ഡസ്റ്റർ ഈസ് ബാക്ക് എന്ന പ്രഖ്യാപനം ഒരു മുദ്രാവാക്യം പോലെ മുഴങ്ങികേട്ട രാത്രിയായിരുന്നു 2026 ജനുവരി 26-ലേത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഡസ്റ്ററിന്റെ ആദ്യ പ്രദർശനമായിരുന്നു അന്ന്. അതേ വേദിയിൽ വെച്ച് തന്നെയാണ് ഡസ്റ്റർ എന്ന വാഹനത്തെ നിരത്തുകളിൽ കാണാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണമെന്ന് റെനോ മേധാവികൾ അറിയിച്ചത്. അന്ന് തുടങ്ങിയ ഡസ്റ്റർ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുകയാണ് റെനോ ഇന്ത്യ.

To advertise here,

ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് കൂടുതൽ വീറോടെ തിരിച്ചെത്തുന്ന ഡസ്റ്റർ മാർച്ച് 17-ന് അവതരിപ്പിക്കുമെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. വിപണിയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ ടോപ്പ് സെല്ലിങ് മോഡലായി മാറുകയെന്ന വലിയ ലക്ഷ്യവുമായാണ് ഡസ്റ്ററിനെ തിരിച്ചെത്തിക്കുന്നത്. ക്രെറ്റ, സെൽറ്റോസ്, ഗ്രാന്റ് വിത്താര, ഹൈറൈഡർ തുടങ്ങി എസ്‌യുവികളുടെ വലിയ നിരയുമായാണ് ഡസ്റ്റർ മത്സരിക്കാനെത്തുന്നത്.

മെയ്ഡ് ഇൻ ഇന്ത്യ പ്രൊഡക്ടായ ഡസ്റ്ററിന്റെ 90 ശതമാനവും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ബുള്ളറ്റ് പ്രൂഫ് കരുത്തോടെ ഒരുങ്ങിയിട്ടുള്ള റെനോ ഗ്രൂപ്പ് മൊഡ്യുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഡസ്റ്റർ നിർമിച്ചിരിക്കുന്നത്. കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ചാണ് ഡാഷ് ബോർഡ് നിർമിച്ചത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മികച്ച സീറ്റുകൾ, ഉയർന്ന ബൂട്ട് സ്‌പേസ് തുടങ്ങിയ ഫീച്ചറുകളുമായാണ് ഇത്തവണ ഡസ്റ്റർ എത്തുന്നത്.

ഡീസൽ എൻജിനുമായായിരുന്നു ഡസ്റ്ററിന്റെ തുടക്കമെങ്കിൽ രണ്ടാം വരവിൽ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ഡസ്റ്റർ നിരത്തുകളിൽ എത്തും. 1.3 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ ഹൈബ്രിഡ് എന്നിവയാണ് ഇതിലെ എൻജിനുകൾ. എന്നാൽ, ആദ്യഘട്ടത്തിൽ ഹൈബ്രിഡ് പവർട്രെയിനിലുള്ള മോഡൽ എത്തിയേക്കില്ല. ഇത് ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന.

2012-ലാണ് ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മിഡ് സൈസ് എസ്യുവി എന്ന ഒരു സെഗ്മെന്റിന്റെ തുടക്കം കൂടിയായിരുന്നു അത്. ആദ്യമെത്തിയ വാഹനമെന്ന പരിഗണനയിൽ ഒരുപതിറ്റാണ്ട് പിടിച്ചുനിന്നെങ്കിലും 2022-ഓടെ നിരത്തൊഴിയാൻ നിർബന്ധിതരാകുകയായിരുന്നു. എതിരാളികൾക്കൊപ്പമെത്താനുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമില്ലെന്നതായിരുന്നു ഈ പിൻവാങ്ങലിന്റെ പ്രധാന കാരണം. ആദ്യ പ്രദർശനത്തിനൊപ്പം ജനുവരി 26-ന് തന്നെ തന്നെ 2026 ഡസ്റ്റർ എസ്‌യുവി യുടെ ബുക്കിങ് ആരംഭിച്ചിരുന്നു.