ഇന്ത്യയിലെ പ്രീമിയം എംപിവി ശ്രേണിയില്‍ ഇനി ത്രികോണ മത്സരമാണ്. ടൊയോട്ട വെല്‍ഫയറും കിയ കാര്‍ണിവലും മുഖാമുഖം ഏറ്റുമുട്ടിയിരുന്ന ഗോദയിലേക്കാണ് എംജി മോട്ടോഴ്‌സ് എം9 എന്ന എംപിവിയുമായി എത്തുന്നത്. ഇലക്ട്രിക് കരുത്തില്‍ എത്തിയിട്ടുള്ള ഈ പ്രീമിയം എംപിവിയുടെ വിലയും എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫുള്‍ ലോഡഡ് ആയി ഒറ്റ വേരിയന്റില്‍ മാത്രം എത്തിയിട്ടുള്ള ഈ വാഹനത്തിന് 69.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് ആഡംബര എംപിവി എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള എം9, പ്രീമിയം വാഹനങ്ങളുടെ വില്‍പ്പനയ്ക്കായി എംജി മോട്ടോഴ്‌സ് ആരംഭിച്ചിട്ടുള്ള എംജി സെലക്ട് എന്ന ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും വില്‍പ്പനയ്ക്ക് എത്തുന്നത്. 69.90 ലക്ഷം രൂപയാണ് എം9 എംപിവിയുടെ വിലയെങ്കില്‍ പ്രധാന എതിരാളിയായ ടൊയോട്ട വെല്‍ഫയറിന് 1.22 കോടി രൂപയും കാര്‍ണിവല്‍ എംപിവിക്ക് 63.91 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം ഉയര്‍ന്ന റേഞ്ചും എം9 ഓഫര്‍ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കല്‍ മാഗ്നീസ് കൊബാള്‍ട്ട് (എന്‍എംസി) ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 245 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ വാഹനം 160 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ മറ്റ് അത്യാഡംബര എംപിവികള്‍ പോലെ ഏഴ്,എട്ട് സീറ്റര്‍ ലേഔട്ടിലാണ് എം9 എംപിവിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് മറ്റ് മോഡലുകളില്‍ എം9-നെ വ്യത്യസ്തമാക്കുന്നത്. ഡ്രൈവര്‍ ക്യാബിനിലും പാസഞ്ചര്‍ ക്യാബിനിലുമായി രണ്ട് സണ്‍റൂഫുകളാണ് നല്‍കിയിരിക്കുന്നത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങുകള്‍, വെന്റിലേഷന്‍-ഹീറ്റിങ്, ഓട്ടോമാന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പവേര്‍ഡ് സീറ്റുകള്‍, റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇതില്‍ നല്‍കുന്നത്.
ആഡംബര ഫീച്ചറുകളാണ് അകത്തളത്തിന് മിഴിവേകുന്നതെങ്കില്‍ ഡിസൈനിലെ ലാളിത്യമാണ് എം9 എംപിവിയുടെ പ്രത്യേകത. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കരിക്കുന്ന ഘടകങ്ങള്‍.
5200 എംഎം നീളത്തിലും 2000 എംഎം വീതിയിലും 1800 എംഎം ഉയരത്തിനുമൊപ്പം 3200 എംഎം വീല്‍ബേസുമായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. എതിരാളികളായ വെല്‍ഫയറിനെക്കാളും കാര്‍ണിവലിനെക്കാളും വലിപ്പത്തില്‍ മുന്നിലാണ് ഈ എംപിവിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
Content Highlights: MG M9 electric MPV launched in India at ₹69.90 Lakh. Offers luxury features, spacious interiors
Published: 22 Jul 2025, 05:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented