ഇന്ത്യയിലെ വാഹനപ്രേമികൾക്ക്, പ്രത്യേകിച്ച് ഓഫ് റോഡ് പ്രേമികളുടെ സ്വപ്‌ന വാഹനമായിരുന്നു പജേറോ എന്ന എസ്‌യുവി. ഇന്ത്യൻ നിരത്തുകളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്ന ജപ്പാനീസ് കരുത്തൻ 2020-ഓടെയാണ് നിരത്തൊഴിഞ്ഞത്. മിസ്തുബിഷിയുടെ വിടപറച്ചിലോടെയാണ് പജേറോ ഇന്ത്യയിൽനിന്ന് പോയതെങ്കിൽ, 2021-ഓടെ ആഗോളതലത്തിൽ തന്നെ പജേറോയുടെ ഉത്പാദനം അവസാനിപ്പിക്കുകയായിരുന്നു.

To advertise here,

എന്നാൽ, ലോകത്താകമാനമുള്ള പജേറോ ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ മിസ്തുബിഷിയിൽനിന്ന് വരുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിരത്തൊഴിഞ്ഞ ഈ വാഹനത്തെ തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി പജേറോയുടെ വരവ് അറിയിച്ചുള്ള ടീസറും പുറത്തുവിട്ടിരിക്കുകയാണ് മിസ്തുബിഷി. ചില വിപണികളിൽ ഈ വാഹനം മൊണ്ടേറോ ബാഡ്ജിങ്ങിലായിരിക്കും എത്തുകയെന്നാണ് വിവരം.

ട്രൈറ്റൺ പിക്ക്അപ്പ് ട്രക്കിന് അടിസ്ഥാനമൊരുക്കുന്ന ലാഡർ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ പജേറോ ഒരുങ്ങുകയെന്ന് സൂചന. അതുകൊണ്ടുതന്നെ യഥാർഥ പജേറോയെക്കാൾ പജേറോ സ്‌പോട്ടുമായി ചേർന്ന് നിൽക്കുന്ന ഡിസൈനിലാണ് പുതിയ പതിപ്പും ഒരുങ്ങുന്നത്. മികച്ച ഡ്രൈവിങ് എക്‌സ്പീരിയൻ, സൗകര്യപ്രദമായ ക്യാബിൻ, കാര്യക്ഷമമായ ഓഫ് റോഡ് ശേഷി എന്നിവയായിരിക്കും പുതുതായി ഒരുങ്ങുന്ന പജേറോയുടെ മുഖമുദ്ര.

ഇപ്പോൾ പുറത്തുവന്നിട്ടുള്ള ടീസറിൽ ഡിസൈൻ സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മുന്നിലെ ലൈറ്റാണ് ടീസറിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഗ്രില്ലിലെ ലോഗോയിൽനിന്ന് രണ്ട് വശങ്ങളിലേക്ക് പോകുന്ന രീതിയിലാണ് ലൈറ്റുകൾ. മധ്യഭാഗത്തായി മിസ്തുബിഷിയുടെ ലോഗോയിൽ നൽകിയിരിക്കുന്നത് കാണാം. ഹെഡ്‌ലാമ്പ്, ഡിആർഎൽ, പൊസിഷൻ ലാമ്പ് എന്നിവയുടെ ഡിസൈനുകൾ ഒറ്റ ടീസറിൽ കാണിച്ചുതരുന്നുണ്ട്.

മിസ്തുബിഷിയുടെ ഒരു ബോക്‌സി എസ്‌യുവി വിദേശ നിരത്തുകളിലും മറ്റും പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പലതവണ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോക്‌സി രൂപത്തിലുള്ള എസ്‌യുവിയുടെ ചിത്രങ്ങളായതിനാൽ തന്നെ ഇത് പജേറോ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലാൻഡ് ക്രൂയിസറിനോട് പോലും മത്സരിക്കാൻ പോകുന്ന തലയെടുപ്പിലാണ് ഈ വാഹനം ഒരുങ്ങിയിരുന്നത്.

നിരത്തൊഴിഞ്ഞ അഞ്ച് വർഷത്തിന് ശേഷം ആഗോള നിരത്തുകളിൽ എത്താനൊരുങ്ങുന്നുണ്ടെങ്കിലും ഈ വാഹനം ഇന്ത്യൻ നിരത്തുകളിൽ കുതിക്കാനുള്ള സാധ്യത കുറവാണ്. 1982-ലാണ് യഥാർഥ പജേറോയുടെ പിറവി. ഓഫ് റോഡ് വാഹനങ്ങളുടെ കരുത്തും പാസഞ്ചർ വാഹനങ്ങളുടെ സൗകര്യവും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം ഒരുങ്ങിയത്. നാല് തലമുറകളിലായി 170-ൽ അധികം രാജ്യങ്ങളിലാണ്  പജേറോ എത്തിയത്. ഏകദേശം 3.25 ദശലക്ഷം പജേറോകൾ ലോകത്താകമാനം വിറ്റിട്ടുണ്ട്.