ലോകത്തിലെ പ്രമുഖ വികസ്വര സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ 18-ാമത് സമ്മേളനത്തിന് ഇന്ത്യ ആതിഥ്യംവഹിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ 11 അംഗരാജ്യങ്ങളും 10 പങ്കാളിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ 12 പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ബ്രിക്‌സിലെ പ്രധാന അംഗങ്ങളായി ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ തലവന്മാരുടെ വരവ് ഇന്ന് വാഹനലോകത്ത് ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്.

To advertise here,

സുരക്ഷയുടെ ഭാഗമായി ഈ രണ്ട് രാഷ്ട്രതലവന്മാരും അവരുടെ ഔദ്യോഗിക വാഹനങ്ങളുമായാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുതിൻ അദ്ദേഹത്തിന്റെ എയർ ക്രാഫ്റ്റായ ഫ്‌ളൈയിങ് ക്രെംലിനിലാണ് ഡൽഹിയിൽ പറന്നിറങ്ങിയത്. പിന്നീടുള്ള യാത്രകൾക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് ലിമോസിനും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഉയർന്ന സുരക്ഷ സന്നാഹങ്ങൾ ഒപ്പമുള്ള അദ്ദേഹം ഏത് രാജ്യത്തും സ്വന്തം വാഹനമാണ് ഉപയോഗിക്കുന്നത്.

ചൈനയുടെ പ്രസിഡന്റ് ആയ ഷി ജിൻപിങ് ആണ് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുന്ന മറ്റൊരു വ്യക്തി. നയതന്ത്രപരമായ പ്രശ്‌നങ്ങളുടെ സാഹചര്യത്തിൽ വളരെ പ്രധാന്യമർഹിക്കുന്ന സന്ദർശനം കൂടിയാണ് ഷി ജിൻപിങ്ങിന്റേത്. എന്നാൽ, ഇതിനിടയിലും വാഹന പ്രേമികളുടെ കണ്ണ് അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് ആയിരിക്കും നീളുക. ഹോങ്ഖി എൻ 701 എന്ന ലിമോസിനാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം. ഇതും അദ്ദേഹത്തിനൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

പുതിന്റെ ഓറസ് സെനറ്റ്

വ്‌ളാദമിർ പുതിന്റെ ഔദ്യോഗിക വാഹനമാണ് റഷ്യൻ നിർമിത ഓറസ് സെനറ്റ് എന്ന ലിമോസിൻ. അത്യാഡംബര സംവിധാനങ്ങൾക്കൊപ്പം അത്യാധുനിക സുരക്ഷ സംവിധാനങ്ങൾ സെനറ്റ് ലിമോസിനിലുണ്ട്. ഒറ്റ നോട്ടത്തിൽ റോൾസ് റോയിസ് ഫാന്റം എന്ന വാഹനത്തിനോട് സാമ്യമുള്ള രൂപമാണ് സെനറ്റിനുമുള്ളത്. എന്നാൽ, 1940-കളിൽ നിർമിച്ചിരുന്ന സോവിയന്റ് ലിമോസിൻ മോഡലായ ഇസഡ്.ഐ.എസ്-110 എന്ന മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെനറ്റ് ഒരുങ്ങിയിരിക്കുന്നത്. കോർട്ടേജ് എന്നാണ് പുതിന്റെ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ഓറസ് സെനറ്റിന്റെ സാധാരണ മോഡലുകൾക്ക് 5631 എം.എം. ആണ് നീളമെങ്കിൽ 6700 എം.എം. നീളമാണ് പുതിന്റെ വാഹനത്തിനുള്ളത്. ബുള്ളറ്റ് പ്രൂഫ് കരുത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ദൃഢതയേറിയ ഗ്ലാസുകൾ, ബോംബ് സ്ഫോടനത്തെ പോലും ചെറുക്കുന്ന അണ്ടർ ഫ്ളോർ പ്രൊട്ടക്ഷൻ, പഞ്ചറായാൽ പോലും നിശ്ചിത കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന റൺ-ഫ്‌ലാറ്റ് സംവിധാനമുള്ള ടയറുകൾ, സുരക്ഷ ഉദ്യോഗസ്ഥർക്ക് ആവശ്യമായ ആയുധങ്ങൾ, ഓക്സിജൻ സപ്ലൈ തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നത്.

ആഡംബരം കാഴ്ചയിൽ തന്നെ പ്രകടമാക്കുന്ന എക്സ്റ്റീരിയർ ഡിസൈനും ആഡംബരം നിറഞ്ഞുനിൽക്കുന്ന ഇന്റീരിയറുമാണ് സെനറ്റിലുള്ളത്. റോളിങ് എക്‌സിക്യൂട്ടീവ് സ്യൂട്ട് ആയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതറിനൊപ്പം മറ്റ് ആഡംബര വസ്തുകളും ചേർത്താണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മസാജ് സംവിധാനം ഉൾപ്പെടെ നൽകി വിവിധ രീതികളിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് സീറ്റുകൾ. ഓരോ സീറ്റിലേയും യാത്രക്കാർക്കായി പ്രത്യേകം എന്റർടെയ്ൻമെന്റ് സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. മുന്നിലും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടി.എഫ്.ടി. സ്‌ക്രീൻ ഉൾപ്പെടെ നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ പോലെ കരുത്തിനും പ്രാധാന്യം നൽകിയാണ് പ്രസിഡന്റിന്റെ സെനറ്റ് ലിമോസിൻ എത്തിയിട്ടുള്ളത്. 6.6 ലിറ്റർ വി12 എൻജിനാണ് ലിമോസിനിൽ നൽകിയിട്ടുള്ളത്. ഇത് 850 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഈ വാഹനത്തിന്റെ റെഗുലർ മോഡലിൽ 4.4 ലിറ്റർ വി8 എൻജിനാണ് പ്രവർത്തിക്കുന്നത്. 590 ബി.എച്ച്.പി. പവറും 880 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. കേവലം ആറ് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

ഷിയുടെ ഹോങ്ഖി എൻ701

അത്യാഡംബര വാഹന ബ്രാന്റായ ഹോങ്ഖിയാണ് ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ എൻ701 ലിമോസിന്റെ നിർമാതാക്കൾ. ചുവന്ന കൊടി എന്നാണ് ഹോങ്ഖി എന്ന വാക്കിന്റെ അർഥം. റഷ്യൻ പ്രസിഡന്റിന്റെ വാഹനം സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ടെങ്കിലും ചൈനീസ് പ്രസിഡന്റിന്റെ വാഹനത്തിന്റെ സുരക്ഷ ഫീച്ചറുകൾക്കും മെക്കാനിക്കൽ സംവിധാനങ്ങൾക്ക് പോലും ഒരു രഹസ്യ സ്വഭാവം ഉണ്ടെന്നതാണ് വസ്തുത.

ഹോങ്ഖി എൻ701 ലിമോസിന് ഏകദേശം 5.5 മീറ്റർ നീളമുണ്ടെന്നാണ് റിപ്പോർട്ട്. 21 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഈ വാഹനത്തിൽ ഉപയോഗിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും വാഹനത്തിന്റെ പുറമെ ആർമേഡ് പ്ലേറ്റിങ്ങുകളും ഉപയോഗിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനങ്ങളുടെ ആഘാതം ചെറുക്കാൻ ശേഷിയുള്ള വാഹനമാണിത്. രാസ ആക്രമങ്ങൾ ഉണ്ടായാൽ സുരക്ഷിതമാകുന്നതിനുള്ള എയർ കംപ്രഷൻ സംവിധാനവും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

കാഴ്ചയിൽ യഥാർഥ ലിമോസിൻ വാഹനങ്ങളുടെ ഭാവമാണ് എൻ701 മോഡലിനുമുള്ളത്. വെർട്ടിക്കിൾ സ്ലാറ്റുകളും ക്രോം അലങ്കാരവുമുള്ള ഗ്രില്ലാണ് മുന്നിലുള്ളത്. ചുവപ്പ് കൊടി വാഹനത്തിന്റെ മുന്നിലും രണ്ട് വശങ്ങളിലെ ഫെൻഡറുകളും ചുവപ്പ് ബാഡ്ജിങ്ങുകളും നൽകുന്നുണ്ട്. കട്ടിയുള്ള ബി-പില്ലറുകൾ, എൽഇഡിയിൽ ഒരുങ്ങിയിട്ടുള്ള ലൈറ്റുകൾ ആധുനിക വാഹനങ്ങളുടെ രൂപത്തെക്കാളുപരി പരമ്പരാഗത ആഡംബര വാഹനങ്ങളുടെ രൂപമാണ് ഇതിനുള്ളത്.

മെക്കാനിക്കൽ സംബന്ധമായ വിവരങ്ങൾ പൂർണമായും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 6.0 ലിറ്റർ വി12 എൻജിനാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് സൂചനകൾ. 408 എച്ച്പി പവറാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 1958-ലാണ് എൻ701 ലിമോസിന്റെ നിർമാതാക്കളായ ഹോങ്ഖി എന്ന കമ്പനിയുടെ ആരംഭം. ഒരു പരമ്പരാഗത വാഹന നിർമാതാക്കളെക്കാൾ ഉപരി ഔദ്യോഗിക വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണിത്.