തിരുവനന്തപുരം: ചീറിപ്പാഞ്ഞുപോകുന്ന 14-ഓളം വാഹനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പലപ്പോഴും മുഖ്യമന്ത്രി പിണറായിയുടെ വാഹനവ്യൂഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പറയുമ്പോഴും പിണറായി വിജയന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം വർധിച്ചതും അദ്ദേഹത്തിനു തന്നെ സഞ്ചരിക്കാനുള്ള വാഹനം ഇടയ്ക്ക് വെച്ച് മാറിയതുമെല്ലാം വിമർശനങ്ങൾക്കും കാരണമായിരുന്നു.

To advertise here,

ഈ സാഹചര്യത്തിലാണ് തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ യാത്രകാരണം ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദേശവും സതീശൻ, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിക്കഴിഞ്ഞു. യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്നായിരുന്നു സതീശന്റെ നിലപാട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. അതിനാൽ എസ്‌കോർട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും. അതായത് മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഇനി അകമ്പടി നൽകുക.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത് 10 മുതൽ 14-ഓളം വാഹനങ്ങളായിരുന്നു. സുരക്ഷ, സഞ്ചരിക്കുന്ന വഴി, സഞ്ചരിക്കുന്ന സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് വാഹനങ്ങളുടെ എണ്ണം തീരുമാനിച്ചിരുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന 3-4 എസ്‌കോർട്ട് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു സമാനമായുള്ള സ്‌പെയർ/ബാക്കപ്പ് കാർ, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് വാഹനം എന്നിങ്ങനെയായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ വാഹനവ്യൂഹം. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. എസ്‌കോർട്ട് വാഹനങ്ങളിൽ പരിശീലനം ലഭിച്ച ആയുധാരികളായ കമാൻഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ പോലീസുകാർ. പ്രതിഷേധമുണ്ടാകുമ്പോൾ 25 അംഗ ദ്രുതകർമസേനയും അനുഗമിക്കും.

കറുത്ത കിയ കാർണിവലിൽ നിന്ന് വെളുത്ത ഇന്നോവ ക്രിസ്റ്റയിലേക്ക്

കറുത്ത കിയ കാർണിവൽ കാറായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സർക്കാരിന്റെ അവസാന രണ്ടു വർഷത്തിലേറെക്കാലം യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഉണ്ടായിരുന്നു. പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് ഫണ്ടിൽ നിന്നും വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകൾ പോലീസ് ഇതിനോടകം തന്നെ തിരികെ ഏറ്റെടുത്തിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കറുത്ത ഇന്നോവയ്ക്ക് പകരം കറുത്ത കിയ കാർണിവൽ

2022 ജൂലായിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്‌കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങിയത്. മുഖ്യമന്ത്രിക്ക് കറുത്ത കിയ കാർണിവലും എസ്‌കോർട്ടിന് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളുമാണ് അന്ന് വാങ്ങിയത്. ഇതിനായി 88,69,841 രൂപയാണ് അന്ന് ധനവകുപ്പ് അനുവദിച്ചിരുന്നത്. ഇതിൽ കിയ കാർണിവലിന് മാത്രം അന്ന് 33,31,000 രൂപ വിലയുണ്ടായിരുന്നു. കാർണിവൽ സീരിസിലെ ലിമോസിൻ കാറായിരുന്നു ഇത്. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാർ വാങ്ങാനുള്ള തീരുമാനമുണ്ടായത്. 2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ കാർണിവൽ വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകൾക്ക് കർശന നിയന്ത്രണമുള്ള സമയത്തായിരുന്നു ഇത്. അന്ന് സർക്കാർ തീരുമാനം വലിയ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്.

 

വെളുത്ത ഇന്നോവ കാറിൽ ചീറിപ്പാഞ്ഞിരുന്ന പിണറായി വിജയൻ 2022 ജനുവരി മുതലാണ് ഔദ്യോഗിക വാഹനമായ കറുത്ത ഇന്നോവ ക്രിസ്റ്റയിലേക്ക് മാറുന്നത്. പുതുവർഷത്തിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര തന്നെ മുൻ മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ആറു മാസത്തിനുള്ളിൽ കിയ കാർണിവലിലേക്ക് മാറുന്നത്. അതുവരെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. അന്ന് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശയിലായിരുന്നു ഈ നിറം മാറ്റം. രാത്രിയാത്രയ്ക്ക് കൂടുതൽ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാൻ കാറിന്റെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു ബെഹ്‌റയുടെ ശുപാർശ. ഇതിനിടയിൽ രണ്ടു തവണ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതും ഈ നിറംമാറ്റത്തിനുള്ള കാരണമായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സതീശന്റെ ഇന്നോവ ക്രിസ്റ്റ

2023 ജനുവരിയിലാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സർക്കാർ അനുവദിച്ചത്. ആ സമയത്ത് വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് അന്ന് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചത്. അതിനു മുമ്പത്തെ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു പിന്നീട് വി.ഡി സതീശന് നൽകിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി. യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം പാലിച്ചാണ് അന്ന് സതീശന് പുതിയ വാഹനം അനുവദിച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും സതീശൻ യാത്രകൾക്കായി ഉപയോഗിക്കുന്നതും ഈ വാഹനമാണ്.