
സംസ്ഥാന മോട്ടാര്‍ വാഹനവകുപ്പിന്റെ തലപ്പത്ത് ഒരുമാസമായി ആളില്ലാത്തത് നയപരമായി എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് തടസ്സമാകുന്നു. ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്ത് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ആയി സ്ഥലം മാറിപ്പോയിട്ട് തിങ്കളാഴ്ച ഒരുമാസമായി. പകരം നിയമിതനായ ക്രൈംബ്രാഞ്ച് ഐ.ജി. എ. അക്ബര്‍ ചുമതലയേറ്റിട്ടില്ല. ആര്‍.സി. ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ അച്ചടി, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കുള്ള സബ്സിഡി, ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളാണ് ഇതുമൂലം ഇഴയുന്നത്.
അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി പ്രമോജ് ശങ്കര്‍ ഉണ്ടെങ്കിലും, കമ്മിഷണര്‍ പദവിയില്‍ മറ്റൊരാളെ നിയമിച്ചിട്ടുള്ളതിനാല്‍ പൂര്‍ണ ചുമതല കൊടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി.യുടെ ചെയര്‍മാനും എം.ഡി.യും കൂടിയാണ് പ്രമോജ് ശങ്കര്‍. ഗതാഗതകമ്മിഷണറുടെ തസ്തിക ഇതുവരെ എ.ഡി.ജി.പി. തസ്തികയ്ക്ക് തുല്യമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥലംമാറ്റത്തിനൊപ്പം ഗതാഗത കമ്മിഷണറുടെ തസ്തിക, ഐ.ജി. യുടേതിന് തുല്യമാക്കിയിരുന്നു.
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 30,000 രൂപയുടെ സബ്സിഡി കൊടുക്കാന്‍ കഴിയാത്തതിന്റെ ഇപ്പോഴത്തെ കാരണം ഗതാഗത കമ്മിഷണര്‍ ഇല്ലാത്തതാണ്. സോഫ്റ്റ്വേറിലെ പ്രശ്നംമൂലമാണ് ആയിരത്തോളം പേരുടെ സബ്സിഡി ഇത്രയുംകാലം മുടങ്ങിക്കിടന്നിരുന്നത്. സോഫ്റ്റ്വേര്‍ പ്രശ്നം പരിഹരിച്ചപ്പോഴാണ് അന്തിമമായി ഒപ്പിടേണ്ട കമ്മിഷണര്‍ മാറിയത്.
ആര്‍.സി. ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ അച്ചടി വൈകുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കേണ്ടതും കമ്മിഷണറാണ്. ഏഴുലക്ഷത്തോളം ആര്‍.സി. ബുക്ക്/ ലൈസന്‍സ് എന്നിവ ഇനിയും അച്ചടിക്കാനുണ്ട്. അച്ചടിക്കായി സ്വകാര്യപ്രസുമായി കരാറിലേര്‍പ്പെട്ടതിന്റെ പേരില്‍ അന്വേഷണവും വകുപ്പ് നേരിടുന്നുണ്ട്.
മോട്ടോര്‍വാഹന വകുപ്പിലെ പൊതുസ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക മൂന്നുമാസം മുമ്പ് പ്രസിദ്ധീകരിച്ചതാണ്. ആക്ഷേപങ്ങള്‍ കേട്ടശേഷം അന്തിമപട്ടിക തയ്യാറായി. എന്നാല്‍, അതിന് അനുമതി നല്‍കേണ്ടത് കമ്മിഷണറാണ്. ഹെഡ് ക്ലര്‍ക്ക്, ഹെഡ് അക്കൗണ്ടന്റ്, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ സ്ഥലംമാറ്റമാണ് ഫയലിലുറങ്ങുന്നത്.
കോടതിക്കേസുകളില്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ എ.എം.വി.ഐ. മാരുടെ സ്ഥലമാറ്റപ്പട്ടിക ഉണ്ടാക്കിയിട്ടില്ല. എം.വി.ഐ., സീനിയര്‍/ ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഹെഡ് അക്കൗണ്ടന്റ്, ഹെഡ് ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നടന്നപ്പോള്‍ ഉണ്ടായ ഒഴിവുകളിലേക്ക് പകരം നിയമനം, സ്ഥാനക്കയറ്റത്തിലൂടെ നടത്താനും കമ്മിഷണറില്ലാത്തതിനാല്‍ കഴിയുന്നില്ല.
തലപ്പത്ത് ആളില്ല
നിയമന ഉത്തരവിറങ്ങി ഒരുമാസം കഴിഞ്ഞിട്ടും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ഐ.ജി. എ. അക്ബര്‍ ചുമതലയേറ്റില്ല. താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായി അറിയുന്നു. മന്ത്രി ഗണേഷ്‌കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് അക്ബറെ നിയമിച്ചത്. ആന്റണി രാജു മന്ത്രിയായിരിക്കെ തുടങ്ങിവെച്ച പദ്ധതികളുമായി ശ്രീജിത്ത് മുന്നോട്ടുപോയതാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്.
മുതിര്‍ന്ന ഐ.പി.എസ്., ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന തസ്തികയിലേക്ക് ഇത്തവണ ഐ.ജി.യെയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ചില്‍നിന്നാണ് അക്ബര്‍, മോട്ടോര്‍വാഹനവകുപ്പ് മേധാവിയായി എത്തേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പ്രമോജ് ശങ്കറിനാണ് നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അധികചുമതല. വകുപ്പിന് തലവനില്ലാതായതോടെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കയാണ്.
നിര്‍ണായകമായ കാര്യങ്ങളിലൊന്നും ജോയിന്റ് കമ്മിഷണര്‍മാര്‍ തീരുമാനം എടുക്കുന്നില്ല. ആര്‍.സി., ലൈസന്‍സ് അച്ചടി, വാഹന ടെസ്റ്റിങ് കേന്ദ്രങ്ങളുടെ നവീകരണം, പുതിയവാഹനങ്ങള്‍ വാങ്ങല്‍, ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കുക തുടങ്ങിയവയിലൊന്നും നടപടിയില്ല. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവരുടെ സ്ഥലംമാറ്റവും മുടങ്ങിയിരിക്കയാണ്.
Content Highlights: The Kerala Motor Vehicles Department is facing a leadership crisis with no Transport Commissioner
Published: 10 Sept 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented