ന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ സാനന്ദിലുള്ള പ്ലാന്റിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ റെഗുലേറ്ററി ഫയലിങ്ങിൽ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുജറാത്തിൽ തുടരുന്ന കനത്ത മഴയേയും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്താണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

To advertise here,

ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിനും 500 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്തതായാണ് റിപ്പോർട്ടുകൾ. ഇതോടെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40,000-ത്തിൽ അധികം ആളുകളെ ഒഴിപ്പിക്കുകയും വെള്ളപ്പൊക്കത്തിൽ റോഡ്, റെയിൽ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുകയും ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗുജറാത്തിലേയും സമീപ പ്രദേശങ്ങളിലേയും വിതരണക്കാരെയും വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചതായാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇതോടെ വാഹന വിതരണം പൂർണമായും തടസ്സപ്പെട്ടു. ടാറ്റയുടെ അസംബ്ലി പ്ലാന്റുകളുടെയും വെണ്ടർ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചിരിക്കുന്നത്.

വിതരണക്കാരുമായി സഹകരിച്ച് എത്രയും വേഗത്തിൽ തന്നെ വാഹനങ്ങളുടെ നിർമാണം ആരംഭിക്കും. കമ്പനിയുടെ പദ്ധതി അനുസരിച്ച് കാര്യങ്ങൾ നടക്കുകയാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സാനന്ദ് പ്ലാന്റിലെ ഉത്പാദനം വീണ്ടും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ടാറ്റ അറിയിച്ചത്. സാനന്ദ് പ്ലാന്റിൽ ടാറ്റ മോട്ടോഴ്‌സിന്റെ രണ്ട് പാസഞ്ചർ വെഹിക്കിൾ പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്.

ടാറ്റയുടെ ജനപ്രിയ മോഡലുകളായ സിയേറ, നെക്‌സോൺ എന്നീ എസ്‌യുവികളും ടിയാഗോ, ടിഗോർ എന്നീ വാഹനങ്ങളും സാനന്ദിലെ പ്ലാന്റിലാണ് നിർമിക്കുന്നത്. ഉത്പാദനത്തിൽ ഇപ്പോഴുണ്ടായ തടസ്സം മൂലം വാഹനങ്ങളുടെ ബുക്കിങ് കാത്തിരിപ്പ് നീളാനുള്ള സാധ്യതയുമുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടത്തെ കുറിച്ച് വിലയിരുത്തി വരികയാണെന്നും ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു.