2024 പാരിസ് ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേട്ടവുമായാണ് മനു ഭാക്കര്‍ എന്ന താരം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഇതിനുപുറമെ, ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അംഗീകാരവും മനു ഭാക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ഈ താരത്തെ ആദരിച്ചിരിക്കുകയാണ് ജെ.എസ്.ഡബ്ല്യു-എം.ജി.മോട്ടോഴ്‌സ്. എം.ജിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ഇലക്ട്രിക് മോഡലായ വിന്‍ഡ്‌സര്‍ ഇ.വി. നല്‍കിയാണ് മനു ഭാക്കറിനെ ആദരിച്ചിരിക്കുന്നത്.
2024 ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെയായിരുന്നു പാരീസ് ഒളിമ്പിക്‌സ്. ഇതിനുപിന്നാലെ സെപ്റ്റംബറിലായിരുന്നു എം.ജി. മോട്ടോഴ്‌സ് വിന്‍ഡ്‌സര്‍ ഇ.വി. പുറത്തിറക്കിയത്. അവതരണ വേളയില്‍ തന്നെ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് ഈ വാഹനം സമ്മാനമായി നല്‍കുമെന്ന് എം.ജി. ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോള്‍ കമ്പനി പാലിച്ചിരിക്കുന്നത്. വിന്‍ഡ്‌സറിന്റെ വില്‍പ്പന 15,000 കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് താരത്തിന് വാഹനം കൈമാറിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പി.ആര്‍.ശ്രീജേഷിനും വിന്‍ഡ്‌സര്‍ ഇ.വി. നല്‍കിയത്.
പാരീസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങ് മത്സരത്തില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും, ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയുമാണ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിലൂടെ മനു ഭാക്കര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 23-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരമെന്ന നിലയിലും മനു ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും ഈ താരത്തിലെ തേടിയെത്തിയിരുന്നു.
2024 സെപ്റ്റംബര്‍ മാസത്തിലാണ് എം.ജി. വിന്‍ഡ്സര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സി.എസ്.യു.വിക്ക് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതയില്‍ 9.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം, ബാറ്ററി ഉള്‍പ്പെടെയുള്ള വാങ്ങലിന് 13.50 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുക. യഥാക്രമം 14.50 ലക്ഷം, 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില.
38 കിലോവാട്ട് ശേഷിയുള്ള എല്‍.എഫ്.പി. ബാറ്ററിയാണ് വിന്‍ഡ്‌സര്‍ ഇ.വിയില്‍ നല്‍കിയിരിക്കുന്നത്. 331 കിലോമീറ്റര്‍ റേഞ്ചാണ് വിന്‍ഡ്‌സര്‍ ഇ.വി. നല്‍കുന്ന റേഞ്ച്. ഇക്കോ പ്ലസ്, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകളള്‍ നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 136 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വിന്‍ഡ്സര്‍ ഇ.വിയുടെ ഹൈലൈറ്റാണ്.
45 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 55 മിനിറ്റില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, 7.7 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ 100 ശതമാനം ബാറ്ററി നിറയും. എന്നാല്‍, 3.3 കിലോവാട്ട് ചാര്‍ജറിന്റെ സഹായത്തില്‍ 100 ശതമാനം ചാര്‍ജ് നിറയാന്‍ 14 മണിക്കൂറോളം സമയമെടുക്കും. 4295 എം.എം. നീളം 1850 എം.എം. വീതി, 1652 എം.എം. ഉയരം 2700 എം.എം. വീല്‍ബേസ് എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ അളവുകള്‍.
Content Highlights: Shooter Manu Bhaker a double medalist at the 2024 Paris Olympics receives an MG Windsor EV
Published: 20 Feb 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented