കൊച്ചി: റോള്‍സ് റോയ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന സൂപ്പര്‍ ലക്ഷ്വറി സീരീസായ കള്ളിനന്‍ സീരീസ് II വിപണിയിലെത്തുന്നതിന് മുന്നോടിയായുള്ള പ്രദര്‍ശനം ചാക്കോളാസ് പവിലിയനില്‍ നടന്നു.  ചെന്നൈയില്‍ നിന്നും 'കുന്‍ എക്‌സ്‌ക്ലൂസീവാണ്' ചാക്കോളാസ് പവിലിയനില്‍ നടന്ന പ്രിവ്യൂ ഷോയില്‍ വാഹനം അവതരിപ്പിച്ചത്. 

To advertise here,

2018-ല്‍  അരങ്ങേറ്റം നടത്തിയ കള്ളിനന്‍ സീരീസിന്റെ  പുതിയ പതിപ്പാണിത്. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങള്‍ വരുത്തിയും മികച്ച പേഴ്സണലൈസേഷന്‍ ഓപ്ഷനുകളുമായാണ്  സീരീസ് II എത്തുന്നത്. മുന്‍ ഭാഗത്തു തന്നെ  തന്നെ വലിയ  മാറ്റങ്ങളോടെയാണ് പുതിയ റോള്‍സ് റോയ്സ് അവതരിപ്പിച്ചിരിക്കുന്നത്.  

ലൈറ്റ് ഘടിപ്പിച്ച സിഗ്‌നേച്ചര്‍ ഗ്രില്ലുകള്‍, ഉയര്‍ന്ന ഹെഡ് ലൈറ്റുകള്‍,  ബംപറില്‍ നിന്നും താഴേക്കിറങ്ങുന്ന നീളന്‍ എല്‍.ഇ.ഡി  ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്  തുടങ്ങി മനം കവരുന്ന മുഖം മിനുക്കല്‍ പുതിയ കള്ളിനന്റെ  മുന്‍ഭാഗത്ത്  കാണാം. 23 ഇഞ്ച്  അലോയി വീലുകളാണ് ഇതിനുള്ളത്. പുതിയ ഫീച്ചര്‍ലൈന്‍ വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കിഡ് പ്ലേറ്റുകളുമുള്‍പ്പടെ പിന്നിലെ ബംപറുകളില്‍ കാണുന്ന മാറ്റവും  പ്രൗഡമാണ്. 

ഇന്റീരിയറിലെ ആഡംബരം വര്‍ണ്ണനാതീതമാണ്. ഡാഷ്ബോര്‍ഡിന് ഇല്ലുമിനേറ്റഡ് ഗ്ലാസ് പാനലാണുള്ളത്.
അനലോഗ് ക്ലോക്കും  റോള്‍സ് റോയ്സ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഭാഗ്യചിഹ്നവും അടങ്ങിയ ഡാഷ്ബോര്‍ഡ് ക്യാബിനറ്റ് അതിസുന്ദരമായ ദൃശ്യാനുഭവമാണ്. 

ഇതിനുപുറമെ, രണ്ട് സ്‌ക്രീനുകളും ഡാഷ്ബോര്‍ഡിലുണ്ട്. അതില്‍ ഒന്ന് സ്പിരിറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ്. റോള്‍സ് റോയ്സിന്റെ പുതിയ വിസ്പര്‍ ആപ്പും  ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ ഉപയോഗിക്കാനാവും. ഫോണ്‍ വഴി കാര്‍ ലോക്ക് ചെയ്യാനും ലൊക്കേഷന്‍ കണ്ടെത്താനും ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്യാനും സാധിക്കുന്നതാണ് വിസ്പര്‍ ആപ്പ്. അപ്‌ഹോളിസ്റ്ററി നിറങ്ങള്‍ക്കിണങ്ങുന്ന ആന്തരിക ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനും ഓപ്ഷന്‍ ഉണ്ട്. 

എന്‍ജിനിലോ പ്രധാന ഭാഗങ്ങളിലോ മാറ്റങ്ങളില്ല. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 600 ബി.എച്ച്.പി പവറും പരമാവധി 900 എന്‍.എം ടോര്‍ക്കുമേകുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കുള്ളിനന്‍ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനന്‍ സീരീസ് II എന്നിവ കമ്മിഷന്‍ ചെയ്യാന്‍ റോള്‍സ്-റോയ്സ് മോട്ടോര്‍കാര്‍സ് ചെന്നൈയും, റോള്‍സ് റോയ്സ് മോട്ടോര്‍കാര്‍സ് ന്യൂഡല്‍ഹിയും വഴി സാധിക്കും. 

ഇന്ത്യയില്‍ കള്ളിനന്‍ സീരീസ് കകന്റെ വില ആരംഭിക്കുന്നത് 10,50,00,000 രൂപ മുതലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനന്‍ സീരീസ് IIന്റെ വില ആരംഭിക്കുന്നത് 12,25,00,000 രൂപ മുതലാണ്. യഥാര്‍ത്ഥ വില ക്ലയന്റ് സ്പെസിഫിക്കേഷനെ ആശ്രയിച്ചിരിക്കും.