അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ തുറക്കുന്നു. ഷോറൂമിന്റെ ലോക്കേഷന്‍ ഉള്‍പ്പെടെയുള്ളവ മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഷോറൂം തുറക്കുന്നതിനുള്ള സമയം കൂടി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഓഗസ്റ്റ് 11-ന് ഡല്‍ഹിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്‌ല ഇന്ത്യയുടെ മേധാവികള്‍ അറിയിച്ചിരിക്കുന്നത്. ജൂലായ് 15-നാണ് ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്.
ഡല്‍ഹി വിമാനത്താവളം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന എയറോ സിറ്റിയിലാണ് ടെസ്‌ലയുടെ ഡല്‍ഹിയിലെ ഷോറൂം തുറക്കുന്നത്. ഡല്‍ഹിയിലെ ഷോറൂം തുറക്കുന്നതിന് പിന്നാലെ തന്നെ തലസ്ഥാന നഗരിയിലെ ഉപയോക്താക്കള്‍ക്ക് ടെസ്‌ലയുടെ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ടെസ്‌ലയുടെ ഷോറൂം തുറന്ന ദിവസം തന്നെ ആദ്യ വാഹനമായ മോഡല്‍ വൈയും അവതരിപ്പിക്കുകയും വെബ്‌സൈറ്റ് വഴി ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു.
ടെസ്‌ല വാഹന നിരയിലെ എസ്‌യുവിയായ മോഡല്‍ വൈ ആണ് ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ടെസ്‌ല മോഡല്‍ വൈക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അവതരണത്തിന് പിന്നാലെ ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എവിടെ നിന്നും വാഹനം ബുക്ക് ചെയ്യാമെന്ന് ടെസ്ല അറിയിച്ചു.
ഇന്ത്യയില്‍ എത്തിച്ചിരിക്കുന്ന മോഡല്‍ വൈ എസ്‌യുവിയുടെ സ്റ്റാന്റേഡ് വേരിയന്റിന് ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് ലഭിക്കുന്നത്. അതേസമയം, ലോങ് റേഞ്ച് പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ചാണ് ടെസ്‌ല ഉറപ്പുനല്‍കുന്നത്. 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 80,000 കിലോമീറ്റര്‍ അല്ലെങ്കില്‍ നാല് വര്‍ഷമാണ് മോഡല്‍ വൈ-ക്ക് നിര്‍മാതാക്കള്‍ നല്‍കുന്ന വാറണ്ടി.
ടെസ്‌ലയുടെ വാഹന നിരയിലെ ഫീച്ചര്‍ സമ്പന്നമായ മോഡലാണ് മോഡല്‍ വൈ. 15.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹീറ്റഡ്-വെന്റിലേറ്റഡ് സംവിധാനങ്ങളുള്ള മുന്‍നിര സീറ്റുകള്‍, ഒമ്പത് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, എട്ട് ഇഞ്ച് റിയര്‍ സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റ്, എട്ട് എക്സ്റ്റീരിയര്‍ ക്യാമറകള്‍, പനോരമിക് ഗ്ലാസ് റൂഫ്, മുന്നിലും പിന്നിലുമായി നല്‍കിയിട്ടുള്ള പവേഡ് എസി വെന്റുകള്‍ എന്നിങ്ങനെ നീളും ഈ ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലെ ഫീച്ചറുകള്‍.
ടെസ്‌ല മോഡല്‍ വൈ-യുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. വാഹനത്തിന് ന്യൂജെന്‍ ലുക്ക് നല്‍കുന്ന നേര്‍ത്ത ലൈറ്റുകള്‍, പിന്നില്‍ നല്‍കിയിട്ടുള്ള കണക്ടഡ് ടെയ്ല്‍ ലാമ്പ് എന്നിവ പുതുതലമുറ വാഹനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് നല്‍കിയിട്ടുള്ളത്. പേള്‍ വൈറ്റ്, സ്റ്റെല്‍ത്ത് ഗ്രേ, ഡീപ് ബ്ലൂ മെറ്റാലിക്, അള്‍ട്രാ റെഡ്, ക്വിക്ക് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളും ഡിസൈനിന് മാറ്റുകൂട്ടുന്നു. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളാണുള്ളത്.
Content Highlights: Tesla second showroom in India opens in Delhi Aerocity on August 11th-following the Mumbai launch
Published: 05 Aug 2025, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented