സിനിമാലോകത്തുനിന്നുള്ള മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ഗംഭീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ് മലയാളികളുടെ മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനായി അല്‍പ്പസമയം മുമ്പാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. കാര്‍ സ്വയം ഓടിച്ച് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂട്ടിയുടെ വരവ്.

To advertise here,

ഹൈദരാബാദിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഹൃദയം നിറയ്ക്കുന്ന പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. 369 നമ്പറിലുള്ള തന്റെ പ്രിയപ്പെട്ട വാഹനമായ ടൊയോട്ടാ ലാന്‍ഡ് ക്രൂയിസറില്‍ ചാരി സണ്‍ ഗ്ലാസും ധരിച്ച് നില്‍ക്കുന്ന സ്റ്റൈലിഷ് ചിത്രവും മമ്മൂട്ടി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

'ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിലേക്ക് മടങ്ങിയെത്തുകയാണ്. ഇക്കാലയളവില്‍ എന്നെ കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. ക്യാമറ വിളിക്കുന്നു...' -ഇതായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

അല്‍പ്പസമയം മുമ്പാണ് പാട്രിയറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്. പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.