വാഹനങ്ങള്‍ പുളയ്ക്കുന്ന ഇന്ത്യന്‍ വിപണിയുടെ ഓരംചേര്‍ന്നായിരുന്നു 'റെനോ'യുടെ സഞ്ചാരം. വലിയ മത്സരത്തിനൊന്നും ബാല്യമില്ലാതെ ആ ഫ്രഞ്ചുക്കാരന്‍ നീങ്ങി. ഇന്നും ആരാധകരുള്ള 'ഡസ്റ്ററി'നെ പിന്‍വലിച്ചശേഷം 'റെനോ'യ്ക്ക് ഇന്ത്യയില്‍ വേരുകള്‍ നഷ്ടപ്പെട്ടുതുടങ്ങി. ശേഷം വന്നവരൊന്നുംതന്നെ ക്ലച്ചുപിടിച്ചില്ല. ഒന്നര വര്‍ഷം മുമ്പായിരുന്നു 'കൈഗറി'നെ ഇന്ത്യയിലേക്ക് 'റെനോ' കൊണ്ടുവന്നത്. ഫ്രഞ്ചുകാരും ഇന്ത്യക്കാരുമായി കൈകോര്‍ത്തിറങ്ങിയ നാലാമന്‍. ആ സമയം കോംപാക്ട് എസ്.യു.വി. വിഭാഗത്തില്‍ പോരുനടക്കുകയായിരുന്നു. 

To advertise here,

അധികം ബഹളമൊന്നുമില്ലാതെ ഞങ്ങളിവിടെ ഉണ്ടേ എന്നുമാത്രം പറഞ്ഞ് 'റെനോ'യും കളത്തിലിറങ്ങി. എന്നാലിപ്പോള്‍ ആ നിശ്ശബ്ദ വിപ്ലവം 50,000 വില്‍പ്പന തികഞ്ഞു. ഇത്രയും വണ്ടികള്‍ കുറഞ്ഞകാലത്തിനിടയില്‍ വിറ്റുപോകുമെന്ന് കമ്പനിപോലും കരുതിയിട്ടുണ്ടാവില്ല. അവിടെയാണ് 'കൈഗറി'നെ പഠിക്കേണ്ടത്, ഫ്രഞ്ച് ബുദ്ധിയെ അളക്കേണ്ടത്. വിലയിലും സൗകര്യത്തിലും സൗന്ദര്യത്തിലും ഒരുചുവട് മുന്നിട്ടാണ് 'റെനോ' 'കൈഗറി'നെ നിരത്തിലിറക്കിയത്. 

പരിമിതികളും അപാകങ്ങളുമുണ്ടെങ്കിലും 'ഡസ്റ്ററി'ന്റെ ആ ഹിറ്റ് കാലം ഓര്‍മിപ്പിക്കുകയാണ് കൈഗറും. 50,000 കൈഗറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ ആഘോഷമായിട്ടാണ് പുതിയ മോഡല്‍ കമ്പനി ഇറക്കിയത്. കാഴ്ചയ്ക്കും ഫീച്ചറുകളിലും കുറച്ച് മാറ്റങ്ങള്‍ മാത്രമെങ്കിലും, ഒരു ചെറിയ കനലാണിവന്‍. പുതിയ 'കൈഗറു'മായി കുട്ടനാടന്‍ പാതകളിലൂടെ ഒരു യാത്രപോയപ്പോള്‍ കിട്ടിയ അനുഭവം പറയാം...

കാഴ്ച

ഒറ്റനോട്ടത്തില്‍ പഴയ 'കൈഗര്‍' തന്നെ. പുതിയ നിറം അത് സൗന്ദര്യം കൂട്ടിയിട്ടുണ്ട്. അധികമൊന്നും കാണാത്ത ചുവപ്പുരാശിയില്‍ കണ്ണെഴുതി വാലിട്ടപോലെ കറുപ്പഴകായി മാറുന്നു. ഇരു നിറങ്ങളും തമ്മിലുള്ള അസാധ്യ കോംബിയാണിതില്‍. 'റെനോ'യുടെ പ്രതീകമായ ബോള്‍ഡ്‌നെസ് 'കൈഗറി'ലുമുണ്ട്. കരുത്ത് തോന്നിക്കുന്ന മുഖഭാവം. പ്രത്യേകിച്ച് ബോണറ്റും ഗ്രില്ലും താഴെച്ചുണ്ടില്‍ പുതുതായി വന്ന സ്‌കിഡ്‌പ്ലേറ്റും. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന മുഖം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ലോഗോ.

പുതിയ ഡയമണ്ട് കട്ട് അലോയ് വീലിന് 16 ഇഞ്ച് വലുപ്പമുണ്ട്. പിന്‍വശത്തെ വ്യത്യസ്തമാക്കുന്നത് ടെയില്‍ ലാമ്പുകള്‍ തന്നെ. സാധാരണ ഫ്‌ളാറ്റ് ടെയില്‍ ലാമ്പുകള്‍ക്ക് പകരം ഇവിടെയും 'റെനോ'യുടെ കൈയൊപ്പുണ്ട്. കടഞ്ഞെടുത്ത ടെയില്‍ ലാമ്പുകളാണ്. അതില്‍ എല്‍.ഇ.ഡി. കൂടി ചേരുമ്പോള്‍ രാത്രിയില്‍ സൗന്ദര്യം ഇരട്ടിക്കും. പുതിയ ക്രോം ലൈനിങ്ങുംകൂടി വന്നിട്ടുണ്ട്. വിമാനത്തിന്റെ ചിറകുപോലെ വിരിഞ്ഞുനില്‍ക്കുന്ന സ്‌പോയിലറുകള്‍ ആദ്യമായാണ്. മുകളില്‍ സ്രാവിന്‍ചിറകുള്ള ആന്റിനയുംകൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

ഉള്‍ത്തളം

കറുപ്പും ചാരനിറവും ചേര്‍ന്നാണ് ഉള്‍വശം. ഡാഷ്‌ബോര്‍ഡില്‍ അധികം ആര്‍ഭാടമില്ല. സ്റ്റിയറിങ് വീലിലെ സ്വിച്ചുകള്‍ നിയന്ത്രണങ്ങള്‍ നല്‍കും. പുതിയ ക്രൂസ് കണ്‍ട്രോള്‍ സ്വിച്ചും സ്റ്റിയറിങ്ങിലുണ്ട്. ഓഫാക്കാന്‍ സെന്‍ട്രല്‍ ക്ലസ്റ്ററിലേക്ക് വരണം. സ്റ്റാര്‍ട്ട് സ്വിച്ചിന്റെ സ്ഥാനവും സെന്‍ട്രല്‍ കണ്‍സോളിന്റെ ഒത്തനടുക്കാണ്. എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ലളിതമാണ്. വണ്ടിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വിവരങ്ങളും ഇതിലും അറിയാം.

ബ്ലൂ ടൂത്ത് അടക്കമുള്ളവ ഇതിലടങ്ങിയിട്ടുണ്ട്. പുതിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും നടുക്കുണ്ട്. നോബുകള്‍ക്കൊപ്പം സ്വിച്ചുകളും അടുക്കും ചിട്ടയോടുംകൂടി ഒതുക്കിയിരിക്കുന്നു. ഗിയര്‍ ലിവറിന് സമീപമായാണ് മോഡ് നോബ്. എക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് മോഡുകള്‍ തിരിക്കുന്നതിനനുസരിച്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ പച്ച, നീല, ചുവപ്പ് നിറങ്ങളിലേക്ക് മാറും. മുന്‍സീറ്റുകള്‍ ഫാബ്രിക്കാണ്. പിന്നിലെ സീറ്റുകള്‍ക്ക് വീതി കുറവാണ്.

എന്‍ജിന്‍

രണ്ട് എന്‍ജിനുകളില്‍ത്തന്നെ തുടര്‍ന്നുകൊണ്ടാണ് പുതിയ 'കൈഗറും' വരുന്നത്. അഞ്ച് സ്പീഡ് മാനുവലില്‍ എ.എം.ടി. ട്രാന്‍സ്മിഷനുമായി വരുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍ 71 ബി.എച്ച്.പി.യില്‍ 96 എന്‍.എമ്മാണ് കരുത്ത് നല്‍കുന്നത്. എന്നാല്‍, ഡ്രൈവ് ചെയ്യാന്‍ കിട്ടിയത് സി.വി.ടി. എന്ന കരുത്തേറിയ ട്രാന്‍സ്മിഷനുമായുള്ള 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ്. അജഗജാന്തര വ്യത്യാസമാണ് രണ്ട് വിഭാഗങ്ങളും തമ്മിലുള്ളത്. ഇതില്‍ 99 ബി. എച്ച്.പി.യില്‍ 152 എന്‍.എം. ടോര്‍ക്കാണ് നല്‍കുന്നത്. ഇതിലും മാനുവല്‍ മോഡല്‍ വരുന്നുണ്ട്. അതിന് 160 എന്‍.എം. ടോര്‍ക്ക് ലഭിക്കും. 5.99 ലക്ഷം മുതല്‍ 10.62 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.