2020-ല്‍ ഏറെ ആകാംഷയോടെ വാഹനപ്രേമികള്‍ കാത്തിരുന്ന വാഹനങ്ങളിലൊന്നാണ് ഹ്യുണ്ടായിയുടെ പുതിയ ഐ20. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി നാല് വേരിയന്റുകളിലെത്തുന്ന ഐ20-യുടെ പെട്രോള്‍ മോഡലിന് 6.80 ലക്ഷം രൂപ മുതല്‍ 11.18 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.20 ലക്ഷം രൂപ മുതല്‍ 10.60 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

To advertise here,

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വില ഡിസംബര്‍ 31 വരെ മാത്രം പ്രാബല്യമുള്ളവയായിരിക്കും. അതിനുശേഷം വിലയില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഐ20 എത്തുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ആദ്യമായി ഐ.എം.ടി ട്രാന്‍സ്മിഷന്‍ നല്‍കിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് ട്രാന്‍സ്മിഷനുകളിലുമാണ്   ഐ20-യുടെ പുതുതലമുറ എത്തിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം സിവിടിയും ടര്‍ബോ എന്‍ജിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് അല്ലെങ്കില്‍ ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അഞ്ച് സ്പീഡ് മാനുവന്‍ എന്നിവയായിരിക്കും ഗിയര്‍ബോക്സ്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ 87 ബി.എച്ച്,പി പവറും 115 എന്‍.എം ടോര്‍ക്കും, ഓട്ടോമാറ്റിക് മോഡല്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി പവറും 240 എന്‍.എം ടോര്‍ക്കുമേകും. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ 118 ബി.എച്ച്.പി പവറും 172 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഹ്യുണ്ടായി വികസിപ്പിച്ച കൂടുതല്‍ സുരക്ഷിതവും എന്നാല്‍ ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ ഐ20 ഒരുങ്ങുന്നത്. ഹ്യുണ്ടായി വാഹനങ്ങളുടെ ഡിസൈന്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീമിയം വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ശൈലിയിലാണ് ഐ20-യുടെ പുതിയ മോഡലും ഒരുങ്ങിയിട്ടുള്ളത്. 

കണ്ട് പഴകിയ ഗ്രില്ലുകള്‍ക്ക് പകരം പുത്തന്‍ ഡിസൈനിലുള്ള ഗ്രില്ലാണ് മുഖഭാവത്തെ പ്രീമിയമാക്കുന്നത്. ആംഗുലര്‍ പൊജക്ഷനാണ് ഹെഡ്‌ലാമ്പ്, ആഡംബര വാഹനങ്ങള്‍ക്ക് സമാനമായി എല്‍.ഇ.ഡി ഡി.ആര്‍.എല്ലും, സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പറും പ്രൊജക്ഷന്‍ ഫോഗ്ലാമ്പും മുന്‍വശത്തെ അഗ്രസീവാക്കുന്നു. 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങള്‍ക്ക് അഴകേകുന്നത്. 

മുന്‍ മോഡലിനെ അഴിച്ചുപണിത ഡിസൈനാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഇസഡ് ഷേപ്പിലുള്ള കംപ്ലീറ്റ് എല്‍.ഇ.ടി ടെയ്ല്‍ലാമ്പും രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പുമാണ് പിന്നിലെ പ്രധാന മാറ്റം. മുന്നിലേതിന് സമാനമായി അഗ്രസീവ് ലുക്ക് നല്‍കുന്ന ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, റിയര്‍ സ്പോയിലര്‍ തുടങ്ങി ഐ20 ബാഡ്ജിങ്ങില്‍ വരെ പുതുമ നിഴലിക്കുന്നുണ്ട്. 

കാഴ്ചയില്‍ സിംപിളാണെന്ന് തോന്നുന്ന ഡിസൈനാണ് അകത്തളത്തിന്. കറുപ്പാണ് ഇന്റീരിയറിന്റെ ഭാവം. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ ഡിസൈനിലുള്ള എ.സി വെന്റുകള്‍,  മൗണ്ടഡ് സ്വിച്ചുകള്‍ നല്‍കിയിട്ടുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് എന്നിവ നല്‍കി സ്‌പേഷ്യസ് ആയിട്ടാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്.

ഐ20 ഉള്‍പ്പെടുന്ന സെഗ്മെന്റിലെ തന്നെ മികച്ച ഇന്ധനക്ഷമതയാണ് ഹ്യുണ്ടായി ഉറപ്പുനല്‍കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന് മോഡലിന് 20.25 കിലോമീറ്ററും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 20.35 കിലോമീറ്ററും, ഓട്ടോമാറ്റിക് മോഡലിന് 19.65 കിലോമീറ്ററും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 25.2 കിലോമീറ്ററുമാണ് ഹ്യുണ്ടായി ഉറപ്പുനല്‍കുന്ന മൈലേജ്.

Content Highlights: New Hyundai i20 Launched In India