വാഹനനിര വിപുലമായതോടെ ഇന്ത്യയില്‍ വലിയ ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള കമ്പനിയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിന്റെ റൈഡര്‍ എന്ന വേരിയന്റിന്റെ 2020-ലെ മുഴുവന്‍ യൂണിറ്റും വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ വിറ്റുത്തീര്‍ന്നത്. 

To advertise here,

റാപ്പിഡിന്റെ അടിസ്ഥാന വേരിയന്റാണ് റൈഡര്‍. 2020-ലേക്കായി നിര്‍മിച്ച യൂണിറ്റുകള്‍ വിറ്റു തീര്‍ന്നതോടെ ഈ വേരിയന്റ് താത്കാലികമായി സ്‌കോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍, അടുത്ത വര്‍ഷം ആദ്യം തന്നെ വീണ്ടും റൈഡര്‍ വേരിയന്റ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കോഡ വാഹനനിരയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് റാപ്പിഡ്. ഇതിന്റെ വകഭേദങ്ങളില്‍ ഏറ്റവുമധികം ഡിമാന്റ് ഉണ്ടായിരുന്നത് റൈഡര്‍ വേരിയന്റിനായിരുന്നു എന്നാണ് സ്‌കോഡ അഭിപ്രായപ്പെടുന്നത്. സ്‌കോഡയുടെ റാപ്പിഡ് സെഡാന് അധികം ബുക്കിങ്ങാണ് ലഭിക്കുന്നതെന്നാണ് സ്‌കോഡ ഇന്ത്യയുടെ മേധാവി സാക്ക് ഹോളിസ് കഴിഞ്ഞ മാസം ട്വിറ്ററില്‍ കുറിച്ചിരുന്നു. 

റൈഡറിന്റെ വില്‍പ്പന അവസാനിച്ചതോടെ ഇനി അഞ്ച് വേരിയന്റാണ് റാപ്പിഡിനുള്ളത്. റൈഡര്‍ പ്ലസ്, അംബീഷന്‍, ഒനിക്‌സ്, സ്റ്റൈല്‍, മോണ്ട് കാര്‍ലോ എന്നിവയാണ് ഇവ. റാപ്പിഡ് മാനുവല്‍ മോഡലിന് 7.99 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 9.49 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 108 ബി.എച്ച്.പി പവറും 175 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Skoda Rapid Rider Variant Sold Out For 2020