വാഹനങ്ങളിലെ ആഡംബരത്തിന്റെ അവസാന വാക്ക്, നിരത്തുകളില്‍ ചലിക്കുന്ന കൊട്ടാരം തുടങ്ങി വിശേഷങ്ങളുള്ള വാഹനങ്ങളാണ് റോള്‍സ് റോയിസ് മോഡലുകളത്രയും. കാഴ്ചയില്‍ അല്‍പ്പം പരുക്കനാണെങ്കിലും വാഹനത്തിന്റെ മേല്‍വിലാസം തന്നെ ബോണറ്റില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്പീരിറ്റ് ഓഫ് എക്സ്റ്റസിയിലുണ്ട്. വാഹനത്തിലെ ആഡംബരം, ലോകത്തെ അറിയിക്കുന്ന റോള്‍സ് റോയിസിന്റെ ഫാന്റം എന്ന ലക്ഷ്വറി ലിമോസിന്‍ നിരത്തുകളില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളിലാണ്.

To advertise here,

ഒരു നൂറ്റാണ്ടിന്റെ സ്വപ്‌ന തുല്യമായ യാത്ര ആഘോഷമാക്കുന്നതിനായി ഫാന്റം എന്ന ആഡംബര വാഹനത്തിന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കളായ റോള്‍സ് റോയിസ്. ഫാന്റം സെന്റിനറി പ്രൈവറ്റ് കളക്ഷന്‍ എന്നറിയപ്പെടുന്ന ഈ വാഹനത്തിന്റെ 25 എണ്ണമാണ് റോള്‍സ് റോയിസ് നിര്‍മിക്കുന്നത്. 25 മില്ല്യണ്‍ പൗണ്ട് ആയിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതായത് ഇന്ത്യയില്‍ എത്തിയാല്‍ ഈ വാഹനത്തിന്റെ വില ഏകദേശം 29.2 കോടി രൂപ ആയിരിക്കുമെന്ന് സാരം.

എന്താണ് കാഴ്ചയിലെ പ്രത്യേകത

റോള്‍സ് റോയിസില്‍ നിന്ന് 1930-കളില്‍ പുറത്തിറങ്ങിയ ഫാന്റം II കോണ്ടിനെന്റല്‍ മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുപരിധി വരെ ഫാന്റം സെന്റിനറി പ്രൈവറ്റ് കളക്ഷന്‍ ഒരുങ്ങിയിരിക്കുന്നത്. കറുപ്പും വെളുപ്പും ചേര്‍ന്ന ഇരട്ട നിറത്തിലാണ് പുറംഭാഗത്തെ അലങ്കാരം. വാഹനത്തിന് കൂടുതല്‍ തിളക്കം ലഭിക്കുന്നതിനായി ഈ നിറങ്ങള്‍ക്ക് മുകളിലൂടെ ഗോള്‍ഡ് ഫ്‌ളെയ്ക്കും നല്‍കിയിട്ടുണ്ട്. റോള്‍സ് റോയിസ് മേല്‍വിലാസമായ സ്പിരിറ്റ് ഓഫ് എക്‌സ്റ്റെസി സ്വര്‍ണ നിറത്തില്‍ രൂപകല്‍പ്പന ചെയ്താണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബോഡിയിലെ ഇരട്ട നിറത്തിന്റെ തുടര്‍ച്ച വീലുകളിലേക്കും നീളുന്നുണ്ട്. വേറിട്ട ഡിസൈനിലാണ് വീലുകളും തീര്‍ത്തിരിക്കുന്നത്.

റൂഫില്‍ ആരംഭിക്കുന്ന കറുപ്പ് നിറം ബോണറ്റിലേക്കും ഗ്രില്ലിലേക്കും നീളുന്നു. മുന്നിലും പിന്നിലും വശങ്ങളിലുമായി നല്‍കിയിരിക്കുന്ന റോള്‍സ് റോയിസിന്റെ RR ബാഡ്ജിങ് 24 കാരറ്റ് സ്വര്‍ണത്തിലും വൈറ്റ് ഇനാമലിലുമാണ് തീര്‍ത്തിരിക്കുന്നത്. റോള്‍സ് റോയിസിന്റെ ഭൂതകാലവുമായി ബന്ധപ്പെടുത്തിയാണ് ഈ വാഹനത്തിന്റെ ഓരോ ഭാഗവും ഒരുങ്ങിയിരിക്കുന്നതെന്നാണ് സെന്റിനറി പ്രൈവറ്റ് കളക്ഷന്‍ മോഡലിന്റെ ഡിസൈനറായ മാറ്റ് ഡെന്റണ്‍ പറയുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന സ്‌ക്വയര്‍ ഹെഡ്‌ലാമ്പുകള്‍ റെഗുലര്‍ പതിപ്പില്‍ നല്‍കിയിരിക്കുന്നതിന് സമമാണ്. ഡോറുകളും പിന്നിലെ ലൈറ്റുകളുമെല്ലാം റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

അകത്തളത്തിലെ ആഡംബരം എങ്ങനെ

ആഡംബരത്തിനൊപ്പം പോയകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില അടയാളപ്പെടുത്തലുകളുമായാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. 2003-ല്‍ ബ്രാന്റ് റീലോഞ്ച് ചെയ്ത സമയത്തെ കോഡ് നെയിമായിരുന്ന റോജര്‍ റാബിറ്റിനോടുള്ള ബഹുമാനാര്‍ഥം റാബിറ്റിന്റെ ഡിസൈന്‍ ഉള്‍പ്പെടെയുള്ളവ സീറ്റില്‍ ലേസര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. 4,40,000 തുന്നലുകള്‍ ചേര്‍ന്നാണ് ഈ വാഹനത്തിന്റെ ഹെഡ്‌ലൈനര്‍ ഒരുക്കിയിരിക്കുന്നത്. പലപ്പോഴായി റോള്‍സ് റോയിസിന് ലഭിച്ച അംഗീകാരങ്ങള്‍ പതിപ്പിച്ച ആന്തോളജി ഗ്യാലറിയാണ് ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുള്ള അലുമിനിയം ഫിന്നുകളില്‍ നല്‍കിയിരിക്കുന്നത്. വായിക്കാന്‍ സാധിക്കുന്ന തരത്തില്‍ ത്രീ ഡി പ്രിന്റ് ചെയ്താണ് ഇവ നല്‍കിയിരിക്കുന്നത്.

ഫാന്റത്തിന്റെ ചരിത്രത്തിലെ മൂന്ന് പ്രധാനപ്പെട്ട സംഭവങ്ങളാണ് പിന്നിലെ സീറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഫാന്റം ആദ്യമായി അവതരിപ്പിച്ച റോള്‍സ് റോയിസിന്റെ കോണ്‍ഡ്യൂറ്റ് സ്ട്രീറ്റ് ഷോറൂമിന്റെ ചിത്രവും തെക്കന്‍ ഫ്രാന്‍സിനെ കുറിച്ചുള്ള ഹെന്‍ട്രി റോയിസിന്റെ ഓയില്‍ പെയിന്റിങ്ങുകളുമാണ് ഇതിലുള്ളത്. സീറ്റുകളുടെ ഷേപ്പിന് അനുസരിച്ച് 45 പാനലുകള്‍ നിരത്തിയാണ് ഈ സീറ്റുകളില്‍ ഈ അലങ്കാരം ചിട്ടയായി പതിപ്പിച്ചിരിക്കുന്നത്. സാവില്‍ റോ ടെയ്‌ലറിങ് രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നിലെ സീറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഫാന്റം എന്ന വാഹനത്തിന്റെ ചരിത്രപരമായ യാത്രകളാണ് മുന്നിലെ ഡോര്‍ പാനലുകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. കൊത്തുപണികളിലൂടെയാണ് ഇത് ഓരോന്നും അടയാളപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍ സൈഡിലെ ഡോര്‍ പാനലില്‍ ഫാന്റം ഓസ്‌ട്രേലിയയില്‍ ഉടനീളം നടത്തിയ 7242 കിലോമീറ്റര്‍ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, യാത്രക്കാരന്റെ വശത്ത് വെസ്റ്റ് വിറ്ററിങ്ങിലുള്ള ഹെന്‍ട്രി റോയിസിന്റെ വേനല്‍ക്കാല വസതിയുടെ ചിത്രമാണ് കൊത്തുപണി ചെയ്തിരിക്കുന്നത്. ലേസര്‍ പ്രിന്റ്. ത്രീ ഡി ഇങ്ക് ലെയറിങ്, 24 കാരറ്റ് ഗോള്‍ഡ് ലീഫിങ് എന്നിവയിലൂടെയാണ് ഡോര്‍ പാനലില്‍ ഈ ചിത്രങ്ങളും ഡിസൈനുകളും ആലേഖനം ചെയ്തിരിക്കുന്നത്.

തുടരുന്ന കരുത്ത്

ഫാന്റം സെന്റിനറി പ്രൈവറ്റ് കളക്ഷന്‍ മോഡലില്‍ റെഗുലര്‍ പതിപ്പില്‍ നിന്ന് അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി ഒരു അഴിച്ചുപണിക്ക് നിര്‍മാതാക്കള്‍ തുനിഞ്ഞിട്ടില്ല. റോള്‍സ് റോയിസ് വാഹനങ്ങള്‍ക്ക് കരുത്തേകിക്കൊണ്ടിരിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 പെട്രോള്‍ എന്‍ജിനാണ് ഈ പ്രത്യേക പതിപ്പിലും കരുത്തേകുന്നത്. ഇത് 563 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍.