ഇന്ത്യയിലെ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ ഏഴ് മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചത്. 2030 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഏഴ് പുതിയ മോഡല്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിക്ഷേപക കൂട്ടായ്മയില്‍ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

To advertise here,

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ മേധാവികളായ ടാറ്റ മോട്ടോഴ്‌സ് ഇന്റേണല്‍ കംപസ്റ്റിന്‍ എന്‍ജിന്‍ (ഐസ്) വാഹനങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധചെലുത്താനുള്ള നീക്കങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഏഴ് വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഐസ് എന്‍ജിന്‍ മോഡലുകള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. 

പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ഏഴ് വാഹനങ്ങളില്‍ ആദ്യമെത്തുന്നത് ടാറ്റയുടെ ഐതിഹാസിക എസ്‌യുവിയായ സിയേറയായിരിക്കുമെന്നാണ് സൂചനകള്‍. ഐസ് എന്‍ജിന്‍ കരുത്തിലും ഇലക്ട്രിക് വാഹനമായും സിയേറയെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. ഇതിനുപിന്നാലെ തന്നെ ടാറ്റ മുമ്പുതന്നെ കണ്‍സെപ്റ്റ് അവതരിപ്പിച്ചിട്ടുള്ള അവിന്യയേയും നിരത്തുകളില്‍ എത്തിയേക്കും. ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും പ്രീമിയം മോഡലായായിരിക്കും അവിന്യ എത്തുക.

ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മോഡുലാര്‍ ഇഎംഎ ആര്‍കിടെക്ചര്‍ അടിസ്ഥാനമാക്കിയായിരിക്കും അവിന്യ നിര്‍മിക്കുകയെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. പുതുതലമുറ ലാന്‍ഡ് റോവര്‍ വെലാര്‍, ഇവോക്, ഡിസ്‌കവറി സ്‌പോട്ട് എന്നീ മോഡലുകളും ഈ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക. രണ്ടാമത്തെ മോഡലായി അവിന്യ എത്തുമെന്ന് സൂചനയുണ്ടെങ്കിലും ഏപ്പോഴായിരിക്കും പുറത്തിറക്കുകയെന്നത് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. 

ഈ വാഹനങ്ങള്‍ക്ക് പുറമെ, പുതിയ നാല് മോഡലുകളും ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രണ്ട് ഇലക്ട്രിക് മോഡലുകളും രണ്ട് ഐസ് എന്‍ജിന്‍ കാറുകളും ഇതില്‍ ഉള്‍പ്പെടും. ടാറ്റ മോട്ടോഴ്‌സ് ഇതിനോടകം നിരത്തുകളില്‍ എത്തിച്ചിട്ടുള്ള വിവധ വാഹനങ്ങളുടെ ഫെസ്‌ലിഫ്റ്റ് പതിപ്പുകളും പുതുതലമുറ മോഡലുകളും പുറത്തിറക്കാനുള്ള പദ്ധതികളും നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്.