
മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ ടൊയോട്ടയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രഖ്യാപനം നടത്തുകയും കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിന് എത്തിക്കുകയും ചെയ്തിരുന്നു. മാരുതി സുസുക്കി ഇലക്ട്രിക് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് മോഡലിന്റെ യഥാര്‍ഥ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ്. കണ്‍സെപ്റ്റിന്റെ ഡിസൈനിനോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് പ്രൊഡക്ഷന്‍ പതിപ്പിനുമുള്ളത്.
അര്‍ബന്‍ ക്രൂയിസര്‍ ഇ.വി. എന്ന പേരിലാണ് ടൊയോട്ടയുടെ ഇലക്ട്രിക് മോഡല്‍ ഒരുക്കിയിരിക്കുന്നത്. ഡിസൈനില്‍ സുസുക്കി-ടൊയോട്ട ഇലക്ട്രിക് മോഡലുകള്‍ തികച്ചും വ്യത്യസ്തരാണെങ്കിലും മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ ഇ-വിത്താരയും അര്‍ബന്‍ ക്രൂയിസര്‍ ഇ.വിയും പങ്കിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മിഡ് സൈസ് എസ്.യു.വി. ശ്രേണിയിലേക്കായിരിക്കും ടൊയോട്ടയുടെ ഇലക്ട്രിക് മോഡലും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്, സ്റ്റഡുകളായി നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, ബമ്പറിന്റെ താഴെയായി നല്‍കിയിട്ടുള്ള വലിയ എയര്‍ ഇന്‍ടേക്കും വശങ്ങളിലെ എയര്‍ കര്‍ട്ടണുകളുമാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ബ്ലാക്ക് ഫിനീഷിങ് വീല്‍ ആര്‍ച്ചും ക്ലാഡിങ്ങും ഡോറില്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വശങ്ങളിലെ സവിശേഷതകള്‍.
ടൊയോട്ടയുടെ പല ഗ്ലോബല്‍ മോഡലുകളുമായി സാമ്യമുള്ള പിന്‍ഭാഗമാണ് അര്‍ബന്‍ ക്രൂയിസര്‍ ഇ.വിയിലും നല്‍കിയിട്ടുള്ളത്. സ്‌മോഗ്ഡ് എഫക്ട് നല്‍കി ഒരുക്കിയിരിക്കുന്ന എല്‍.ഇ.ഡി. ലൈറ്റുകലാണ് ടെയ്ല്‍ലാമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ലൈറ്റുകളെയും ബന്ധിപ്പിച്ച ബ്ലാക്ക് സ്ട്രിപ്പും നല്‍കുന്നുണ്ട്. പൂര്‍ണമായും ബ്ലാക്ക് പ്ലാസ്റ്റിക്കിലാണ് റിയര്‍ ബമ്പര്‍ ഒരുങ്ങിയിരിക്കുന്നത്. കുറഞ്ഞ വലിപ്പത്തിലാണ് ബാഡ്ജിങ്ങുകള്‍. ഷാര്‍ക്ക് ഫിന്‍ ആന്റിന്യും ഇതിലുണ്ട്.
വളരെ ലളിതമായ ഡിസൈനിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.1 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള എ.സി. വെന്റുകള്‍, ഡയല്‍ മാതൃകയില്‍ നല്‍കിയിട്ടുള്ള ഷിഫ്റ്റ് സെലക്ടര്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ലെതര്‍ സീറ്റുകള്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് അകത്തളത്തിന്റെ സവിശേഷകതള്‍.
ഇ-വിത്താരയില്‍ നല്‍കുന്ന 49 കിലോവാട്ട്, 61 കിലോവാട്ട് ശേഷിയിലുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ ഇ.വിയും എത്തുന്നത്. എല്‍.എഫ്.പി.(ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. എന്നാല്‍, 49 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കുന്ന റേഞ്ച് സംബന്ധിച്ച വിവരം നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ അര്‍ബണ്‍ ക്രൂയിസര്‍ ഇ.വി. 144 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകും. ഈ വാഹനത്തിന്റെ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിവല്‍ റിയര്‍ ആക്സിലിലും 65 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Toyota first electric SUV Urban Cruiser EV boasts impressive range features and performance
Published: 16 Dec 2024, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented