ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് എംജി മോട്ടോഴ്സ് വൂളിങ് സ്റ്റാര്‍ലൈറ്റ് 560-ന് ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് സ്വന്തമാക്കിയത്.

ഇന്ത്യയിലെ വാഹന വിപണിയിൽ വിപ്ലവം തീർക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. എംജി മോട്ടോഴ്‌സിന്റെ ന്യൂ എനർജി വെഹിക്കിൾ ടെക്‌നോളജി ജൂലായ് 16-ന് പ്രഖ്യാപിക്കും. എന്നാൽ, ഇത് എംജിയുടെ വാഹനനിരയിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള വാഹനം ആയിരിക്കുമെന്നും അല്ലെങ്കിൽ പുതിയൊരു ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ആയിരിക്കുമെന്നുമാണ് അഭ്യൂഹങ്ങൾ.
ചൈനീസ് വാഹന നിർമാതാക്കളായ വൂളിങ്ങിന്റെ സ്റ്റാർലൈറ്റ് 560 എന്ന പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ് എംജി മോട്ടോഴ്സിന്റെ മേൽവിലാസം സ്വീകരിച്ച് ഇന്ത്യൻ നിരത്തുകളിൽ എത്തുകയെന്നാണ് സൂചനകൾ. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് എംജി മോട്ടോഴ്സ് വൂളിങ് സ്റ്റാർലൈറ്റ് 560-ന് ഇന്ത്യയിൽ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കിയത്. 520 എന്ന കോഡ്നെയിമിലാണ് എംജി മോട്ടോഴ്സ് ഈ വാഹനത്തിന്റെ ഡിസൈൻ പകർപ്പവകാശം നേടിയിരിക്കുന്നത്.
ഇന്ത്യയിൽ എത്തുന്ന മോഡലിന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സ്റ്റാർലൈറ്റ് 560-യുടെ ഇന്തൊനേഷ്യൻ പതിപ്പായ വൂളിംഗ് എക്സിയോണുമായി പവർട്രെയിൻ പങ്കിട്ടായിരിക്കും ഈ വാഹനം എത്തുകയെന്നും സൂചനയുണ്ട്. ഇതിൽ 105 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 20.5 കിലോവാട്ട് ബാറ്ററി പാക്കിന്റെ ഹൈബ്രിഡ് സംവിധാനവുമാണ് നൽകിയിരിക്കുന്നത്. 195 എച്ച്പി പവറും 230 എൻഎം ടോർക്കുമാണ് ഇതിന്റെ കംബൈയ്ൻഡ് പവർ.
ഹൈബ്രിഡ് പതിപ്പ് 125 കിലോ മീറ്റർ ഇലക്ട്രിക് റേഞ്ചാണ് നൽകുന്നത്. 1000 കിലോ മീറ്ററാണ് മൊത്തം റേഞ്ച് ലഭിക്കുന്നത്. ഇലക്ട്രിക് കരുത്തിലും എക്സിയോൺ എത്തുന്നുണ്ട്. 69.2 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാർജിൽ 530 കിലോമീറ്റർ സഞ്ചരിക്കും. 201 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ നൽകിയിട്ടുള്ളത്. എക്സിയോണിന് സമാനമായി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ എംജി ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷ.
കാഴ്ചയിൽ സ്‌റ്റൈലിഷായ വാഹനമാണ് സ്റ്റാർലൈറ്റ് 560. ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും സ്ലീക്ക് ഡിസൈനിലുള്ള എൽഇഡി ഹെഡ്ലാമ്പും ഡിആർഎല്ലും ഫൈബർ ക്ലാഡിങ് അലങ്കരിക്കുന്ന ബമ്പറുമാണ് മുഖഭാവത്തിന് മാറ്റേകുന്നത്. 18 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വിദേശ പതിപ്പുകളിൽ നൽകിയിട്ടുള്ളത്. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലൈറ്റുകളും ബ്ലാക്ക് നിറത്തിലുള്ള ബമ്പറും സ്പോയിലറും നൽകി ലാളിത്യമുള്ള ഡിസൈനാണ് പിൻഭാഗത്തിനുള്ളത്.
ലാളിത്യമാണ് അകത്തളത്തിന്റെയും മുഖമുദ്ര. ഇരട്ടനിറങ്ങളാണ് അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. 12.8 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത്. ടു സ്പോക്ക് സ്റ്റിയറിങ് വീൽ, ലെതർ ആവരണമുള്ള സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് പാഡ്, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തളത്തിലും ഫീച്ചറുകൾ.
Content Highlights: MG Motor India to announce new energy vehicle technology on July 16., Speculation points to the Wuling Starlight 560 platform., Expected features include 1.5L hybrid engine and high-capacity battery packs., Potential 1000km total range for hybrid and 530km for electric variants., Modern interior with 12.8-inch infotainment and premium tech features.
Published: 14 Jul 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented