
ബാറ്ററി വില ഒഴിവാക്കി കാറുകള്‍ വില്പനയ്ക്ക്. പകരം ബാറ്ററി വാടകയ്ക്ക് നല്കുന്ന പരിഷ്കാരവും. പെട്രോള്‍ പമ്പുകള്‍ പോലെ ഔട്ട്ലറ്റുകളിലൂടെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ വാടകയ്ക്ക് കിട്ടും. വൈദ്യുത കാര്‍ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി കളംപിടിക്കാന്‍ ഒരുങ്ങി ജെ.എസ്.ഡബ്ലു-എം.ജി മോട്ടോഴ്സ്. രാജ്യത്ത് വിന്‍ഡ്സര്‍ ഇ.വി.യില്‍ അവതരിപ്പിച്ച 'ബാറ്ററി ആസ് എ സര്‍വീസ്' (ബാസ്) പദ്ധതി കൂടുതല്‍ മോഡലുകളിലേക്ക് പകര്‍ത്തുകയാണ് കമ്പനി. ചെറുകാറായ കോമറ്റ്, ഉയര്ന്നശേഷിയിലുള്ള സെഡ്.എസ്. ഇ.വി. എന്നിവയിലും ബാസ് നടപ്പാക്കുകയാണ്.
ബാറ്ററി വാടകയ്ക്കുനല്കുന്നതോടെ കാറുകളുടെ പ്രാരംഭവില കുത്തനെ കുറയും. ഇത് സാധാരണക്കാര്‍ക്ക് വൈദ്യുതവാഹനവില താങ്ങാവുന്ന നിലയിലേക്കുമാറ്റുമെന്നാണ് എം.ജി.യുടെ പ്രതീക്ഷ. ബാസ് പദ്ധതി ആദ്യമായി അവതരിപ്പിച്ച വിന്‍ഡ്സര്‍ ഇ.വി.ക്ക് വിപണിയില്‍ മികച്ചസ്വീകാര്യത ലഭിച്ചതാണ് കോമറ്റ്, സെഡ്.എസ്. ഇ.വി. എന്നിവയിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
പദ്ധതിപ്രകാരം വാങ്ങുന്ന കോമറ്റ് ഇ.വി.യുടെ വിലയില്‍ രണ്ടുലക്ഷം രൂപയുടെ കുറവാണ് കമ്പനി പ്രഖ്യാപിച്ചത്. 4.99 ലക്ഷം രൂപയാണ് പ്രാരംഭവില. 230 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ബാറ്ററിയാണ് വാഹനത്തിനുള്ളത്. ഓരോ കിലോമീറ്ററിനും 2.5 രൂപ വീതമായിരിക്കും ബാറ്ററിവാടക. ഇതനുസരിച്ച് 80,000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള തുകയാണ് പ്രാരംഭവിലയില്‍ കുറവുണ്ടാവുക. ഇതോടെ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വൈദ്യുതകാറായും കോമറ്റ് മാറി.
സെഡ് എസ്. ഇ.വി.ക്ക് ബാസ് പദ്ധതി പ്രകാരമുള്ള പ്രാരംഭ വില 13.99 ലക്ഷം രൂപയായിരിക്കും. 461 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാറ്ററിക്ക് കിലോമീറ്ററിന് 4.5 രൂപയാണ് വാടക. നേരത്തേ 21 ലക്ഷത്തിനു മുകളിലായിരുന്നു ഈ മോഡലിന്റെ വില തുടങ്ങിയിരുന്നത്. വിന്‍ഡ്സര്‍ ഇ.വി.ക്ക് 230 കിലോമീറ്ററാണ് ദൂരപരിധി. 3.5 രൂപയാണ് കിലോമീറ്ററിന് ബാറ്ററി വാടകയായി നിശ്ചയിച്ചിട്ടുള്ളത്. 9.9 ലക്ഷം രൂപയാണ് പദ്ധതിപ്രകാരം ഇതിന്റെ പ്രാരംഭവില.
ഉപയോഗത്തിനനുസരിച്ച് ബാറ്ററിക്ക് വാടകനല്കിയാല് മതിയെന്നത് ഉപഭോക്താക്കള്‍ക്കു നേട്ടമാണ്. ഇതിനുപുറമേ മൂന്നു വര്‍ഷത്തിനുശേഷം 60 ശതമാനം വിലയില്‍ വാഹനം തിരിച്ചെടുക്കാനുള്ള ഓപ്ഷനും കമ്പനി മുന്നോട്ടുവെക്കുന്നു. സെക്കന്‍ഡ് ഹാന്‍ഡ് വൈദ്യുതവാഹനങ്ങള്‍ക്ക് വില ലഭിക്കില്ലെന്ന ആശങ്ക പരിഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബാറ്ററിയുടെ ഉയര്‍ന്നവിലയാണ് വൈദ്യുതവാഹനങ്ങളില്നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്.
Content Highlights: MG Motor Revolutionizes electric car Pricing with Battery as a Service scheme
Published: 24 Sept 2024, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented