എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിക്കുന്ന ഇലക്ട്രിക് എംപിവി മോഡല്‍ അവതരണത്തിന് സമയം കുറിച്ചു. ഇതിനോടകം തന്നെ ഇന്ത്യയില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ഈ വാഹനം ജൂലായ് 21-ന് വിപണിയില്‍ ഇറക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ബുക്കിങ് ആരംഭിച്ച ഈ വാഹനത്തിന്റെ വില അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. 70 ലക്ഷം രൂപയോളമായിരിക്കും  ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തലുകള്‍. 

To advertise here,

ഇലക്ട്രിക് കരുത്തിലാണ് എത്തുന്നതെങ്കിലും ഇന്ത്യന്‍ നിരത്തുകളില്‍ എം9 എംപിവിയുടെ പ്രധാന എതിരാളികള്‍ ടൊയോട്ട വെല്‍ഫയര്‍, കിയ കാര്‍ണിവല്‍ എന്നീ മോഡലുകളാണ്. 5200 എംഎം നീളത്തിലും 2000 എംഎം വീതിയിലും 1800 എംഎം ഉയരത്തിനുമൊപ്പം 3200 എംഎം വീല്‍ബേസുമായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. എതിരാളികളായ വെല്‍ഫയറിനെക്കാളും കാര്‍ണിവലിനെക്കാളും വലിപ്പത്തില്‍ മുന്നിലാണ് ഈ എംപിവിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം ഉയര്‍ന്ന റേഞ്ചും എം9 ഓഫര്‍ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കല്‍ മാഗ്‌നീസ് കൊബാള്‍ട്ട് (എന്‍എംസി) ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 245 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ വാഹനം 160 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 

ആഡംബര ഫീച്ചറുകളാണ് അകത്തളത്തിന് മിഴിവേകുന്നതെങ്കില്‍ ഡിസൈനിലെ ലാളിത്യമാണ് എം9 എംപിവിയുടെ പ്രത്യേകത. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് എന്നിവയ്‌ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്‌പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കരിക്കുന്ന ഘടകങ്ങള്‍.

ഇന്ത്യയിലെ മറ്റ് അത്യാഡംബര എംപിവികള്‍ പോലെ ഏഴ്,എട്ട് സീറ്റര്‍ ലേഔട്ടിലാണ് എം9 എംപിവിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് മറ്റ് മോഡലുകളില്‍ എം9-നെ വ്യത്യസ്തമാക്കുന്നത്. ഡ്രൈവര്‍ ക്യാബിനിലും പാസഞ്ചര്‍ ക്യാബിനിലുമായി രണ്ട് സണ്‍റൂഫുകളാണ് നല്‍കിയിരിക്കുന്നത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങുകള്‍, വെന്റിലേഷന്‍-ഹീറ്റിങ്, ഓട്ടോമാന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പവേര്‍ഡ് സീറ്റുകള്‍, റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇതില്‍ നല്‍കുന്നത്.