ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2024. സ്വിഫ്റ്റ്, ഡിസയര്‍ എന്നീ മോഡലുകളുടെ പുതിയ പതിപ്പുകള്‍ മാത്രമാണ് ഈ വര്‍ഷം എത്തിയതെങ്കിലും ഉത്പാദനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് മാരുതി സുസുക്കിക്ക് 2024 സമ്മാനിച്ചിരിക്കുന്നത്. 20 ലക്ഷം യൂണിറ്റിന്റെ നിര്‍മാണമാണ് മാരുതി സുസുക്കിയുടെ രണ്ട് പ്ലാന്റുകളിലുമായി ഈ വര്‍ഷം പൂര്‍ത്തിയാക്കിയത്. 

To advertise here,

ചരിത്രത്തില്‍ ആദ്യമായാണ് ഒരു കലണ്ടര്‍ ഇയറില്‍ ഇത്രയും ഉയര്‍ന്ന നിര്‍മാണം ഉണ്ടായിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. മറ്റൊരു വാഹന നിര്‍മാതാക്കള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണിതെന്നുമാണ് റിപ്പോര്‍ട്ട്. സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഗ്ലോബല്‍ ഓട്ടോമൊബൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ പോലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനവും മാരുതി സുസുക്കിയാണെന്നാണ് വിലയിരുത്തലുകള്‍. 

മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ നിന്നാണ് 20 ലക്ഷം എന്ന മാജിക് നമ്പറിലെത്തിയ വാഹനം പുറത്തിറങ്ങിയത്. എര്‍ട്ടിഗയാണ് ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വാഹനം. 2024-ലെ 20 ലക്ഷം യൂണിറ്റ് നിര്‍മാണത്തില്‍ 60 ശതമാനവും ഹരിയാനയിലെ മനേസറിലെ പ്ലാന്റിലായിരുന്നു. 40 ശതമാനമാണ് കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിച്ചതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. 

2024-ല്‍ മാരുതിയുടെ രണ്ട് പ്ലാന്റുകളിലുമായി ഏറ്റവുമധികം നിര്‍മിച്ച അഞ്ച് മോഡലുകള്‍ ബലേനൊ, ഫ്രോങ്‌സ്, എര്‍ട്ടിഗ, വാഗണ്‍ആര്‍, ബ്രെസ എന്നിവയാണ്. നിലവില്‍ മാരുതി സുസുക്കിക്ക് ഇന്ത്യയില്‍ മൂന്ന് നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഇതില്‍ പ്രതിവര്‍ഷം 2.35 മില്ല്യണ്‍ യൂണിറ്റിന്റെ നിര്‍മാണ ശേഷിയുമുണ്ട്. എന്നാല്‍, നിര്‍മാണ ശേഷി 40 ലക്ഷത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് നിര്‍മാതാക്കള്‍. 

വാഹനങ്ങളുടെ ഉയര്‍ന്ന ആവശ്യകത പരിഗണിച്ചാണ് മൂന്നാമത്തെ പ്ലാന്റ് തുറന്നിരിക്കുന്നത്. ഹരിയാനയിലെ ഖാര്‍ഖോഡയിലാണ് പുതിയ പ്ലാന്റ് തുറന്നിരിക്കുന്നത്. 2025-ഓടെ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് മാരുതി സുസുക്കിയുടെ മനേസര്‍ ഫാക്ടറിയില്‍ മൊത്തം ഉത്പാദനം ഒരു കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്.