
ലോകത്തിലെ തന്നെ എണ്ണംപറഞ്ഞ അത്യാഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസ് അവരുടെ വാഹന നിരയിലേക്ക് ആദ്യ എസ്.യു.വി. അവതരിപ്പിക്കുമ്പോള്‍ ഒരുപക്ഷെ അവര്‍ പോലും വിചാരിച്ച് കാണില്ല അവരുടെ ലൈനപ്പിലെ ഏറ്റവുമധികം വില്‍പനയുള്ള വാഹനമായി അത് മാറുമെന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി എസ്.യു.വിയായി 2018-ലാണ് റോള്‍സ് റോയിസ് കള്ളിനന്‍ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ മുഖംമിനുക്കല്‍ വരുത്തിയിരിക്കുകയാണ് ഈ വാഹനം.
റോള്‍സ് റോയിസ് കള്ളിനന്‍-II എന്ന പേരിലാണ് മുഖംമിനുക്കിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. ലുക്കില്‍ വരുത്തിയിട്ടുള്ള വന്‍ അഴിച്ചുപണിയും ഫീച്ചറുകളുടെ എണ്ണത്തില്‍ വരുത്തിയിട്ടുള്ള വര്‍ധനവുമാണ് ഈ വാഹനത്തിന്റെ ആദ്യ മുഖംമിനുക്കലില്‍ നല്‍കിയിട്ടുള്ളത്. എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ ശ്രദ്ധേയം ബമ്പറിനോളം നീളുന്ന എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകളാണ്. ഹെഡ്‌ലൈറ്റിന്റെ ഡിസൈനിലും ശ്രദ്ധേയമായ അഴിച്ചുപണികള്‍ റോള്‍സ് റോയിസ് വരുത്തിയിട്ടുണ്ട്.
റോള്‍സ് റോയിസ് വാഹനങ്ങളില്‍ ആദ്യമായി നല്‍കുന്ന മിനുക്കുപണികളും ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുണ്ട്. റോള്‍സ് റോയിസിന്റെ സിഗ്നേച്ചര്‍ ഗ്രില്ലില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് ഇതാദ്യമാണ്. താഴെയും മുകളിലുമായി ഹോറിസോണ്ടല്‍ ക്രോം ഫ്രെയിമും നല്‍കിയിട്ടുണ്ട്. എയര്‍ ഇന്‍ടേക്കുകള്‍ നല്‍കി ചെറിയ മാറ്റങ്ങള്‍ ബമ്പറിലും വരുത്തിയിട്ടുണ്ട്. 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതിലുള്ളത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ലൈറ്റുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കിഡ് പ്ലേറ്റുമാണ് പിന്‍ഭാഗത്തെ പുതുമ.
ആഡംബരം ഉയര്‍ത്തുന്നതിനുള്ള ഫീച്ചറുകളാണ് ഇന്റീരിയറിലും സ്ഥാനം പിടിച്ചിരിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ ഉടനീളം നല്‍കിയിട്ടുള്ള ഗ്ലാസ് പാനലാണ് പ്രധാന പുതുമ. യാത്രക്കാരന്റെ ഏരിയയില്‍ ഇല്ലുമിനേറ്റഡ് ഡാഷ് പാനലും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, രണ്ട് സ്‌ക്രീനുകളും ഡാഷ്‌ബോര്‍ഡില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ്. റോള്‍സ് റോയിസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ അധിഷ്ഠിതമായാണ് ഇന്‍ഫോടെയ്ന്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.
വാഹനത്തിന്റെ എക്സ്റ്റീരിയറിലേയും ഇന്റീരിയറിലേയും നിറത്തിന് അനുസരിച്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന്റെ നിറം മാറ്റുന്നതിനുള്ള വി12 റോള്‍സും നല്‍കിയിട്ടുണ്ട്. റിമോട്ട് വെഹിക്കിള്‍ ലോക്കിങ്ങ്, വാഹനത്തിലേക്ക് നേരിട്ട് ലൊക്കേഷന്‍ ഷെയറിങ്, ലോക്കേഷന്‍ തിരിച്ചറിയാനും സഹായിക്കുന്ന റോള്‍സ് റോയിസിന്റെ ആപ്പും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള അനലോഗ് ക്ലോക്കും പുതിയ ഫീച്ചറാണ്. മസാജ് സംവിധാനമുള്ള പിന്‍സീറ്റും സ്‌ക്രീനുകളുമാണ് രണ്ടാം നിരയില്‍ നല്‍കിയിട്ടുള്ളത്.
വാഹനത്തിന്റെ ഉള്ളിലും പുറത്തുമായി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായുള്ള മാറ്റത്തിന് റോള്‍സ് റോയിസ് ശ്രമിച്ചിട്ടില്ല. കള്ളിനനിന്റെ ആദ്യ മോഡലില്‍ ഉപയോഗിച്ചിരുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. 600 ബി.എച്ച്.പി പവറും 900 എന്‍.എം ടോര്‍ക്കുമേകുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. വില പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും 6.95 കോടി രൂപയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.
Content Highlights: Rolls Royce launches first facelift model of Cullinan suv named Cullinan Series II
Published: 14 May 2024, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented