ആഡംബര കാറായ ബിഎംഡബ്ല്യു എക്‌സ് 1 സ്വന്തമാക്കി നടിയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ചൈതന്യ പ്രകാശ്. കൊച്ചിയിലെ ഷോറൂമില്‍ നിന്ന് കാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സന്തോഷം മുഴുവനായി പ്രകടിപ്പിച്ചുകൊണ്ടുള്ള ദീര്‍ഘമായ കുറിപ്പും ചൈതന്യ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തു. 

To advertise here,

'നാല് ചക്രങ്ങള്‍, ഒരു താക്കോല്‍. അതിനെക്കാള്‍ വലുതാണ് ഈ നിമിഷം. ആരുമറിയാത തുടച്ചുകളഞ്ഞ കണ്ണുനീരിന്റെയും നിശബ്ദമായ പരിശ്രമത്തിന്റെയും ആരും കാണാത്തപ്പോള്‍ ഞാന്‍ ഓരോ തവണയും എന്നോട് തന്നെ 'മുന്നോട്ട് പോകൂ' എന്ന് പ്രചോദിപ്പിച്ചതിന്റെയും പ്രതീകമാണ് ഈ ബിഎംഡബ്ല്യു എക്‌സ് 1.' -ചൈതന്യ വൈകാരികമായി കുറിച്ചു. 

'21-ാം വയസിലാണ് ഞാന്‍ ആദ്യമായി കാര്‍ വാങ്ങുന്നത്. ഭാഗ്യം കൊണ്ടല്ല, സ്ഥിരമായ കഠിനാധ്വാനത്തിലൂടെയും ഉറച്ച വിശ്വാസത്തിലൂടെയുമാണ് അത് സ്വന്തമാക്കിയത്. സ്വയം സംശയം തോന്നുമ്പോഴും സ്വന്തം വഴി വെട്ടിത്തെളിക്കുന്ന എല്ലാ പെണ്‍കുട്ടികളോടുമാണ്, ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. കേവലം പാതകള്‍ പിന്തുടരാനുള്ളവരല്ല നമ്മള്‍, പാതകള്‍ വെട്ടിയുണ്ടാക്കുന്നവരാണ് നമ്മള്‍.' -ചൈതന്യ തുടര്‍ന്നു. 

ഈ യാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്ന എല്ലാവരോടും പേരെടുത്ത് പറഞ്ഞുകൊണ്ട് ചൈതന്യ നന്ദി പറഞ്ഞു. ഇത് എന്റെ ജീവിതത്തിലെ നാഴികക്കല്ല് മാത്രമല്ല, 'അവള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും' എന്ന ഓര്‍മ്മപ്പെടുത്തലാണ് എന്ന് പറഞ്ഞുകൊണ്ടാണ് ചൈതന്യ കുറിപ്പ് അവസാനിപ്പിച്ചത്. 

നിരത്തിലെത്തുമ്പോള്‍ ഏകദേശം 65 ലക്ഷം രൂപയോളമാണ് ബിഎംഡബ്ല്യു എക്‌സ് 1-ന്റെ വില. അത്യാധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ് എക്‌സ് 1. നേരത്തേ നടന്മാരായ ലുക്മാനും അപ്പാനി ശരത്തും ഇതേ മോഡല്‍ കാര്‍ സ്വന്തമാക്കിയിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷത്തിലേറെ ഫോളോവര്‍മാരാണ് ചൈതന്യയെ പിന്തുടരുന്നത്. വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തിയ ഈ 23-കാരി പത്തനംതിട്ട സ്വദേശിനിയാണ്.