ഇന്ത്യയിലെ വിപണിയില്‍ കരുത്തന്മാരായ പല വാഹന നിര്‍മാതാക്കളുണ്ടെങ്കിലും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും വലിയ വെല്ലുവിളി സമ്മാനിക്കുന്നത് ജെഎസ്​ഡബ്ല്യു എംജി മോട്ടോഴ്‌സാണ്. എംജിയുടെ വാഹന നിരയില്‍ അഞ്ച് ഇലക്ട്രിക് മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും എല്ലാ വാഹന നിര്‍മാതാക്കളുടെയും പേടിസ്വപ്‌നം വിന്‍ഡ്‌സര്‍ ഇവി എന്ന വാഹനമാണ്. എംജി മോട്ടോഴ്‌സിന് സ്വപ്‌നസമാനമായ നേട്ടമാണ് ഈ വാഹനത്തിലൂടെ കൈവന്നിരിക്കുന്നത്.

To advertise here,

2024 സെപ്റ്റംബറിലാണ് എംജി മോട്ടോഴ്‌സ് വിന്‍ഡ്‌സര്‍ ഇവി എന്ന വാഹനം എത്തിച്ചത്. ഒരു വര്‍ഷം കൊണ്ട് കൃത്യമായി പറഞ്ഞാല്‍ 13 മാസത്തിനുള്ളില്‍ 50,000 വിന്‍ഡ്‌സര്‍ ഇവി നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചതിന്റെ ആഘോഷങ്ങളിലാണ് എംജി മോട്ടോഴ്‌സ്. കുറഞ്ഞ വില ഉയര്‍ന്ന സൗകര്യങ്ങള്‍ കൂടിയ റേഞ്ച് തുടങ്ങിയവ ഉറപ്പാക്കിയതിലൂടെ ഇന്ത്യയിലെ ടയര്‍-2, ടയര്‍-3 സീറ്റികളിലെ പ്രിയപ്പെട്ട വാഹനമായി മാറാന്‍ വിന്‍ഡ്‌സര്‍ ഇവിക്ക് സാധിച്ചിട്ടുണ്ടെന്നാണ് എംജി മോട്ടോഴ്‌സ് വിലയിരുത്തുന്നത്.

റെക്കോഡുകളുമായി പിറന്ന വാഹനമാണ് വിന്‍ഡ്‌സര്‍ ഇവി. വാഹനത്തിന്റെ ബുക്കിങ് തുറന്ന് 24 മണിക്കൂറില്‍ 15,176 ആളുകള്‍ ബുക്കുചെയ്ത ഇലക്ട്രിക് വാഹനമാണ് ഇത്. വിപണിയില്‍ എത്തി മൂന്നാം മാസം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച ഇലക്ട്രിക് വാഹനം എന്ന അംഗീകാരവും വിന്‍ഡ്‌സര്‍ ഇവിയെ തേടിയെത്തി. പ്രതിമാസം ശരാശരി 3600 യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് ലഭിക്കുന്നത്. ചില മാസങ്ങളില്‍ ഇത് 4000-ത്തിന് മുകളിലായിരുന്നു.

ഇന്ത്യയിലെ ആദ്യ ഇന്റലിജെന്റ് സിയുവി എന്ന വിശേഷണത്തോടെയാണ് ഈ വാഹനം എത്തിയത്. ഇതിനൊപ്പം ബാറ്ററിയില്ലാതെ തന്നെ ഈ വാഹനം വാങ്ങാമെന്നുള്ള സ്‌കീമും നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതിയില്‍ കേവലം 9.99 ലക്ഷം രൂപയ്ക്ക് ഈ വാഹനം സ്വന്തമാക്കാനാകും. ബാസ് പദ്ധതിയില്‍ വിന്‍ഡ്സര്‍ വാങ്ങുന്നവരില്‍ നിന്ന് ഒരു കിലോമീറ്ററിന് 3.9 രൂപ എന്ന നിലയില്‍ ബാറ്ററി വാടകയും ഈ സേവനം നല്‍കുന്ന കമ്പനി ഈടാക്കും.

ബാറ്ററി പാക്കിലെ മാറ്റം റേഞ്ചിലെ വ്യത്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിന്‍ഡ്സര്‍ ഇവി, വിന്‍ഡ്സര്‍ ഇവി പ്രോ എന്നീ രണ്ട് മോഡലുകള്‍ എത്തിയിരിക്കുന്നത്. 38 കിലോവാട്ട് ബാറ്ററി പാക്കില്‍ 332 കിലോമീറ്റര്‍ റേഞ്ചാണ് വിന്‍ഡ്സര്‍ ഇവി നല്‍കുന്നതെങ്കില്‍ 52.9 കിലോവാട്ട് ബാറ്ററി പാക്കില്‍ 449 കിലോമീറ്റര്‍ റേഞ്ചുമായാണ് വിന്‍ഡ്സര്‍ പ്രോ എത്തിയിരിക്കുന്നത്. എക്സൈറ്റ്, എക്സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വിന്‍ഡ്സര്‍ എത്തുന്നത്. എക്സ്‌ക്ലുസീവ് പ്രോ, എസന്‍സ് പ്രോ എന്നിവയാണ് വിന്‍ഡ്സര്‍ പ്രോയുടെ വേരിയന്റുകള്‍.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ എത്തുന്നുണ്ടെങ്കിലും ഒരേ ഇലക്ട്രിക് മോട്ടോര്‍ രണ്ട് മോഡലുകളിലും നല്‍കിയിട്ടുള്ളത്. 136 ബിഎച്ച്പി പവറും 200 എന്‍എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വിന്‍ഡ്‌സര്‍ ഇവിയുടെ ഹൈലൈറ്റാണ്. 45 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 55 മിനിറ്റില്‍ പൂജ്യത്തില്‍നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാം. 7.7 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ 100 ശതമാനം ബാറ്ററി നിറയും. 3.3 കിലോവാട്ട് ചാര്‍ജറിന്റെ സഹായത്തില്‍ 100 ശതമാനം ചാര്‍ജ് നിറയാന്‍ 14 മണിക്കൂറോളം സമയമെടുക്കും.