മുംബൈ: രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന കാറായി മാരുതി സുസുക്കിയുടെ വാഗൺ ആർ. ഇടക്കാലത്ത് ടാറ്റയുടെ പഞ്ച് വാഗൺ ആറിനെ പിന്തള്ളിയെങ്കിലും 2024-25 സാമ്പത്തികവർഷം വാഗൺ ആർ മുന്നിലെത്തി.

To advertise here,

1.98 ലക്ഷം വാഗൺ ആർ കാറുകളാണ് കഴിഞ്ഞ സാമ്പത്തികവർഷം നിരത്തിലെത്തിയത്. 1.96 ലക്ഷം ടാറ്റ പഞ്ചും നിരത്തിലെത്തി. എസ്‌യുവികൾ വിപണി വാഴുന്ന കാലത്താണ് വാഗൺ ആറിന്റെ ഈ നേട്ടം.

ഹ്യൂണ്ടായിയുടെ ക്രെറ്റ 1.94 ലക്ഷവുമായി മൂന്നാമതാണ്. 1.90 വിൽപ്പനയുമായി മാരുതിയുടെ എർട്ടിഗ നാലാമതും 1.89 ലക്ഷം വിൽപ്പനയുമായി മാരുതി ബ്രെസ അഞ്ചാമതും വരുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണ് ആറാമത് 1.79 ലക്ഷം.

വിൽപ്പനയിൽ മുന്നിലുള്ള ആദ്യ അഞ്ചുകാറുകളിൽ വാഗൺ ആർ മാത്രമാണ് ചെറുകാറായുള്ളത്. ബാക്കിയെല്ലാം യൂട്ടിലിറ്റി വിഭാഗത്തിലുള്ളവയാണ്. ചെറു ഹാച്ച്ബാക്ക് കാറുകൾക്ക് ഇപ്പോഴും വിപണിയിൽ വലിയ സാധ്യതകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാഗൺ ആറിന്റെ പ്രകടനമെന്ന് മാരുതി സുസുക്കി മാർക്കറ്റിങ് വിഭാഗം സീനിയർ എക്സിക്യുട്ടീവ് ഓഫീസർ പാർഥോ ബാനർജി പറയുന്നു.

മൊത്തം കാർ വിൽപ്പനയിൽ എസ്‌യുവിയുടെ വിഹിതം ഏതാനും വർഷങ്ങളായി ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഏറ്റവുമധികം വിൽപ്പന നടന്നതും ഈ വിഭാഗത്തിലുള്ള കാറുകളാണ്. ആകെ 43 ലക്ഷം കാറുകൾ വിറ്റഴിഞ്ഞതിൽ 54 ശതമാനവും എസ്‌യുവികളാണ്.