അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് സൂപ്പർ ലക്ഷ്വറി എസ്‌.യു.വി.യായ 'റോള്‍സ് റോയ്‌സ് കള്ളിനന്‍ സ്വന്തമാക്കി ബോളിവുഡ് താരം വിവേക് ഒബ്രോയ്. അച്ഛന്‍ സുരേഷിനും അമ്മ യശോധരയ്ക്കും ഭാര്യ പ്രിയങ്കയ്ക്കുമൊപ്പമെത്തിയാണ് താരം ഗ്യാരേജിലേക്കുള്ള പുതിയ അതിഥിയെ സ്വീകരിച്ചത്. പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന വീഡിയോ വിവേക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

To advertise here,

വിജയം പലരൂപത്തില്‍ പല വലിപ്പത്തില്‍ വരുന്നു. ഇന്ന് ഇതുപോലെയാണ്. ജീവിതത്തിലെ സ്‌പെഷ്യല്‍ നിമിഷങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനാണ് എന്നാണ് വിവേക് ഒബ്രോയ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. 

പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു മനോഹരമായ നിമിഷം കീ ലഭിച്ചയുടനെ വിവേക് അത് അച്ഛന് സുരേഷിന് കൈമാറുന്നതാണ്. അച്ഛനോട് വണ്ടിയിലേക്ക് കയറാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. പാസഞ്ചര്‍ സീറ്റിലിരുന്നുള്ള സെല്‍ഫി വീഡിയോയും വിവേക് പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ പല താരങ്ങളും വിവേകിന് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

അജയ് ദേവ്ഗൻ ആണ് ബോളിവുഡില്‍ ഏറ്റവും ആദ്യം റോള്‍സ് റോയ്‌സ് കള്ളിനന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ 10.5 കോടിയാണ് കള്ളിനന്റെ വില. ടോപ് മോഡലിന് മുംബൈയിലെ ഓണ്‍ റോഡ് പ്രൈസ് 12.25 കോടിയാണ്. 

ആഡംബരത്തിന്റെ അവസാന വാക്കെന്നാണ് റോള്‍സ് റോയ്‌സിനെ വിശേഷിപ്പിക്കുന്നത്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്‌നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആറ് വര്‍ഷം മുന്‍പാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ അവതരിപ്പിച്ചത്.