ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വിയായ എം.ജി. ഹെക്ടര്‍ എസ്.യു.വികളുടെ വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് എം.ജി. മോട്ടോഴ്‌സ്. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നീ വാഹനങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഹെക്ടറിന് പരമാവധി 1.29 ലക്ഷം രൂപയും ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് കുറച്ചിരിക്കുന്നത്. രണ്ട് മോഡലുകളുടെയും ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്കാണ് താരതമ്യേന വലിയ വില കുറവ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

To advertise here,

ഹെക്ടറിന്റെ അടിസ്ഥാന മോഡലായ സ്‌റ്റൈല്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡലിന് 27,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മുമ്പ് 15 ലക്ഷം രൂപയിലാണ് വില ആരംഭിച്ചിരുന്നതെങ്കില്‍ പുതിയ വില 14.73 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. പെട്രോള്‍ മോഡലിലെ ഉയര്‍ന്ന വേരിയന്റിന് 66,000 രൂപയാണ് കുറച്ചിരിക്കുന്നത്. അതേസമയം, ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ അടിസ്ഥാന വകഭേദത്തിന് 86,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഷാര്‍പ്പ് എന്ന വേരിയന്റിനാണ് 1.29 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. 

ഹെക്ടര്‍ പ്ലസിനാണ് ഉയര്‍ന്ന വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സ്മാര്‍ട്ട് പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഏഴ് സീറ്ററിന് 50,000 രൂപയാണ് കുറച്ചിരിക്കുന്നത്. 17.50 ലക്ഷം രൂപയിലാണ് ഹെക്ടര്‍ പ്ലസ് മോഡലിന്റെ വില ആരംഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് പരമാവധി 81,000 രൂപ വരെയാണ് വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ അടിസ്ഥാന മോഡലിന് 1.04 ലക്ഷം രൂപയാണ് കുറച്ചിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 1.37 ലക്ഷം രൂപയാണ് കുറച്ചത്. 

ഇന്ത്യന്‍ വാഹന വിപണിയിലെ എസ്.യു.വി. ശ്രേണിയില്‍ കടുത്ത മത്സരത്തിന് കളമൊരുക്കുന്നതിനായാണ് വില കുറച്ചിരിക്കുന്നതെന്നാണ് നിഗമനം. വില കുറച്ചത് വരും മാസങ്ങളിലെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. മുന്‍ മാസങ്ങളില്‍ എം.ജി. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നീ രണ്ട് വാഹനങ്ങളുടെ 2000 യൂണിറ്റ് വരെയായിരുന്നു വില്‍പ്പന. ഇതേസ്ഥാനത്ത് പ്രധാന എതിരാളികളായ മഹീന്ദ്ര എക്‌സ്.യു.വി 700 പോലുള്ള വാഹനങ്ങള്‍ 6000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിക്കുന്നത്. 

മാസങ്ങള്‍ക്ക് മുമ്പാണ് എം.ജി. ഹെക്ടര്‍ മോഡല്‍ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്. അഡാസ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഡിസൈനിലെ മാറ്റങ്ങളുമായിരുന്നു ഈ വരവിലെ സവിശേഷത. 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റ് എന്നീ ഗിയര്‍ബോക്‌സും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, ഡീസല്‍ മോഡലില്‍ 2.0 ലിറ്ററിന്റെ 170 എച്ച്പി ശേഷിയുള്ള എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റം വരുത്തിയിരുന്നില്ല.  സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഡീസല്‍ മോഡലിനുള്ളത്.