ലാവര്‍ക്കും സന്തോഷം ഉറപ്പാക്കുക എന്ന ടൊയോട്ടയുടെ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണവുമായാണ് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നതോടെ ടൊയോട്ടയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എല്ലാവര്‍ക്കും വാഹനം എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പായി കൂടിയാണ് ടൊയോട്ട പുതിയ പ്ലാന്റിന്റെ നിര്‍മാണത്തെ കാണുന്നത്.
എസ്.യു.വികളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. ടൊയോട്ട ക്രോസിന്റെ വലിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. ഈ വാഹനത്തിന്റെ 60,000 യൂണിറ്റ് വരെ പ്രതിവര്‍ഷം ഇവിടെ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നോവ ഹൈക്രോസില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് സൂചന. വാഹന നിര്‍മാണം ഉയരുന്നതോടെ ബുക്കുചെയ്തുള്ള കാത്തിരിപ്പും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Toyota setup its third vehicle manufacturing plant, Karnataka attract 3300 crore rupees investment
Published: 09 Dec 2023, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented