ന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ജെഎസഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് മറ്റൊരു എസ്‌യുവി കൂടി എത്തുന്നു. എംജി അടുത്തിടെ അവതരിപ്പിച്ച അഡാപ്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ആദ്യ എസ്‌യുവിക്ക് ഹെക്ടർ ഹോക്ക് എന്നാണ് നിർമാതാക്കൾ പേര് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ വാഹനം ഹൈബ്രിഡ് സംവിധാനത്തിലുള്ളതായിരിക്കുമെന്നാണ് സൂചന.

To advertise here,

ചൈനീസ് വാഹന നിർമാതാക്കളായ വൂളിങ്ങിന്റെ സ്റ്റാർലൈറ്റ് 560 എന്ന പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഹെക്ടർ ഹോക്ക് ഒരുങ്ങുകയെന്നാണ് വിവരം. മിഡ് സൈസ് എസ്യുവി ശ്രേണിയിൽ ഒരുങ്ങുന്ന ഈ വാഹനത്തിന് 4745 എംഎം നീളവും 1850 എംഎം വീതിയും 1755 എംഎം ഉയരത്തിനുമൊപ്പം 2810 എംഎമ്മിന്റെ വീൽബേസും നൽകുന്നുണ്ട്. 2026-ന്റെ തുടക്കത്തിൽ സ്റ്റാർലൈറ്റ് 560-ന്റെ ഡിസൈൻ പേറ്റന്റ് എംജി മോട്ടോഴ്‌സ് നേടിയിരുന്നു.

പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിൽ ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെക്ടർ ഹോക്ക് ഹൈബ്രിഡ് പതിപ്പിൽ 1.5 ലിറ്റർ പെട്രോൾ എൻജിനും 20.5 കിലോവാട്ട് ബാറ്ററി പാക്കുമായിരിക്കും നൽകുക. 195 എച്ച്പി പവറും 230 എൻഎം ടോർക്കുമാണ് കംമ്പെയ്ൻഡ് പവർ. ഇലക്ട്രിക് പതിപ്പിൽ 69.2 കിലോവാട്ട് ബാറ്ററിയും 201 എച്ച്പി പവറും 310 എൻഎം ടോർക്കുമേകുന്ന മോട്ടോറും നൽകും.

ഹൈബ്രിഡ് പതിപ്പ് 125 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചാണ് നൽകുന്നത്. 1000 കിലോമീറ്ററാണ് മൊത്തം റേഞ്ച് ലഭിക്കുന്നത്. ഇലക്ട്രിക് കരുത്തിലെത്തുന്ന ഹെക്ടർ ഹോക്ക് ഒറ്റത്തവണ ചാർജിൽ 530 കിലോമീറ്റർ സഞ്ചരിക്കും.

ഡിസൈനുകളിലും സ്റ്റാർലൈറ്റ് 560-ൽ നിന്നുള്ള കടമെടുക്കലുകൾ പ്രതീക്ഷിക്കാം. ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും സ്ലീക്ക് ഡിസൈനിലുള്ള എൽഇഡി ഹെഡ്ലാമ്പും ഡിആർഎല്ലും ഫൈബർ ക്ലാഡിങ് അലങ്കരിക്കുന്ന ബമ്പറുമാണ് സ്റ്റാർലൈറ്റ് 560-ലുള്ളത്. 18 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വിദേശ പതിപ്പുകളിൽ നൽകിയിട്ടുള്ളത്. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലൈറ്റുകളും ബ്ലാക്ക് നിറത്തിലുള്ള ബമ്പറും സ്പോയിലറും നൽകി ലാളിത്യമുള്ള ഡിസൈനാണ് പിൻഭാഗത്തിനുള്ളത്.

ലാളിത്യമാണ് അകത്തളത്തിന്റെയും മുഖമുദ്ര. ഇരട്ട നിറങ്ങളാണ് അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. 12.8 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത്. ടു സ്പോക്ക് സ്റ്റിയറിങ് വീൽ, ലെതർ ആവരണമുള്ള സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് പാഡ്, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തളത്തിലും ഫീച്ചറുകൾ.