
ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടാം അങ്കത്തിനായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ആഡംബര എം.പി.വി. മോഡലായ കാര്‍ണിവല്‍ വീണ്ടുമെത്തി. ലിമോസിന്‍ എന്ന ഒറ്റ വേരിയന്റിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 63.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആദ്യവരവില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് കാര്‍ണിവല്‍ എത്തിച്ചിരുന്നതെങ്കില്‍ ഇത്തവണ സി.ബി.യു. റൂട്ട് വഴിയാണ് ഈ ആഡംബര എം.പി.വി.എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ മറ്റൊരു എം.പി.വി. മോഡലുകളിലും കണ്ടുശീലിച്ചിട്ടില്ലാത്ത ഫീച്ചറുകളുമായാണ് കാര്‍ണിവല്‍ ആദ്യമെത്തിയത്. എന്നാല്‍, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് പ്രതീക്ഷിച്ച വില്‍പ്പന നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഈ വാഹനം നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍, ഒരുവര്‍ഷത്തിനിപ്പുറം വീണ്ടുമെത്തുന്ന ഈ വാഹനത്തിന് മുന്‍ പതിപ്പിനെക്കാള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പുതിയ കാര്‍ണിവല്‍ ബുക്കിങ്ങിലും ശ്രദ്ധ നേടിയിരുന്നു.
ഇന്നോവ പിന്നീട് ക്രിസ്റ്റ ഇപ്പോള്‍ ഹൈക്രോസ് തുടങ്ങിയ ടൊയോട്ട മോഡലുകള്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ള എം.പി.വി. ശ്രേണിയിലാണ് കാര്‍ണിവല്‍ എത്തുന്നത്. എന്നാല്‍, ഇത്തവണ ഒരു വാഹനത്തോടും മത്സരത്തിനില്ലെന്ന് ആദ്യഘട്ടത്തില്‍ തന്നെ കിയ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. എം.പി.വി. സെഗ്മെന്റിലേക്കാണ് വരുന്നതെങ്കിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വില്‍പ്പനയ്ക്ക് എത്തുന്നതിനാലാണ് ഈ വാഹനത്തില്‍ വിലയില്‍ മുന്‍ മോഡലിനെക്കാള്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഇതിനോടകം തന്നെ എത്തിയിട്ടുള്ള കാര്‍ണിവലിന്റെ ഡിസൈനില്‍ തന്നെയാണ് ഇന്ത്യന്‍ മോഡലും ഒരുങ്ങിയിരിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് പുതിയ കാര്‍ണിവലിലുമുള്ളത്. ബമ്പര്‍ ഉള്‍പ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്.
അത്യാഡംബര എം.പി.വി. മോഡലുകളില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ ഉറപ്പാക്കിയാണ് കാര്‍ണിവല്‍ ആദ്യം തന്നെ എത്തിയത്. ഈ വരവിലും ഇത് ആവര്‍ത്തിക്കും. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡാഷ്‌ക്യാമറ, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് അപ്പ് ഡിസ്പ്ലേ, 14.6 റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ കീ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.
200 ബിഎച്ച്പി പവറും 440 എൻഎം ടോർക്കുമേകുന്ന 2.2 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ തന്നെയാണ് കിയ കാർണിവൽ എം.പി.വിക്കും കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തുടരും. 2.2 ലിറ്റര്‍ ഡീസല്‍, ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയോടെ നല്‍കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 3.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരുന്നു കാര്‍ണിവല്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
Content Highlights: The Kia Carnival MPV makes a comeback in India, offering luxurious features and a powerful engine
Published: 03 Oct 2024, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented