നവരാത്രി-ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന് | Photo: Tata Motors
ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് കൊയ്ത്ത് കാലമാണ് ധന്‍തേരസ്- ദീപാവലി ഉത്സവ സീസണുകള്‍. ഇത്തവണയും പതിവ് തെറ്റിയില്ല, ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് 10,000 കോടിയോളം രൂപയുടെ വാഹന വില്‍പ്പന ഇന്ത്യയില്‍ നടന്നതായാണ് വിവരം. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് പൊതുവെ നേട്ടമായിരുന്നുവെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നിറവിലാണ് രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.
നവരാത്രി-ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ലഭിച്ച വില്‍പ്പനയെക്കാള്‍ 33 ശതമാനം അധികമാണ് ഈ വര്‍ഷം ലഭിച്ചതെന്നും ടാറ്റ അറിയിച്ചു. വില്‍പ്പന നേട്ടം സമ്മാനിച്ചതിന്റെ സുപ്രധാന പങ്കുവഹിച്ചത് നെക്‌സോണ്‍, പഞ്ച് എന്നിവ ഉള്‍പ്പെടുന്ന എസ്‌യുവി വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയും മികച്ചതായിരുന്നുവെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചത്.
നെക്‌സോണിന്റെ 38,000 യൂണിറ്റാണ് ഉത്സവ സീസണില്‍ മാത്രം വില്‍ക്കാനായത്. മുന്‍ വര്‍ഷം ഇതേകാലയളവിലേതിനെക്കാള്‍ 73 ശതമാനത്തിന്റെ വര്‍ധന. പഞ്ചിന്റെ വില്‍പ്പന 32,000 യൂണിറ്റിലേക്കും എത്തിയിട്ടുണ്ട്. 29 ശതമാനത്തിന്റെ വര്‍ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 10,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനായതും ടാറ്റയുടെ ഉത്സവകാലത്തെ നേട്ടമാണ്. നഗരങ്ങളിലും അര്‍ധ നഗരങ്ങളിലുമാണ് ഈ വാഹനങ്ങളില്‍ ഏറിയ പങ്കും വിറ്റഴിച്ചിരിക്കുന്നത്.
ടാറ്റയുടെ എസ്‌യുവികള്‍ക്ക് ഡിമാന്റ് ഉയര്‍ന്നതും ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതുമാണ് ഉത്സവകാലത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ ടാറ്റയെ സഹായിച്ചത്. ടിയാഗോ, അള്‍ട്രോസ് തുടങ്ങിയ ഹാച്ച്ബാക്കുകള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഹാരിയര്‍, സഫാരി, കര്‍വ് മോഡലുകള്‍ക്ക് സാധാരണ നിലയിലുള്ള വില്‍പനയായിരുന്നു ഈ സീസണിലുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്.
Content Highlights: Tata Motors achieves record-breaking festive season sales, selling over 1 lakh vehicles. Nexon and Punch SUVs drive strong performance, with EVs also contributing significantly.
Published: 22 Oct 2025, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented