ഇന്ത്യൻ നിരത്തുകളിലേക്ക് ടാറ്റ മോട്ടോഴ്‌സ് തിരിച്ചെത്തിച്ചിരിക്കുന്ന ഐതിഹാസിക നാമമാണ് സിയേറ എന്നത്. ഇന്ത്യയിലെ എസ്‌യുവികളുടെ തുടക്കക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ടാറ്റ ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെത്തിയ ടാറ്റയുടെ പുതിയ സിയേറ ആദ്യമായി ഓടിച്ച് നോക്കാൻ അവസരം ലഭിച്ചത് ഏറ്റവും അർഹനായ വ്യക്തിക്ക് തന്നെയാണ്. സംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയും സിനിമതാരവുമായ കെ.ബി.ഗണേഷ് കുമാറാണ് കേരളത്തിലെത്തിയ ആദ്യ സിയേറ ഓടിച്ച് നോക്കിയത്.

To advertise here,

മന്ത്രി ഗണേഷ് കുമാർ പുതിയ സിയേറ ഓടിച്ച് നോക്കുന്നതിന്റെയും വാഹനത്തിന്റെ ഡിസൈനും ഫീച്ചറുകളും പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ ടാറ്റ മോട്ടോഴ്‌സ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെത്തിയ പുതിയ സിയേറ ഓടിച്ച് നോക്കിയതിന്റെ സന്തോഷം ഗണേഷ് കുമാറും തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സിയേറയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഓർമകളും സാമൂഹിക മാധ്യമങ്ങളിൽ മന്ത്രി വിശദീകരിക്കുന്നുണ്ട്.

പുതിയ സിയേറ ഞാൻ ഓടിച്ചുനോക്കി. പണ്ട് KL 01 D 1 നമ്പറിലുള്ള ഒരു സിയേറ എനിക്ക് സ്വന്തമായുണ്ടായിരുന്നു. ഗ്രേ നിറത്തിലുള്ള വാഹനമായിരുന്നു അത്. ഒത്തിരി വർഷം ആ വാഹനം ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ സിയേറ വന്നപ്പോൾ അതും ഓടിച്ച് നോക്കിയത്. പുതിയതും പഴയതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ലെങ്കിലും എല്ലാ ലേറ്റസ്റ്റ് ടെക്‌നോളജികളുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

മഞ്ഞ നിറത്തിലുള്ള പുതിയ സിയേറ എടുക്കാൻ ഞാൻ തീരുമാനിച്ചു. ടാറ്റയുടെ പുതിയ എൻജിനിലുള്ള പെട്രോൾ മോഡലാണ് ഞാൻ ഓടിച്ചത്. എനിക്ക് അത് വളരെയേറെ ഇഷ്ടപ്പെട്ടു. സുരക്ഷയുടെ കാര്യത്തിൽ അപ്രതീക്ഷിതമായ സംവിധാനങ്ങളാണ് വരുത്തിയിട്ടുള്ളത്. സാധാരണ നമ്മൾ വണ്ടിയെ ഓടിക്കുകയാണെങ്കിൽ പുതിയ സിയേറ നമ്മളെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറയുന്നു. കുറഞ്ഞ വിലയിൽ ഇത്രയും ഫീച്ചറുകളുള്ള വാഹനം എത്തിയത് ഗംഭീരമായെന്നും മന്ത്രി പറയുന്നു.

പുതിയ തലമുറ സിയേറയിൽ, 158 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈപ്പീരിയോൺ എൻജിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്‌സുകളാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 105 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും സിയേറ എത്തുന്നുണ്ട്. ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ.

1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനിലും സിയേറ എത്തുന്നുണ്ട്. 116 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിഎ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷനുകൾ. മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന ഈ വാഹനത്തിന് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ മാസം സിയേറയുടെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.