ഇന്ത്യയിലെ പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ഫോര്‍ച്യൂണറിന് മുകളില്‍ വയ്ക്കാന്‍ ഒരു വാഹനമില്ലെന്നതാണ് യാഥാര്‍ഥ്യം. പല കാലങ്ങളിലായി നിരവധി മോഡലുകള്‍ വന്നുപോയെങ്കിലും ഇവയൊന്നും ഫോര്‍ച്യൂണറിനെ വെല്ലാന്‍ പോകുന്നവയായിരുന്നില്ല. അങ്ങനെ എതിരാളികളില്ലാതെ വിലസുന്ന ടൊയോട്ടയുടെ ഈ കരുത്തന്‍ വാഹനത്തിന്റെ വില അല്‍പ്പം വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 68,000 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. 

To advertise here,

ഫോര്‍ച്യൂണര്‍ നിരയിലെ അടിസ്ഥാന മോഡലായ പെട്രോള്‍ 4x2 പതിപ്പിനാണ് 68,000 രൂപ ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് പല വേരിയന്റുകള്‍ക്കും 40,000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഡീസല്‍ 4x4 ഓട്ടോമാറ്റിക്, ഡീസല്‍ 4x4 ഓട്ടോമാറ്റിക് നിയോ ഡ്രൈവ്, ലെജന്‍ഡര്‍ 4x4 ഓട്ടോമാറ്റിക്, ലെജന്‍ഡര്‍ 4x4 ഓട്ടോമാറ്റിക് നിയോ ഡ്രൈവ്, എന്നീ വേരിയന്റുകളെ വില വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് നിയോ ഡ്രൈവ് എന്ന പേരില്‍ വിപണിയില്‍ എത്തിയത്. ഈ മോഡലുകളുടെ വരവോടെ ഡീസല്‍ 4x4 ഓട്ടോമാറ്റിക് വകഭേദങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പുതിയ മോഡല്‍ എത്തുകയും ഏതാനും ചിലത് പിന്‍വലിക്കുകയും ചെയ്തതോടെ ഫോര്‍ച്യൂണര്‍ വേരിയന്റുകളുടെ എണ്ണം 11-ല്‍ നിന്നും ഒമ്പതായി കുറയുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള 204 എച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനോടൊപ്പം 48V ഹൈബ്രിഡ് സംവിധാനവുമാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിലുള്ളത്. ഒരു ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയുമാണ് പുതിയ ഹൈബ്രിഡ് സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. ഇത്, ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനക്ഷമമാക്കുന്നു. കൂടാതെ സുഗമമായ ലോ-എന്‍ഡ് ആക്‌സിലറേഷനും കൂടുതല്‍ ശാന്തമായ ഡ്രൈവും ഇത് നല്‍കും. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവിന് കൂടുതല്‍ ഫീച്ചറുകളും ലഭിക്കുന്നുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകളില്‍ 360-ഡിഗ്രി ക്യാമറ ലഭ്യമാണ്. നിയോ ഡ്രൈവ് ബാഡ്ജ് ഒഴികെ, എക്സ്റ്റീരിയറിലോ ഇന്റീരിയറിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡ്യുവല്‍-ടോണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഏഴ് എയര്‍ബാഗുകള്‍, ഹില്‍ അസന്റ് ആന്‍ഡ് ഡിസന്റ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഐസോഫിക്‌സ് മൗണ്ടുകള്‍ എന്നിവയെല്ലാമാണ് വാഹനത്തിന്റെ സവിശേഷത.