ഡ്രൈവിങ്ങിന്റെ ആരംഭ കാലത്ത് വാഹനം ഓടിക്കുന്നത് പോലെ തന്നെ ടെന്‍ഷനുള്ള കാര്യമാണ് അത് പാര്‍ക്ക് ചെയ്യുന്നതും. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൃത്യമായി പാര്‍ക്ക് ചെയ്യുന്നതിലൂടെ ഡ്രൈവിങ്ങ് പ്രാവിണ്യവും വിലയിരുത്തപ്പെടും. ഇന്ത്യയിലെ പല നഗരങ്ങളിലേയും ഷോപ്പിങ്ങ് മാളുകളിലും മറ്റും വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുന്നതില്‍ മത്സരങ്ങള്‍ നടക്കാറുമുണ്ട്. എന്നാല്‍, എത്ര കുറഞ്ഞ അകലത്തില്‍ പാര്‍ക്ക് ചെയ്യാനാകുമെന്നതില്‍ ഗിന്നസ് റെക്കോഡ് വരെയുണ്ട്. 

To advertise here,

ഏറ്റവും കുറഞ്ഞ അകലത്തില്‍ മിനിയുടെ ഇലക്ട്രിക് കാര്‍ പാര്‍ക്ക് ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് വംശജനായ പോള്‍ സ്വിഫ്റ്റ് എന്നയാള്‍. ഇലക്ട്രിക് കാര്‍ പാരലല്‍ പാര്‍ക്ക് എന്ന പേരില്‍ റെക്കോഡ് സ്വന്തമാക്കിയ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. 

സാധാരണ ഗതിയില്‍ പാര്‍ക്ക് ചെയ്യുന്നത് പോലെ പല തവണ മുന്നിലേക്കും പിന്നിലേക്കുമെടുത്ത് വാഹനം തിരിക്കുന്ന സംവിധാനമല്ല ഗിന്നസ് വേള്‍ഡ് റെക്കോഡ് മത്സരത്തിലുള്ളത്. വേഗത്തില്‍ ഓടിച്ച് വന്ന് ഒരൊറ്റ ബ്രേക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളുടെ മധ്യത്തില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ് രീതി. ഇതിനുമുണ്ട് സമയപരിധി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം വെറും മൂന്ന് സെക്കന്റില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിരിക്കുന്ന വരിയില്‍ നിന്ന് മാറാതെ വേണം പാര്‍ക്ക് ചെയ്യുന്ന വാഹനവും നിര്‍ത്താന്‍. മത്സരത്തിന്റെ ഭാഗമായി ഇതും അളന്ന് ഉറപ്പിക്കാറുണ്ട്. രണ്ട് കാറുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ പാര്‍ക്ക് ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതിന് അസാമാന്യ വൈദഗ്ധ്യം വേണമെന്നും ഗിന്നസ് വേള്‍ഡ് റെക്കോഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ബ്രിട്ടീഷ് കാര്‍ ഷോയുടെ ഭാഗമായാണ് പോള്‍ സ്വിഫ്റ്റിനെ ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയ പരീക്ഷണം നടന്നത്. ആദ്യ ദിനം മത്സരത്തിനിറങ്ങിയെങ്കിലും 35 സെന്റിമീറ്റര്‍ അകലത്തിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. ഇതില്‍ തൃപ്തനാകാത്ത പോള്‍ വീണ്ടും നാലാം നാള്‍ പരീക്ഷണത്തിന് ഇറങ്ങുകയും 30 സെന്റിമീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്യുകയുമായിരുന്നു.