ഒരു കൂട്ടുകെട്ടിലൂടെ വിജയഗാഥ രചിച്ചതിന്റെ അഭിമാനത്തിലാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എവിഡബ്ല്യുഐപിഎല്‍) എന്ന കമ്പനി. കൂട്ടായി പ്രവര്‍ത്തനം ആരംഭിച്ച് ചെറിയ കാലഘട്ടത്തിലുള്ളില്‍ തന്നെ ഇന്ത്യയില്‍ 20 ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് എസ്എവിഡബ്ല്യുഐപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

To advertise here,

2019-ലാണ് ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുന്നത്. ആറ് വര്‍ഷം കൊണ്ടാണ് ഇന്ത്യയിലെ വാഹനം നിര്‍മാണം 20 ലക്ഷം എന്ന വലിയ സംഖ്യയില്‍ എത്തിക്കാന്‍ എസ്എവിഡബ്ല്യുഐപിഎല്ലിന് സാധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന ലഭിച്ച വര്‍ഷവും 2025 ആണെന്നാണ് എസ്എവിഡബ്ല്യുഐപിഎല്‍ അറിയിച്ചിരിക്കുന്നത്.

2025-ല്‍ കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 61,607 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സ്‌കോഡ ഓട്ടോ അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ വില്‍പ്പനയില്‍ നിന്ന് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. ഫോക്‌സ്‌വാഗണിനും വില്‍പ്പനയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കുതിപ്പ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ വിര്‍ട്ടസിന് ലഭിച്ച സ്വീകാര്യതയാണ് വില്‍പ്പന കുതിപ്പിന് ഇന്ധനമായത്.

എസ്എവിഡബ്ല്യുഐപിഎല്‍ കുടക്കീഴിലുള്ള ആഡംബര ബ്രാന്റുകളായ ബെന്റ്‌ലിക്കും നേട്ടത്തിന്റെ കഥയാണ് പറയാനുള്ളത്. ബെന്റ്‌ലിയുടെ ഇന്ത്യ ഡിവിഷന്‍ നെറ്റ്‌വര്‍ക്ക് വിപുലമാക്കുന്നതിന്റെ ഭാഗമായി മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 4400 പുതിയ ഉപയോക്താക്കളെ നേടാനായതും 13 സ്ഥലങ്ങളിലേക്ക് കൂടി വില്‍പ്പന വ്യാപിപ്പിക്കാന്‍ സാധിച്ചതും പോര്‍ഷെയുടെ നേട്ടങ്ങളുടെ കണക്കാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലുണ്ടായ നേട്ടങ്ങളാണ് എസ്എവിഡബ്ല്യുഐപിഎല്‍ ബ്രാന്റിന് കീഴിലെ മറ്റൊരു ആഡംബര ബ്രാന്റായ ഔഡിക്ക് പങ്കുവയ്ക്കാനുള്ളത്. കമ്പനി ആരംഭിച്ച ചാര്‍ജ് മൈ ഔഡി ഉദ്യമത്തിലൂടെ രാജ്യത്തുടനീളം 6500 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അള്‍ട്രാ ലക്ഷ്വറി ബ്രാന്റായ ലംബോര്‍ഗിനിക്കും ഇത് നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു. 2024-ല്‍ മാത്രം 113 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുകയും, ഈ വര്‍ഷം പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.

എസ്എവിഡബ്ല്യുഐപിഎല്ലിന്റെ ഈ നേട്ടങ്ങളുടെ ക്രെഡിറ്റില്‍ ഏറിയ പങ്കും ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത MQB-A0-IN എന്ന പ്ലാറ്റ്‌ഫോമിനാണ് നല്‍കിയിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മാത്രം അഞ്ചുലക്ഷത്തോളം വാഹനങ്ങള്‍ ഇതിനോടകം നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എസ്എവിഡബ്ല്യുഐപിഎല്‍ അറിയിച്ചിരിക്കുന്നത്. സ്‌കോഡ കുഷാക്, സ്ലാവിയ, കൈലാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വിര്‍ടസ്‌ എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത് ഈ പ്ലാറ്റ്‌ഫോമാണ്.