ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിസ്തുബിഷിയില്‍ നിന്ന് പുറത്തിറങ്ങി ലോകത്താകമാനം സൂപ്പര്‍ഹിറ്റായ വാഹനമാണ് പജേറോ എന്ന എസ്.യു.വി. ഈ വാഹനത്തിന്റെ മിനി പതിപ്പും 1994-മുതല്‍ നിരത്തുകളിലുണ്ട്. താരതമ്യേന ഭാരം കുറഞ്ഞ ബോഡി, മികച്ച ഓഫ് റോഡ് കപ്പാസിറ്റി എന്നീ മേന്മകള്‍ കൊണ്ട് പജേറോ മിനിയും വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍, 2012-ഓടെ ഈ വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതായി മിസ്തുബിഷി പ്രഖ്യാപിക്കുകയായിരുന്നു. 

To advertise here,

എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മിസ്തുബിഷിയുടെ ഈ അഭിമാന മോഡല്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2024-ഓടെ നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം പ്രദര്‍ശനത്തിന് ഒരുങ്ങിയെന്നാണ് സൂചന. മുന്‍ മോഡലിന്റെ സ്‌ക്വയര്‍, ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിയാണ് ഈ വാഹനം മടങ്ങിയെത്തുകയെന്നാണ് വിലയിരുത്തലുകള്‍. പ്രദര്‍ശനത്തിനൊരുങ്ങിയ ഈ വാഹനത്തിന്റെ റെന്‍ഡറിങ്ങ് ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ള പജേറോയുമായി സാമ്യമുള്ള ഡിസൈനിലാണ് റെന്‍ഡറിങ്ങ് ചിത്രങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ട് ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, വലിയ ഹെഡ്‌ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ബമ്പറിന്റെ രണ്ട് വശങ്ങളിലായി സ്ഥാനം പിടിച്ചിട്ടുള്ള ഫോഗ്‌ലാമ്പുകള്‍, ബോണറ്റിലെ എയര്‍ ഇന്‍ടേക്ക് തുടങ്ങിയവയാണ് പജേറോ മിനിയുടെ മുഖം അലങ്കരിക്കുന്നത്. ഓഫ് റോഡുകള്‍ക്കായി ഒരുങ്ങുന്ന വാഹനമായതിനാല്‍ ഉയര്‍ന്ന അപ്രോച്ച് ആംഗിളും ഇതില്‍ നല്‍കിയിട്ടുണ്ട്.

വശങ്ങളില്‍ രണ്ടും പിന്നില്‍ ഒന്നുമായി മൂന്ന് ഡോര്‍ പതിപ്പായാണ് ഈ വാഹനം ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍. ബോഡി ഉള്‍പ്പെടെ ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ഒരുങ്ങുക. രണ്ടാം നിരയില്‍ ഫിക്‌സഡ് ഗ്ലാസ് നല്‍കിയായിരിക്കും ഇത് ഒരുങ്ങുക. അഞ്ച് സ്‌പോക്ക് അലോയി വീലും ഉയര്‍ന്ന ഗ്രൗണ്ടും ക്ലിയറന്‍സും ഓഫ് റോഡ് ഭാവം വര്‍ധിപ്പിക്കും. രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പ്, എല്‍.ഇ.ഡി. ലൈറ്റ്, ഫ്‌ളാറ്റ് ഹാച്ച്‌ഡോര്‍ എന്നിവയാണ് പിന്‍ഭാഗം അലങ്കരിക്കുന്നത്. 

പെട്രോള്‍ എന്‍ജിനിലായിരിക്കും മിനി പജേറോ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഏഷ്യന്‍ വിപണികള്‍ക്കായി ഒരുങ്ങുന്ന ഈ വാഹനം നിസാന്റെ ബാഡ്ജിങ്ങില്‍ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മാരുതി സുസുക്കി ഒരുക്കുന്ന ജിമ്‌നിയുമായി ഏറ്റുമുട്ടാനായിരിക്കും ഈ വാഹനം ഏഷ്യന്‍ വിപണികളില്‍ എത്തുന്നതെന്നാണ് വിലയിരുത്തല്‍. വലിപ്പത്തിലും മറ്റ് ഫീച്ചറുകളിലും ജിമ്‌നിക്ക് സമാനമായിരിക്കും മിനി പജേറോ എന്നാണ് വിലയിരുത്തല്‍.

Source: BestcarWeb