ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. എക്‌സ് വണ്‍ എസ്.യു.വി.യുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 35.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് വകഭേദങ്ങളിലായിരിക്കും എത്തുക. 2010 -ല്‍ എത്തിയ എക്‌സ് വണ്ണിന് പിന്നാലെ 2018-ല്‍ രണ്ടാം തലമുറയും വിപണിയിലെത്തി.

To advertise here,

കമ്പനിയുടെ ചെന്നൈ പ്ലാന്റിലായിരിക്കും നിര്‍മാണം. ബി.എസ്. സിക്‌സ് ഡീസല്‍-പെട്രോള്‍ എന്‍ജിനുകളിലായിരിക്കും വാഹനം എത്തുക. ഉയര്‍ന്ന വകഭേദമായ എം സ്‌പോര്‍ട്ടിന്റെ വില 42.90 ലക്ഷം രൂപയാണ്. ഡീസല്‍ എന്‍ജിനായിരിക്കും ഇതിന്. എക്‌സ് ലൈന്‍ വേരിയന്റിലായിരിക്കും പെട്രോള്‍ -ഡീസല്‍ എന്‍ജിനുകളുണ്ടാവുക. സെഗ്മെന്റിലെ ആദ്യവാഹനമായ സ്‌പോര്‍ട്ട് എക്‌സിന് പെട്രോള്‍ മോഡല്‍ മാത്രമായിരിക്കും ഉണ്ടാവുക.

2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍.പി.എമ്മില്‍ 192 ബി.എച്ച്.പി. കരുത്തു നല്‍കും. ഏഴ് സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനിലും വാഹനം ലഭ്യമാകും. ഇത് 4,000 ആര്‍.പി.എമ്മില്‍ 190 ബി. എച്ച്.പി. കരുത്തുനല്‍കും. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഗിയര്‍ബോക്‌സായിരിക്കും ഇതിന്.

ബി.എം.ഡബ്‌ള്യു. വാഹനങ്ങളുടെ പ്രത്യേകതയായ വലിയ കിഡ്‌നി ഗ്രില്‍, എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലാമ്പോടുകൂടിയ നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ് ലാമ്പുകള്‍ എന്നിവയാണ് മുന്നിലെ സവിശേഷതകള്‍. പുതുക്കിയ മുന്‍ ബമ്പറും വലിയ സെന്‍ട്രല്‍ എയര്‍ഡാമും എല്‍.ഇ.ഡി. ഫോഗ് ലാമ്പും ചേര്‍ന്ന് വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി പരിവേഷമാണ് നല്‍കുന്നത്. പുതിയ അലോയ് വീലുകളും സൗന്ദര്യം കൂട്ടും.

വയര്‍ലെസ് ചാര്‍ജിങ്, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ആംബിയന്റ് ലൈറ്റിങ്, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പുതിയതായി വന്നിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എ.ബി.എസ്., ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റണ്‍ഫ്‌ലാറ്റ് ടയറുകള്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സൗകര്യങ്ങള്‍.

Content Highlights: Third Generation BMW X1 SUV Launched In In India; Price Starts At 35.90 Lakhs