ബ്രിട്ടീഷ് അത്യാഡംബര വാഹനനിർമാതാക്കളായ ബെൻ്റ്‌ലിയെ തങ്ങളുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലേക്ക് ചേർത്തതായി പ്രഖ്യാപിച്ച് സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL). ഇന്ത്യയിലുടനീളമുള്ള ബെന്റ്ലി വാഹനങ്ങളുടെ ഇറക്കുമതി, വിതരണം, സർവീസ് എന്നിവയുടെ ഉത്തരവാദിത്തം ഇനി മുതൽ SAVWIPL-ന് ആയിരിക്കും. 

To advertise here,

പുതിയ നീക്കത്തിലൂടെ, രാജ്യത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ആഢംബര വാഹന രംഗത്തിന്റെ ഭാഗമായ ബെന്റ്ലി ശ്രമിക്കുന്നത്. ഔഡി, പോർഷെ, ലംബോർഗിനി, സ്കോഡ, ഫോക്സ്‌വാഗൺ എന്നിവയ്‌ക്കൊപ്പം ബെന്റ്ലിയും ചേരുന്നതോടെ, സാധാരണ പ്രീമിയം കാറുകൾ മുതൽ അത്യാഡംബര വാഹനങ്ങൾ വരെയുള്ള ബ്രാൻഡുകളുടെ പൂർണ ശ്രേണി ഇന്ത്യയിൽ ഒരൊറ്റ കുടക്കീഴിലേക്കെത്തിക്കും.

ബ്രാൻഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി, SAVWIPL ഗ്രൂപ്പിന് കീഴിൽ ബെന്റ്ലി ഇന്ത്യ എന്ന പേരിൽ പ്രത്യേക കമ്പനിയും
രൂപവത്കരിച്ചിട്ടുണ്ട്. ബെന്റ്ലിയുടെ എല്ലാ മാർക്കറ്റിങ്, വിൽപന, വിൽപനാനന്തര പ്രവർത്തനങ്ങളും ഈ പുതിയ കമ്പനി വഴിയായിരിക്കും നിയന്ത്രിക്കുക.

രാജ്യത്ത് ബ്രാൻഡിന്റെ വളർച്ചാ തന്ത്രങ്ങൾക്ക് നേതൃത്വം നൽകാനായി എബി തോമസിനെ ബ്രാൻഡ് ഡയറക്ടറായും നിയമിച്ചു. ബെന്റ്ലി ഇന്ത്യ തങ്ങളുടെ ആദ്യ ഡീലർഷിപ്പുകൾ ബെംഗളൂരുവിലും മുംബൈയിലുമാണ് ആരംഭിക്കുക. മൂന്നാമത്തെ ഔട്ട്‌ലെറ്റ് ന്യൂഡൽഹിയിൽ തുടങ്ങാനും പദ്ധതിയുണ്ട്.