ന്ത്യൻ നിരത്തുകളുമായി രണ്ട് പതിറ്റാണ്ടോളം നീളുന്ന ബന്ധമുള്ള വാഹനമാണ് ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് പതിപ്പായ ഐ20. കൃത്യമായി പറഞ്ഞാൽ 2008 മുതൽ ഇന്ത്യൻ നിരത്തുകളിൽ സജീവസാന്നിധ്യമായ വാഹനം. ഹാച്ച്ബാക്കുകളുടെ പ്രതാപം പതിയെ നഷ്ടമാകുന്ന ഈ കാലഘട്ടത്തിലും വിൽപ്പനയിൽ തിളങ്ങുന്ന ഐ20-യുടെ വിൽപ്പന 15 ലക്ഷം എന്ന വലിയ നമ്പർ പിന്നിട്ടിരിക്കുകയാണെന്ന് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.

To advertise here,

2008 ഡിസംബർ മാസത്തിലാണ് ഐ20 എന്ന പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് ഈ വാഹനത്തിന് ഒരുലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിൽ എത്താനായത്. പിന്നീടുള്ള അഞ്ച് വർഷത്തിനുള്ളിൽ അഞ്ചുലക്ഷത്തിലെത്തി. അതായത് 2015-ലാണ് അഞ്ച് ലക്ഷം ഐ20-കൾ നിരത്തുകളിൽ എത്തിയത്. 2019 ആയപ്പോഴേക്കും ഇത് 10 ലക്ഷത്തിലുമെത്തി. പത്ത് ലക്ഷത്തിൽ നിന്ന് 15 ലക്ഷത്തിലേക്കുള്ള യാത്രയ്ക്കാണ് ഏറ്റവുമധികം സമയമെടുത്തത്.

ഗെറ്റ്‌സ് എന്ന വാഹനത്തിന്റെ പകരക്കാരനായാണ് ഹ്യുണ്ടായി ഐ20 നിരത്തുകളിൽ എത്തുന്നത്. പ്രീമിയം ഹാച്ച്ബാക്ക് എന്ന വിശേഷണം ഉണ്ടായിരുന്നതിനാൽ തന്നെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലൗ ബോക്‌സ്, ആറ് എയർബാഗ്, സൺറൂഫ് തുടങ്ങി ഇന്ത്യക്കാർക്ക് ആ കാലത്ത് അത്ര പരിചിതമല്ലാത്ത ഫീച്ചറുകളുമായായിരുന്നു ഈ വാഹനത്തിന്റെ വരവ്. 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകിയിരുന്നത്.

ഐ20-യിലെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലിന്റെ പിറവ് 2014-ൽ ആയിരുന്നു. ഐ20-ക്ക് പകരം എലൈറ്റ് ഐ20 ആയായിരുന്നു രണ്ടാമന്റെ വരവ്. സ്റ്റൈൽ തന്നെ കൈമുതലാക്കി എത്തിയ ഈ വാഹനത്തിന്റെ ഡിസൈൻ ഫ്‌ളൂയിഡിക് സ്‌കൾപ്ചർ 2.0 എന്ന ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയായിരുന്നു. 1.2 പെട്രോൾ, 1.4 ഡീസൽ എന്നിവയായിരുന്നു എൻജിൻ ഓപ്ഷനുകൾ. ഏഴ് വർഷം ജൈത്രയാത്ര തുടർന്ന ഈ വാഹനത്തിന്റെ എട്ടുലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്.

2020-ലാണ് ഐ20-യുടെ മൂന്നാം തലമുറയുടെ ഉദയം. ഇപ്പോൾ നിരത്തുകളിലുള്ള ഈ മോഡലിന്റെ മുഖംമിനുക്കിയ പതിപ്പാണ്. പെട്രോൾ ടർബോ എൻജിൻ, പെർഫോമെൻസ് പതിപ്പ് എൻലൈൻ തുടങ്ങിയവയെല്ലാം മൂന്നാം തലമുറയുടെ സംഭാവനകളാണ്. 2023 വരെ ഡീസൽ എൻജിനിലും എത്തിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. 2023-ൽ നടത്തിയ മുഖമിനുക്കലിന്റെ ഭാഗമായാണ് ഡീസൽ മോഡലിനെ ഒഴിവാക്കിയെത്താൻ തീരുമാനിച്ചത്.

നിലവിൽ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഐ20 വിപണിയിൽ എത്തുന്നത്. 83 ബിഎച്ച്പി പവറും 115 എൻഎം ടോർക്കുമേകുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 120 ബിഎച്ച്പി പവറും 172 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എൻജിൻ ഒപ്ഷനുകൾ. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുകൾ, സിവിടി, ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നിവയാണ് ഐ20-യിലെ ട്രാൻസ്മിഷനുകൾ.