ഡീസല്‍ എന്‍ജിനില്‍ മാത്രമെത്തി നിരത്ത് കീഴടക്കിയിരുന്ന മാരുതിയുടെ വാഹനങ്ങള്‍ പെട്രോള്‍ എന്‍ജിനിലേക്ക് ചുവടുവയ്ക്കുകയാണ്. പെട്രോള്‍ എന്‍ജിന്‍ ബ്രെസയ്ക്ക് പിന്നാലെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിനും ഇനി പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. കൊറോണ ലോക്ക് ഡൗണ്‍ നീങ്ങിയാലുടന്‍ ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ. 

To advertise here,

എസ്-ക്രോസ് പെട്രോള്‍ മോഡലിനായി ഒരുങ്ങാം എന്ന തലക്കെട്ടോടെ നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ നല്‍കിയാണ് പെട്രോള്‍ എസ്-ക്രോസിന്റെ വരവറിയിച്ചിരിക്കുന്നത്. ബിഎസ്-6 എന്‍ജിന്റെ വരവോടെ എസ്-ക്രോസ് ഡീസല്‍ നിരത്തൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് പെട്രോള്‍ എന്‍ജിന്‍ എസ്-ക്രോസിന്റെ വരവ്.

മാരുതിയുടെ സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍-6, ബ്രെസ എന്നീ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്-ക്രോസിലും നല്‍കുന്നത്. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. ഇന്ധന ക്ഷമത ഉറപ്പാക്കാന്‍ സുസുക്കി ഡ്യുവല്‍ ബാറ്ററി സിസ്റ്റം- മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ നല്‍കും.

ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതിന് പുറമെ, കൂടുതല്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ഇന്റീരിയറില്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയപ്പോള്‍, എക്‌സ്റ്റീരിയറില്‍ പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവയും നല്‍കിയിട്ടുണ്ട്. 

2017-ലാണ് എസ്-ക്രോസിന്റെ മുഖം മിനിക്കിയ പതിപ്പ് അവതരിപ്പിച്ചത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഇന്റിക്കേറ്ററുകളുള്ള റിയര്‍വ്യൂ മിറര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, എന്നിവ എക്സ്റ്റീരിയറിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍ എന്നിവ ഈ വരവിലാണ് എസ്-ക്രോസില്‍ സ്ഥാനം പിടിച്ചത്.

Content Highlights: Maruti Suzuki S-Cross Petrol Model Launch Soon