മാരുതി സുസുക്കിയുടെ ഗ്രാന്റ് വിത്താര തിരിച്ചുവിളിച്ചതിന് പിന്നാലെ ഈ വാഹനവുമായി സാങ്കേതിക സംവിധാനങ്ങള്‍ പങ്കിടുന്ന ടൊയോട്ടയുടെ മിഡ്‌സൈസ് എസ്‌യുവി മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തിരിച്ച് വിളിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഗ്രാന്റ് വിത്താരയില്‍ കണ്ടെത്തിയ ഫ്യുവല്‍ ഗേജിലെ തകരാര്‍ ഹൈറൈഡറിലും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ വാഹനവും തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

2024 ഡിസംബര്‍ ഒമ്പതിനും 2025 ഏപ്രില്‍ 29-ന് ഇടയിലുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ഹൈറൈഡറിന്റെ 11,529 യൂണിറ്റുകളാണ് പരിശോധനകള്‍ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനത്തിലെ ഫ്യുവല്‍ ഗേജില്‍ ഇന്ധനത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നാണ് പ്രധാന പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പം ചില വാഹനങ്ങളില്‍ ഇന്ധനം കുറവാണെന്നുള്ള മുന്നറിയിപ്പ് നല്‍കുന്ന വാണിങ് ലൈറ്റുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ടെന്ന് ടൊയോട്ട അറിയിച്ചു.

നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ള നിശ്ചിത മാസങ്ങളില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ ടൊയോട്ടയുടെ ഡീലര്‍ഷിപ്പ് പ്രതിനിധികള്‍ നേരിട്ട് ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. ഈ അറിയിപ്പ് ലഭിക്കുന്ന ഉപയോക്താക്കല്‍ വാഹനവുമായി ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലെത്തി പരിശോധന നടത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയാല്‍ കേടുപാടുകള്‍ സംഭവിച്ച പാര്‍ട്​സ് സൗജന്യമായി മാറ്റി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഡീലര്‍ഷിപ്പുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കാത്ത പക്ഷം ടൊയോട്ടയുടെ വൈബ്‌സൈറ്റില്‍ നിന്ന് തിരിച്ചുവിളിച്ച വാഹനങ്ങളുടെ പട്ടികയില്‍ നിങ്ങളുടെ വാഹനമുണ്ടോയെന്ന് കണ്ടെത്താനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായാണ് ടൊയോട്ട ഈ വാഹനങ്ങളെ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അറിയിപ്പ് ലഭിച്ചാലുടന്‍ ഷോറൂമിലെത്തിച്ച് വാഹനം പരിശോധിക്കാമെന്നും ടൊയോട്ട അറിയിച്ചു.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോങ്ങ് ഹൈബ്രിഡ്, സി.എന്‍.ജി. എന്നീ പവര്‍ട്രെയിനുകളിലാണ് ഹൈറൈഡര്‍ ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. 103 എച്ച്.പി. കരുത്തും 137 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 1.5 ലിറ്റര്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും നല്‍കിയാണ് ഹൈബ്രിഡ് മോഡല്‍ എത്തുന്നത്. 116 എച്ച്പിയാണ് ഇതിന്റെ കംപയിന്‍ഡ് പവര്‍. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഇ-സിവിടി എന്നീ ഗിയര്‍ ബോക്സുകളുമുണ്ട്.