ഇന്ത്യയിലെ പ്രീമിയം എംപിവി സെഗ്മെന്റില്‍ ഇതിനോടകം നിരവധി വാഹനങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു ഇലക്ട്രിക് മോഡല്‍ ഇപ്പോഴുമില്ല. ഈ വിടവ് നികത്താനുള്ള ഒരുക്കത്തിലാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്. വിദേശ നിരത്തുകളില്‍ മിഫ 9 എന്ന പേരില്‍ എത്തിച്ച് ഹിറ്റാക്കിയ ഇലക്ട്രിക് എംപിവിയാണ് എം9 ആയി ഇന്ത്യന്‍ നിരത്തുകളില്‍ വരവിനൊരുങ്ങുന്നത്. അവതരണത്തിന്റെ സമയം കുറിച്ചില്ലെങ്കിലും ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് നിര്‍മാതാക്കള്‍.
വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി എം9 എംപിവിയുടെ ബുക്കിങ് തുറന്നിരിക്കുകയാണ് എംജി മോട്ടോഴ്‌സ്. 51,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് നിര്‍മാതാക്കള്‍ ഈ അത്യാഡംബര എംപിവിയുടെ ബുക്കിങ് സ്വീകരിക്കുന്നത്. എം9-ന്റെ വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഏകദേശം 65 ലക്ഷം രൂപയിലായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് കണക്കാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അവതരണത്തിന് ഒരുങ്ങിയ വാഹനമാണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഇത് നീട്ടിവെക്കുകയായിരുന്നു.
എംജിയുടെ പ്രീമിയം വാഹന ഡീലര്‍ഷിപ്പായ സെലക്ടിലൂടെ വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരിക്കും സ്വീകരിക്കുന്നത്. ടൊയോട്ട വെല്‍ഫയര്‍, കിയ കാര്‍ണിവല്‍ എന്നീ വാഹനങ്ങളോടാണ് മത്സരിക്കുന്നതെങ്കിലും എം9 എംപിവി ഈ രണ്ട് മോഡലിനെക്കാളും വലിയ വാഹനമാണെന്നതാണ് ശ്രദ്ധേയം. 5200 എംഎം നീളത്തിലും 2000 എംഎം വീതിയിലും 1800 എംഎം ഉയരത്തിലും 3200 എംഎം വീല്‍ബേസിലുമാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്.
എംപിവി ശ്രേണിയില്‍ എത്തുന്ന ഈ വാഹനം സ്ലാബ്-സൈഡഡ് ബോക്‌സി പ്രൊഫൈലിലാണ് ഒരുങ്ങിയിരിക്കുന്നത്. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് എന്നിവയ്‌ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്‌പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന ഘടകങ്ങള്‍.
ഇന്ത്യയിലെ മറ്റ് അത്യാഡംബര എംപിവികള്‍ പോലെ ഏഴ്,എട്ട് സീറ്റര്‍ ലേഔട്ടിലാണ് എം9 എംപിവിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് മറ്റ് മോഡലുകളില്‍ എം9-നെ വ്യത്യസ്തമാക്കുന്നത്. ഡ്രൈവര്‍ ക്യാബിനിലും പാസഞ്ചര്‍ ക്യാബിനിലുമായി രണ്ട് സണ്‍റൂഫുകളാണ് നല്‍കിയിരിക്കുന്നത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങുകള്‍, വെന്റിലേഷന്‍-ഹീറ്റിങ്, ഓട്ടോമാന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പവേര്‍ഡ് സീറ്റുകള്‍, റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇതില്‍ നല്‍കുന്നത്.
മിഫ 9 എം.പി.വിയെ അടിസ്ഥാനമാക്കിയാണ് എം9 ഒരുങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാങ്കേതിക ഫീച്ചറുകളും ഈ വാഹനവുമായി പങ്കിട്ടായിരിക്കും എ9-ന്റെ വരവ്. മുന്നിലെ ആക്‌സിലില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കിയെത്തുന്ന എം9-ന് 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
Content Highlights: MG Motor all-electric M9 MPV is coming to India- Bookings open with rupees 51,000 advance
Published: 09 May 2025, 10:35 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented