ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ ലാന്‍ഡ് ക്രൂയിസര്‍ 300-ന്റെ 2025 പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലാന്‍ഡ് ക്രൂയിസറിന്റെ റെഗുലര്‍ മോഡലിനൊപ്പം ഓഫ് റോഡ് പതിപ്പായ ജി.ആര്‍-എസ്. മോഡലും വിപണിയില്‍ എത്തുന്നുണ്ട്. എല്‍.സി.300, ഇസഡ്.എക്‌സ് വേരിയന്റിന് 2.31 കോടി രൂപയും ജി.ആര്‍-എസ്. വേരിയന്റിന് 2.41 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ 20 ലക്ഷം രൂപയില്‍ അധികമാണ് 2025 പതിപ്പിന്റെ വില.
സാങ്കേതിക മികവിലും സുരക്ഷയിലും മുന്‍ മോഡലിനെക്കാള്‍ ഒരുപടി മുന്നിലാണ് 2025 ലാന്‍ഡ് ക്രൂയിസറെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. സെഗ്മെന്റ്, വില എന്നിവയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ക്രൂയിസര്‍ 300-ന് ഇന്ത്യയില്‍ എതിരാളികള്‍ ഇല്ലെന്ന് പറയാമെങ്കിലും സീറ്റിങ്ങ് ഓപ്ഷനുകളുടെയും വിലയുടെയും അടിസ്ഥാനത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, മെഴ്‌സിഡീസ് എ.എം.ജി. ജി63 എന്നീ മോഡലുകള്‍ക്ക് ലാന്‍ഡ് ക്രൂയിസര്‍ 300 എതിരാളിയാകും.
എക്‌സ്റ്റീരിയറിലെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് 2025 ലാന്‍ഡ് ക്രൂയിസര്‍ എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ്ങിലുള്ള ഗ്രില്ല്, ബൈ-എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, 20 ഇഞ്ച് മെഷിന്‍ കട്ട് അലോയി വീല്‍, ക്രോമിയത്തില്‍ പൊതിഞ്ഞ വിന്‍ഡോ ഫ്രെയിമും റിയര്‍വ്യൂ മിററും തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നത്. വാഹനത്തിന്റെ വലിപ്പത്തിലും ഭാരത്തിലും മുന്‍ മോഡലിന് സമാനമാണ് പുതിയ പതിപ്പും.
ഫീച്ചറുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, സണ്‍റൂഫ്, എട്ട് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാകുന്ന ഡ്രൈവര്‍ സീറ്റ്, ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള കുള്‍ഡ് സ്റ്റോറേജ്, 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ സാങ്കേതികവിദ്യകള്‍, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള ഗിയര്‍ നോബ് തുടങ്ങിയ ഫീച്ചറുകളാണ് അധികമായി നല്‍കിയിട്ടുള്ളത്.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് 2025 ലാന്‍ഡ് ക്രൂയിസറിന്റെ മറ്റൊരു സവിശേഷത. 10 എയര്‍ബാഗ്, അടിസ്ഥാന ഫീച്ചറായി സ്ഥാനമുറപ്പിച്ച ലെവല്‍-2 അഡാസ്, അഡാപ്റ്റീവ് ഹെഡ്‌ലാമ്പ്, ലെയ്ന്‍കീപ്പ് അസിസ്റ്റന്‍സ്, ഓട്ടോണമസ് ബ്രേക്കിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ, ജി.ആര്‍-എസില്‍ ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, മുന്നിലും പിന്നിലും ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍, ക്രൗള്‍ കണ്‍ട്രോള്‍, ടെറൈന്‍ മോഡുകള്‍, നാല് ഓഫ് റോഡ് മോണിറ്ററിങ് ക്യാമറ എന്നിവയും നല്‍കുന്നുണ്ട്.
മുന്‍ മോഡലുകളില്‍ കരുത്തേകിയിരുന്ന 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി6 ഡീസല്‍ എന്‍ജിനാണ് 2025 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300-ന്റെ രണ്ട് വേരിയന്റുകളിലും നല്‍കിയിട്ടുള്ളത്. ഇത് 309 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: The 2025 Toyota Land Cruiser 300 arrives in India with enhanced features-safety and two variants
Published: 19 Feb 2025, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented