
ആഡംബര വാഹന കമ്പനിയായ ബി.എം.ഡബ്ല്യു. ഗ്രൂപ്പിനു കീഴിലുള്ള 'മിനി ഇന്ത്യ' പുതിയ 'മിനി കൂപ്പര്‍ ഇലക്ട്രിക് എസ്.ഇ.' 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആഡംബര കോംപാക്ട് കാറായ മിനി കൂപ്പറിന്റെ ഇലക്ട്രിക് വെര്‍ഷന്‍ ആണ് ഇത്. നിലവില്‍ മിനി ശ്രേണിയില്‍ മിനി 3-ഡോര്‍ ഹാച്ച്, മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ഹാച്ച്, മിനി കണ്‍വെര്‍ട്ടബിള്‍, ഇന്ത്യയില്‍ നിര്‍മിച്ച മിനി കണ്‍ട്രിമാന്‍ എന്നിവയാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ഇതിലേക്ക് ഇലക്ട്രിക് മോഡലും എത്തുന്നത്.
മിനി കൂപ്പര്‍ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് വിപണിയില്‍ എത്തുന്നത്. പെട്രോള്‍ മോഡലുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഇലക്ട്രിക് ആയതിന്റെ നേരിയ മാറ്റങ്ങള്‍ ഈ വാഹനത്തിലുണ്ട്. ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങ് ആയിരിക്കും ഇലക്ട്രിക് മോഡലിനും മുന്നില്‍ നല്‍കുക. റെഗുലര്‍ മിനി മോഡലുകള്‍ക്ക് സമാനമായ ഹെഡ്ലാമ്പ്, റൗണ്ട് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, പുതിയ അലോയി വീല്‍ എന്നിവയാണ് ഡിസൈനിലെ പുതുമകള്‍.
അകത്തളം ത്രീ ഡോര്‍ മിനി കുപ്പര്‍ മോഡലിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതില്‍ വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മിനിയുടെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ എന്നിവയും സ്ഥാനം പിടിക്കും. അകത്തളം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടെ വിവിധ ആക്സെന്റുകളും നല്‍കും.
181 ബി.എച്ച്.പി. പവറും 270 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പര്‍ എസ്.ഇ. മോഡലില്‍ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 150 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Mini electric model to be launch on March 2023, BMW electric vehicles. Mini cooper SE
Published: 14 Dec 2021, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented