എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനവും ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പുമായ ഹെക്ടര്‍ തിങ്കാളാഴ്ച അവതരിപ്പിക്കും. വാഹനത്തെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില നാളെയായിരിക്കും പ്രഖ്യാപിക്കുക. റെഗുലര്‍ ഹെക്ടറിനെക്കാള്‍ ഒരു ലക്ഷം രൂപ അധികമായിരിക്കും ഹെക്ടര്‍ പ്ലസിനെന്നാണ് സൂചന. 

To advertise here,

ആറ് സീറ്റര്‍ വേരിയന്റാണ് ഹെക്ടര്‍ പ്ലസായി ആദ്യമെത്തുന്നത്. ഏഴ് സീറ്റര്‍ വൈകാതെയെത്തുമെന്നാണ് സൂചന. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. സ്റ്റാറി സ്‌കൈ ബ്ലൂ, കാന്‍ഡ് വൈറ്റ്, ബറുഗണ്ട് റെഡ്, ഗ്ലേസ് റെഡ്, അറോറോ സില്‍വര്‍, സ്റ്റാറി ബ്ലാക്ക് എന്നീ ആറ് നിറങ്ങളിലാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. 

അതേസമയം, വെറും റീ ബാഡ്ജിങ്ങ് മോഡല്‍ മാത്രമല്ല ഹെക്ടര്‍ പ്ലസ്. മുഖഭാവത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയാണ് ഈ വാഹനത്തിന്റെ എന്‍ട്രി. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്. 

ഹെക്ടര്‍ പ്ലസിന്റെ ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയം ടച്ച് ഉള്ളതാണ്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലേക്ക് പറിച്ചുനടുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

Content Highlights: MG Hector Plus India Launch Scheduled On July 13