ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ എസ്‌യുവി, വര്‍ഷങ്ങളായി ടാറ്റ നെക്‌സോണിന്റെ വിശേഷണം ഇതാണ്. ക്രാഷ് ടെസ്റ്റില്‍ പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചതിന് പിന്നാലെ പേരിനൊപ്പം ചേര്‍ത്തുവെച്ച ഈ വിശേഷണം കൈവിടാതിരിക്കാന്‍ അല്‍പ്പം ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കൂടി ഈ വാഹനത്തില്‍ നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. അഡാസ് (അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സംവിധാനമാണ് നെക്‌സോണില്‍ പുതുതായി കൊണ്ടുവന്ന ഫീച്ചര്‍.

To advertise here,

നെക്‌സോണ്‍ ഇലക്ട്രിക് മോഡലില്‍ അടുത്തിടെ കൊണ്ടുവന്നതിന് സമാനമായ അഡാസ് ഫീച്ചര്‍ തന്നെയാണ് ഇപ്പോള്‍ റെഗുലര്‍ നെക്‌സോണിലും നല്‍കിയിട്ടുള്ളത്. നെക്‌സോണ്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഫിയര്‍ലെസ് പ്ലസ് പിഎസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിലാണ് അഡാസും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, സ്‌പെഷന്‍ എഡിഷനായി എത്തിയിട്ടുള്ള നെക്‌സോണ്‍ റെഡ് ഡാര്‍ക്ക് എഡിഷനുകളിലും അഡാസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

നെക്‌സോണ്‍ ഫിയര്‍ലെസ് പ്ലസ് പിഎസ് വേരിയന്റിന്റെ വില 13.26 ലക്ഷം രൂപയായിരുന്നു. എന്നാല്‍, അഡാസ് സ്യൂട്ട് നല്‍കിയതോടെ 27,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. റെഡ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്ക് 28,000 രൂപയുടെയും വര്‍ധനവുണ്ടായിട്ടുണ്ട്. 13.81 ലക്ഷം രൂപയാണ് ഈ മോഡലുകളുടെ പുതിയ എക്‌സ്‌ഷോറൂം വില.

ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈല്‍ റെക്കഗനീഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങളാണ് അഡാസില്‍ അധിഷ്ഠിതമായി നെക്‌സോണില്‍ നല്‍കിയിരിക്കുന്നത്. അടിസ്ഥാന സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പമാണ് അഡാസും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലോ മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റവും വരുത്തിയിട്ടില്ല.